News - 2024

ഫ്രാൻസിസ് പാപ്പ ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലിയെ അഭിസംബോധന ചെയ്യുമെന്ന് സൂചന

പ്രവാചകശബ്ദം 26-04-2024 - Friday

വത്തിക്കാന്‍ സിറ്റി: സെപ്തംബറിൽ ഫ്രാൻസിസ് മാർപാപ്പ യുഎൻ ജനറൽ അസംബ്ലിയെ അഭിസംബോധന ചെയ്തു സംസാരിക്കുമെന്ന് സൂചന. ഐക്യരാഷ്ട്ര സഭയുടെ ജനറൽ സെക്രട്ടറി അൻ്റോണിയോ ഗുട്ടെറെസ് ഫ്രാന്‍സിസ് പാപ്പയെ യുഎന്നിലേക്ക് ക്ഷണിച്ചതായാണ് റിപ്പോര്‍ട്ട്. സെപ്തംബർ 22-23 തീയതികളില്‍ അന്താരാഷ്ട്ര ജനറൽ അസംബ്ലി ന്യൂയോര്‍ക്കില്‍വെച്ചു നടത്താന്‍ യുഎന്‍ തീരുമാനിച്ചിട്ടുണ്ട്. അതേസമയം വിവിധ ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ പാപ്പ ഐക്യരാഷ്ട്ര സഭയെ അഭിസംബോധന ചെയ്യുമോയെന്ന കാര്യത്തില്‍ വത്തിക്കാന്‍ സ്ഥിരീകരണം നല്‍കിയിട്ടില്ല.

സെപ്തംബർ 2 മുതൽ 13 വരെ ഫ്രാൻസിസ് മാർപാപ്പ ഇന്തോനേഷ്യ, പാപ്പുവ ന്യൂ ഗിനിയ, തിമോർ ലെസ്റ്റെ, സിംഗപ്പൂർ എന്നിവിടങ്ങളിൽ സന്ദര്‍ശനം നടത്തുമെന്ന് വത്തിക്കാന്‍ നേരത്തെ അറിയിച്ചിരിന്നു. ഇപ്പോള്‍ നേരിടുന്ന വിവിധങ്ങളായ വെല്ലുവിളികളെ പൂർണ്ണമായി നേരിടുന്നതിന് ഐക്യരാഷ്ട്രസഭയുടെയും ആഗോള ഭരണഘടനകളെയും ശക്തിപ്പെടുത്തുകയാണ് സെപ്തംബറില്‍ അമേരിക്കയില്‍ നടത്തുന്ന ഉച്ചകോടിയുടെ ലക്ഷ്യമെന്ന് യു.എൻ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

87 വയസ്സുള്ള ഫ്രാൻസിസ് മാർപാപ്പ കഴിഞ്ഞ നാല് വർഷത്തിനിടെ രണ്ട് ശസ്ത്രക്രിയകൾക്ക് വിധേയനായിരിന്നു. സ്ഥിരമായി വൈദ്യ പരിശോധനയിലാണ്. കഴിഞ്ഞ വര്‍ഷം ഐക്യരാഷ്ട്രസഭയുടെ അബുദാബിയില്‍ നടന്ന കാലാവസ്ഥാ വ്യതിയാന കോൺഫറൻസ് COP28 മീറ്റിംഗിൽ പങ്കെടുക്കുമെന്ന് പാപ്പ നേരത്തെ അറിയിച്ചിരിന്നെങ്കിലും ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്നു റദ്ദാക്കിയിരുന്നു.

More Archives >>

Page 1 of 957