News - 2024

22,000 ഗർഭസ്ഥ ശിശുക്കളെ ഭ്രൂണഹത്യയിൽ നിന്നും രക്ഷിച്ചതിന്റെ ആത്മീയ ആനന്ദത്തില്‍ 'അഡ്വക്കേറ്റ്സ് ഫോർ ലൈഫ്'

പ്രവാചകശബ്ദം 30-04-2024 - Tuesday

ന്യൂയോര്‍ക്ക്: ഇരുപത്തിരണ്ടായിരത്തോളം ഗർഭസ്ഥ ശിശുക്കളെ ഭ്രൂണഹത്യയിൽ നിന്നും രക്ഷിച്ചതിന്റെ ആത്മീയ ആനന്ദത്തില്‍ സൈഡ് വാക്ക് അഡ്വക്കേറ്റ്സ് ഫോർ ലൈഫ് പ്രോലൈഫ് സംഘടന. ഭ്രൂണഹത്യ നടത്തിക്കൊടുക്കുന്ന പ്ലാൻഡ് പേരെന്റ്ഹുഡിൻറെ റിപ്പോർട്ട് പ്രകാരം 2021 ഒക്ടോബർ 1നും 2022 സെപ്റ്റംബർ 30നും ഇടയിൽ 392,715 ഭ്രൂണഹത്യകളാണ് സ്ത്രീകള്‍ നടത്തിയത്. മുൻവർഷവുമായി താരതമ്യം ചെയ്യുമ്പോൾ 5% വർദ്ധനമാണ് ഭ്രൂണഹത്യകളുടെ എണ്ണത്തിൽ ഉണ്ടായത്. ഗുറ്റ്മാച്ചർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ കണക്കുകൾ പ്രകാരം ഭ്രൂണഹത്യ ഗുളികകളുടെ ഉപയോഗത്തിലും വലിയ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. 2023ൽ 60 ശതമാനത്തിന് മുകളിൽ ഭ്രൂണഹത്യകളും ഇങ്ങനെയാണ് നടന്നത്.

ഈയൊരു സാഹചര്യത്തിലാണ് സൈഡ് വാക്ക് അഡ്വക്കേറ്റ്സ് ഫോർ ലൈഫ് സംഘടന തങ്ങളുടെ പ്രസക്തി മനസ്സിലാക്കുന്നത്. ഭ്രൂണഹത്യാ നിയന്ത്രണങ്ങൾ ഉള്ള സംസ്ഥാനങ്ങളിലും നിരവധി സ്ത്രീകളാണ് ഭ്രൂണഹത്യ ക്ലിനിക്കുകളെ സമീപിക്കുന്നതെന്ന് മനസിലാക്കിയ സംഘടന ശക്തമായ ഇടപ്പെടുകയായിരിന്നുവെന്ന് സംഘടനയുടെ അധ്യക്ഷ ലോറൻ മുസീക പറഞ്ഞു. ഇങ്ങനെയുള്ള സംസ്ഥാനങ്ങളിൽ തങ്ങൾ കാണുന്ന കാഴ്ച രാജ്യവും കാണണമെന്ന് ആഗ്രഹമുണ്ടെന്ന് അവർ വിശദീകരിച്ചു.

സംഘടനയിലെ അംഗങ്ങൾ ക്ലിനിക്കുകളുടെ മുന്നിൽ നിന്നുകൊണ്ട് അവിടെയെത്തുന്ന സ്ത്രീകളോട് ഭ്രൂണഹത്യ ചെയ്താൽ ഉണ്ടാകുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളെ പറ്റി ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നത് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളാണ് ഇവര്‍ നടത്തുന്നത്. എന്തെങ്കിലും കാരണം ഉണ്ടായിട്ട് ആയിരിക്കാം ഒരു സ്ത്രീ ഭ്രൂണഹത്യ ചെയ്യാൻ എത്തുന്നതെന്നും അത് പരിഹരിക്കാൻ സാധിച്ചാൽ സാധാരണയായി തങ്ങളുടെ തീരുമാനം അവർ പുനപരിശോധിക്കുന്നതാണ് കാണുന്നതെന്നും ലോറൻ മുസീക കൂട്ടിചേർത്തു. തങ്ങളുടെ വിവിധങ്ങളായ പ്രവര്‍ത്തനങ്ങളിലൂടെ ഇനിയും അനേകരെ ജീവന്റെ വഴിയേ നയിക്കാന്‍ കഴിയുമെന്നെ പ്രതീക്ഷയിലാണ് സംഘടനയിലെ അംഗങ്ങള്‍.


Related Articles »