News

കര്‍ദ്ദിനാള്‍ പദവി ലഭിച്ചവരില്‍ വിശുദ്ധ പാദ്രെ പിയോയെ കാണാന്‍ ഭാഗ്യം ലഭിച്ചിട്ടുള്ള 96 വയസ്സുള്ള വൈദികനും

പ്രവാചകശബ്ദം 02-08-2023 - Wednesday

ബ്യൂണസ് അയേഴ്സ്: അര്‍ജന്റീനയിലെ ബ്യൂണസ് അയേഴ്സിലെ അറിയപ്പെടുന്ന ഫ്രാന്‍സിസ്കന്‍ വൈദികന്‍ ഫാ. ലൂയിസ് പാസ്കുവല്‍ ഡ്രിക്കു 96-ാമത്തെ വയസ്സില്‍ കര്‍ദ്ദിനാള്‍ പദവി. സെപ്റ്റംബര്‍ 30-നാണ് അദ്ദേഹം കര്‍ദ്ദിനാളായി ഉയര്‍ത്തപ്പെടുക. വിശുദ്ധ പാദ്രെ പിയോയെ നേരിട്ടു കാണുവാന്‍ ഭാഗ്യം സിദ്ധിച്ചിട്ടുള്ള ഈ വൈദികന്‍, ഇ.ഡബ്ല്യു.ടി.എന്നിന് കഴിഞ്ഞ ദിവസം നല്‍കിയ അഭിമുഖത്തില്‍ കരുണയുടെ പ്രാധാന്യത്തേക്കുറിച്ചും, ഫ്രാന്‍സിസ് പാപ്പയുമായുള്ള തന്റെ അടുപ്പത്തേക്കുറിച്ചും, പിയട്രെല്‍സിനായിലെ വിശുദ്ധ പാദ്രെ പിയോയെ കണ്ട നിമിഷത്തേക്കുറിച്ചും വിവരിച്ചു. ഇക്കഴിഞ്ഞ ജൂലൈ 9-ന് രാവിലെ 6 മണിക്ക് കുമ്പസാരം കേള്‍ക്കുവാന്‍ തയ്യാറെടുത്തുകൊണ്ടിരിക്കുമ്പോഴാണ് ഫ്രാന്‍സിസ്കന്‍ സമൂഹാംഗമായ ബ്രദര്‍, അദ്ദേഹത്തോട് കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തിയ വിവരം അറിയിക്കുന്നത്.

“ഞാന്‍ ചിരിച്ചു. അതൊരു തമാശയായിരിക്കുമെന്നാണ് ഞാന്‍ കരുതിയത്. ഞങ്ങള്‍ ഫ്രിയാര്‍മാര്‍ പലപ്പോഴും ഇത്തരം തമാശകള്‍ ഉണ്ടാക്കാറുണ്ട്”- ഫാ. ലൂയിസ് ഓര്‍ത്തെടുത്തു. ഫ്രാന്‍സിസ് പാപ്പ കര്‍ദ്ദിനാളായി നിര്‍ദ്ദേശിക്കപ്പെട്ടവരുടെ പേരുകള്‍ വായിക്കുന്നത് വത്തിക്കാന്‍ ചാനലിലൂടെ കണ്ടു. അവസാനം ഫാ. ലൂയിസ് പാസ്കുവല്‍ ഡ്രിയെന്ന് പാപ്പ പറഞ്ഞപ്പോള്‍ ഞാന്‍ കരഞ്ഞുപോയി”. നിരവധി പേര്‍ തന്നെ വിളിച്ച് അഭിനന്ദിച്ചുവെന്നും, അവരോട് എന്ത് പറയണമെന്ന് തനിക്കറിയില്ലായിരുന്നുവെന്നും, കാരണം പാപ്പ ഇത്തരമൊരു തീരുമാനമെടുക്കുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1927-ല്‍ ഫെഡെറാസിയോണില്‍ ജനിച്ച ലൂയിസ്, 1952-ല്‍ തിരുപ്പട്ടം സ്വീകരിച്ച ഉടന്‍തന്നെ കുമ്പസാരകനായി സേവനം ചെയ്തു തുടങ്ങി. വര്‍ഷങ്ങളോളം നുയസ്ട്ര സെനോര ഡെല്‍ റൊസാരിയോ ഡെ നുയേവ പോംപേയ ദേവാലയത്തിലും, ഇടവകയിലും അദ്ദേഹം കുമ്പസാരകനായി സേവനം ചെയ്തിട്ടുണ്ട്. “ബ്യൂണസ് അയേഴ്സില്‍ ജോര്‍ജ്ജ് ബെര്‍ഗോളിയോ (ഫ്രാന്‍സിസ് പാപ്പ) മെത്രാപ്പോലീത്തയായിരുന്ന സമയത്ത് ഞാന്‍ അദ്ദേഹവുമായി കൂടിക്കാഴ്ചകള്‍ നടത്താറുണ്ടായിരുന്നു. ഞാന്‍ എന്റെ പ്രശ്നങ്ങളും, ബുദ്ധിമുട്ടുകളും, സംശയങ്ങളും അദ്ദേഹത്തോട് പറയും. പ്രത്യേകിച്ച് കുമ്പസാരവേളയില്‍. പുഞ്ചിരിയോടെ രണ്ടു വാക്കുകള്‍ക്കുള്ളില്‍ അദ്ദേഹം അതിന് പരിഹാരം കാണും. അങ്ങനെയാണ് ഞങ്ങള്‍ അടുത്തത്. ഞങ്ങള്‍ക്കിടയില്‍ ഒരു സുഹൃദ്ബന്ധമുണ്ടായിരുന്നു. ഞാന്‍ ഒരു സഹോദരനോടെന്നപോലെയാണ് അദ്ദേഹവുമായി സംസാരിച്ചിരുന്നത്. 2013 വരെ അത് അങ്ങനെ തുടര്‍ന്നു”വെന്നും അദ്ദേഹം വിവരിച്ചു.

നോവീഷ്യേറ്റ് കാലത്ത് ഇറ്റലി സന്ദര്‍ശിക്കുന്നതിനിടെ ദൈവീക മനുഷ്യനായിരുന്ന വിശുദ്ധ പാദ്രെ പിയോയുമായി സാന്‍ ജിയോവന്നി റോട്ടണ്ടോയില്‍വെച്ച് നടന്ന കൂടിക്കാഴ്ചയേക്കുറിച്ചും അദ്ദേഹം വിവരിച്ചു. “സദാ വേദന അനുഭവിക്കുന്ന ഒരു മനുഷ്യനെ ഞാന്‍ കണ്ടു. ഞാന്‍ എപ്പോഴും അദ്ദേഹത്തെ കണ്ടിരുന്നത് ഒരു ദിവ്യമനുഷ്യനായിട്ടാണ്. ദൈവത്തിന്റെ സ്നേഹം നിറഞ്ഞ ഒരു മനുഷ്യന്‍, അതുകൊണ്ടാണ് അദ്ദേഹത്തിന് യേശുവിനെ പ്രതി സഹനങ്ങള്‍ അനുഭവിക്കേണ്ടി വന്നത്”. പാദ്രെ പിയോയേക്കുറിച്ച് ഫാ. ലൂയിസ് പറയുന്നു. വിശുദ്ധനില്‍ നിന്നുമാണ് താന്‍ കരുണയും, ക്ഷമയും പഠിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രാര്‍ത്ഥനയോടെ കര്‍ദ്ദിനാള്‍ പദവി സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് ഈ വൈദികന്‍.


Related Articles »