News
വിശുദ്ധ പാദ്രെ പിയോയുടെ അപൂർവ ചിത്രങ്ങൾ പുറത്തുവിടാൻ പാദ്രെ പിയോ ഫൗണ്ടേഷൻ
പ്രവാചകശബ്ദം 12-04-2024 - Friday
റോം: പാദ്രെ പിയോ ഫൗണ്ടേഷൻ പ്രസ്ഥാനം ആരംഭിച്ചതിന്റെ പത്താം വാർഷികത്തോടനുബന്ധിച്ച് വിശുദ്ധ പാദ്രെ പിയോയുടെ അപൂർവ ചിത്രങ്ങൾ പുറത്തുവിടും. പാദ്രെ പിയോ വിശുദ്ധ കുർബാന അർപ്പിക്കുന്ന ചിത്രങ്ങളും പുഞ്ചിരിക്കുന്ന ചിത്രങ്ങളും ഇതിൽ ഉൾപ്പെടുന്നുണ്ട്. വിശുദ്ധൻ ചിരിക്കുന്നതായിട്ട് വളരെ വിരളമായി മാത്രമേ ആളുകൾ കണ്ടിട്ടുണ്ടായിരുന്നുളളു. ഫോട്ടോഗ്രാഫറായ എലിയ സലേറ്റോയുടെ സ്റ്റുഡിയോയിൽ സന്ദർശനം നടത്തുന്ന വേളയിലാണ് ഫൗണ്ടേഷന്റെ സ്ഥാപകനായ ലൂസിയാന ലമോനാർക്ക ഈ ചിത്രങ്ങൾ കണ്ടെത്തുന്നത്.
കഴിഞ്ഞ ദിവസം ഇറ്റേണൽ വേൾഡ് ടെലിവിഷൻ നെറ്റ്വർക്കിന്റെ അവതാരകൻ കോം ഫ്ലിൻ ലമോനാർക്കയുമായി ഒരു അഭിമുഖം നടത്തിയിരുന്നു. ഒപ്പേറ ഗായകനായ ലമോനാർക്ക പാദ്രെ പിയോയെ പറ്റി ഒരുപാട് കേട്ടിട്ടുണ്ടായിരുന്നുവെങ്കിലും, ലമോനാർക്കയ്ക്കും, ഭാര്യക്കും ഉണ്ടായ കുഞ്ഞ് ജനനത്തോടുകൂടി മരണപ്പെട്ടതോടുകൂടിയാണ് വിശുദ്ധന്റെ മാധ്യസ്ഥം തേടാൻ ആരംഭിക്കുന്നത്. ഇറ്റലിയിൽ വളർന്ന ലമോനാർക്ക ഇറ്റലിക്കാരനായ വിശുദ്ധന്റെ എളിമയെ പറ്റിയും ലാളിത്യത്തെ പറ്റിയും കൂടുതൽ വായിച്ചു മനസ്സിലാക്കി.
പാദ്രെ പിയോയോട് തോന്നിയ അടുപ്പമാണ് വിശുദ്ധന്റെ സന്ദേശം ഏറ്റവും കൂടുതൽ ആളുകളിൽ പ്രത്യേകിച്ച് അമേരിക്കയിൽ ഉള്ളവരിൽ എത്തിക്കുന്നതിന് വേണ്ടി ഒരു ഫൗണ്ടേഷൻ സ്ഥാപിക്കുന്നതിലേക്ക് അദ്ദേഹത്തെ നയിച്ചത്. ഫൗണ്ടേഷൻ സ്ഥാപിച്ചതിനു ശേഷം ജനിച്ച മകൻ സെബാസ്റ്റ്യനോടും, ഭാര്യയോടും ഒപ്പം അമേരിക്കയിലാണ് ഇപ്പോൾ ലമോനാർക്ക ജീവിക്കുന്നത്. ഫൗണ്ടേഷന്റെ പത്താം വാർഷികത്തോട് അനുബന്ധിച്ച് പാദ്രെ പിയോയുടെ ജീവിതത്തെ ആസ്പദമാക്കി ഒരു ഡോക്യുമെൻററി ഡ്രാമയും നിർമ്മിച്ചിട്ടുണ്ട്. ഇത് ഈ വർഷം ഇറ്റേണൽ വേൾഡ് ടെലിവിഷൻ നെറ്റ്വര്‍ക്ക് ചാനലിലൂടെ ആളുകളിലേക്ക് എത്തിക്കുവാനാണ് തീരുമാനം.