News - 2025

സ്വന്തം തെറ്റുകളും കുറ്റങ്ങളും മറച്ചുവെച്ച്, ക്രിസ്തീയ മൂല്യങ്ങൾ പറഞ്ഞു നടക്കുന്ന വ്യാജന്മാർ ആകാതിരിക്കുക : ഫ്രാൻസിസ് മാർപാപ്പ.

അഗസ്റ്റസ് സേവ്യർ 14-09-2015 - Monday

"അന്യരെ ദുഷിക്കാത്ത ഒരാളെ കണ്ടെത്തുക, അന്യരെ വിധിക്കാത്ത ഒരാളെ കണ്ടെത്തുക അങ്ങനെയുള്ളയാൾ വിശുദ്ധനാകാൻ യോഗ്യനാണ്." ഫ്രാൻസിസ് മാർപാപ്പ പറയുന്നു.

സ്വവസതിയായ 'സാന്റ മാർത്ത'യിൽ ദിവ്യബലിയർപ്പണ സമയത്തുള്ള പ്രഭാഷണത്തിലാണ് 'എളിമ, ക്ഷമ, കരുണ' എന്നീ ക്രിസ്തീയമൂല്യങ്ങളെപറ്റി പാപ്പ പ്രതിപാദിച്ചത്. സെന്റ് പോളിന്റെ ലേഖന ഭാഗം അദ്ദേഹം വിശ്വാസികളെ ഓർമ്മിപ്പിച്ചു. "വിധിക്കാതിരിക്കുക, നിങ്ങളും വിധിക്കപ്പെടുകയില്ല. കുറ്റാരോപണം നടത്താതിരിക്കുക, നിങ്ങളുടെ മേലും കുറ്റമാരോപിക്കപ്പെടുകയില്ല."

"ഈ ദിവസങ്ങളിലെ പ്രാർത്ഥനകളിൽ വളരെ പ്രാധാന്യത്തോടെ കടന്നു വന്നിട്ടുള്ള ഒരു ചിന്താവിഷയമാണ് 'കരുണ'. ക്രൈസ്തവ മൂല്യങ്ങൾ കരുണയിൽ അടിസ്ഥാനമിട്ടതാണ്. ക്രൈസ്തവ ചൈതന്യം മനസ്സുകളിൽ നിറയുമ്പോളുണ്ടാകുന്ന പ്രകാശമാണ് ദയാവായ്പ്. അത് സ്നേഹമായി നമ്മിൽ നിന്നും പുറത്തേക്കൊഴുകുന്നു. പക്ഷേ നമ്മുടെ സ്നേഹത്തിലും ദയാവായ്പ്പിലും കാപട്യമരുത്", പിതാവ് വിശ്വാസികളെ ഓർമ്മിപ്പിച്ചു.

നമ്മൾ സ്വന്തം തെറ്റുകളും കുറ്റങ്ങളും മറച്ചുവെച്ച്, ക്രിസ്തീയ മൂല്യങ്ങൾ പറഞ്ഞു നടക്കുന്ന വ്യാജന്മാർ ആകാതിരിക്കുക.

കാപാട്യത്തിൽ നിന്നും രക്ഷപെടാനുള്ള മാർഗ്ഗങ്ങൾ അദ്ദേഹം നിർദ്ദേശിച്ചു. "ആദ്യമായി നമ്മൾ സ്വന്തം തെറ്റുകൾ സമ്മതിക്കുക" സ്വന്തം കണ്ണിൽ തറച്ചിരിക്കുന്ന ചീള് കാണാതെ അന്യരുടെ കണ്ണിലെ കരടിനെ പറ്റി കോലാഹലം കൂട്ടുന്നവരെ പറ്റിയുള്ള വിശു ലൂക്കോയുടെ സുവിശേഷ ഭാഗത്തെ ഓർമ്മിപ്പിച്ചു കൊണ്ട്, ആത്മപരിശോധന നടത്തുവാനും മറ്റുള്ളവരെ വിധിക്കാതിരിക്കാനും അദ്ദേഹം ജനങ്ങളെ ഉത്ബോധിപ്പിച്ചു.

''സ്നേഹത്തിന്റെ, ക്ഷമയുടെ, കരുണയുടെ വഴി. കേൾക്കാന് ഇമ്പ‍മുള്ളതാണ്. പക്ഷേ, എങ്ങനെ നമുക്ക് ആ പാതയിൽ എത്തിച്ചേരാനാകും?''

മറ്റുള്ളവരുടെ കുറ്റം കണ്ടു പിടിക്കാൻ ശ്രമിക്കുന്നതിനു പകരം സ്വന്തം കുറ്റങ്ങൾക്കായി സ്വയം കുറ്റാരോപണം നടത്താൻ പിതാവ് ആവശ്യപ്പെട്ടു. "ഇത് നിങ്ങൾ എടുക്കേണ്ട ആദ്യചുവടാണ്. അതിന് നിങ്ങൾക്ക് കഴിയുന്നില്ലെങ്കിൽ മനംമാറ്റത്തിനായി ദൈവത്തോട് പ്രാർത്ഥിക്കുക."

മറ്റുള്ളവരുടെ കുറ്റങ്ങൾ അന്വേഷിച്ചു നടക്കാതിരുന്നാൽ തന്നെ ആത്മപരിശോധനയ്ക്ക് നമുക്ക് സമയം ലഭിക്കും.

പരദൂഷണം പറഞ്ഞു നടക്കുന്നവർ ആ സ്വഭാവം ഉപേക്ഷിച്ച് സ്വന്തം ഹൃദയത്തിനുള്ളിലേക്ക് കണ്ണുകൾ തിരിക്കുക. ആവശ്യമെങ്കിൽ സ്വന്തം മനസ്സാക്ഷിയെ ചോദ്യം ചെയ്യുക.

"മറ്റുള്ളവരെ പറ്റിയുള്ള പരാമർശങ്ങൾ ഒഴിവാക്കുക.. സ്വന്തം ജീവിതം വിമർശന വിധേയമാക്കുക. മനുഷ്യജീവിതത്തിന്റെ മഹത്വത്തിലേക്കുള്ള യാത്രയുടെ ആദ്യപടിയാണത്."

കാപട്യത്തിലൂടെ ഒരാൾക്ക് ക്രൈസ്തവ മൂല്യങ്ങളിലെത്തിച്ചേരാനാകില്ല. കാപട്യത്തിലൂടെ സമാധാനപ്രവർത്തനം വിജയിക്കുകയില്ല. കാപട്യത്തിലൂടെയുള്ള ക്ഷമയും കരുണയും നിലനിൽക്കുകയില്ല.

സ്നേഹത്തോടെയും കരുണയോടെയും ക്ഷമിക്കുന്നവർക്ക് ഇരട്ടിയായി പ്രതിഫലം ലഭിക്കും. "നിങ്ങൾ വിധിക്കുന്നു പോലെ നിങ്ങളും വിധിക്കപ്പെടും. നല്ല മനസ്സുള്ളവർക്ക് സമാധാനം ലഭിക്കും. ദൈവത്തിന്റെ നന്മ അവരുടെ മേൽ വർഷിക്കപ്പെടും."

മഹാമനസ്കതയുടെയും ക്ഷമയുടെയും കരുണയുടെയും ഉദ്ദാഹരണമായ St. പോളിന്റെ പാതയിൽ ചരിക്കുവാനുള്ള ദൈവാനുഗ്രഹത്തിനായി പ്രാർത്ഥിച്ചു കൊണ്ട് പിതാവ് പ്രഭാഷണം ഉപസംഹരിച്ചു


Related Articles »