News - 2024

അമേരിക്കയിലെ പ്രമുഖ രാഷ്ട്രീയ നിരീക്ഷക കാൻഡേസ് ഓവൻസ് കത്തോലിക്ക വിശ്വാസം സ്വീകരിച്ചു

പ്രവാചകശബ്ദം 25-04-2024 - Thursday

വാഷിംഗ്ടണ്‍ ഡി‌സി: അമേരിക്കയിലെ പ്രമുഖ രാഷ്ട്രീയ നിരീക്ഷകയും ടെലിവിഷന്‍ അവതാരകയുമായ കാൻഡേസ് ഓവൻസ് കത്തോലിക്ക വിശ്വാസം സ്വീകരിച്ചതായി വെളിപ്പെടുത്തല്‍. സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് കാൻഡേസ് പ്രഖ്യാപനം നടത്തിയത്. അടുത്തിടെ താൻ ഭവനത്തിലേക്ക് മടങ്ങിപ്പോകാൻ തീരുമാനിച്ചുവെന്നുള്ള കുറിപ്പോടുകൂടിയാണ് അവരുടെ പോസ്റ്റ് ആരംഭിക്കുന്നത്.



ഇതിന് പിന്നിൽ ഒരുപാട് കാരണങ്ങൾ ഉണ്ടായിരുന്നുവെന്നും അത് വെളിപ്പെടുത്താനാണ് പദ്ധതിയെന്നും ഓവൻസ് കുറിച്ചു. സത്യത്തിലേക്ക് തൻറെ ഹൃദയത്തെ നയിച്ച ദൈവത്തിന് നന്ദി അറിയിക്കുന്നതായും അവര്‍ രേഖപ്പെടുത്തി. "ഭയപ്പെടേണ്ട ഞാൻ നിന്നോട് കൂടെയുണ്ട്" എന്ന് തുടങ്ങുന്ന ഏശയ്യാ പ്രവാചകന്റെ പുസ്തകം നാല്‍പ്പത്തിയൊന്നാം അധ്യായം പത്താം വാക്യത്തോടൊപ്പം "എനിക്ക് ഭയമില്ല, ക്രിസ്തു രാജാവാണ്" എന്ന് പറഞ്ഞു കൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്.

പ്രശസ്തമായ ലണ്ടൻ ഒറേറ്ററിലെ ഫാ. ജൂലിയൻ ലാർജ് എന്ന വൈദികനോടൊപ്പം നിൽക്കുന്ന ചിത്രങ്ങളാണ് കുറിപ്പിനൊപ്പം കാൻഡേസ് ഓവൻസ് 'എക്സി'ല്‍ പങ്കുവെച്ചത്. ഏതാനും നാളുകൾക്ക് മുന്‍പ് കത്തോലിക്ക വിശ്വാസം സ്വീകരിച്ച ജോർജ് ഫാർമറാണ് ഓവൻസിന്റെ ഭർത്താവ്. ഇരുവർക്കും മൂന്ന് കുട്ടികളാണുള്ളത്. അതേസമയം ഓവൻസ് കത്തോലിക്ക വിശ്വാസം സ്വീകരിച്ച പ്രഖ്യാപനം വലിയ സന്തോഷത്തോടെയാണ് സാമൂഹ്യ മാധ്യമങ്ങളിൽ വിശ്വാസികൾ ഏറ്റെടുത്തിരിക്കുന്നത്.


Related Articles »