News - 2024

റവ. ഡോ. ആന്റണി വാലുങ്കല്‍ വരാപ്പുഴ അതിരൂപതയുടെ സഹായ മെത്രാന്‍; മെത്രാഭിഷേകം ജൂൺ 30ന്

പ്രവാചകശബ്ദം 11-05-2024 - Saturday

എറണാകുളം: വരാപ്പുഴ അതിരൂപതാ സഹായമെത്രാനായി റവ. ഡോ. ആന്റണി വാലുങ്കലിനെ പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പാ നിയമിച്ചു. ഇതു സംബന്ധിച്ച പ്രഖ്യാപനം വരാപ്പുഴ അതിരൂപതാ മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ഇന്ന് 3.30 ന് ആർച്ച്ബിഷപ്സ് ഹൗസിൽ നടത്തി. തത്സമയം വത്തിക്കാനിലും പ്രഖ്യാപനം നടന്നു. വരാപ്പുഴ അതിരൂപതയ്ക്ക് ഏറെ ആഹ്ളാദകരമായ സദ്‌വാർത്തയാണിതെന്ന് ഇന്ത്യയിലെ അപ്പസ്തോലിക നുൺഷ്യോ ആർച്ച്ബിഷപ് ഡോ. ലിയോപോൾദോ ജിറേല്ലിയുടെ സന്ദേശം വായിക്കുന്നതിന് ആമുഖമായി ആർച്ച്ബിഷപ് കളത്തിപ്പറമ്പിൽ പറഞ്ഞു. നിയുക്ത മെത്രാനെ ആർച്ച്ബിഷപ് കുരിശുമാലയും മോതിരവും തൊപ്പിയും ഉൾപ്പെടെയുള്ള സ്ഥാനചിഹ്നങ്ങൾ അണിയിച്ചു. കൊച്ചി ബിഷപ്പ് എമരിറ്റസ് ഡോ. ജോസഫ് കരിയിൽ, കോട്ടപ്പുറം ബിഷപ്പ് എമരിറ്റസ് ഡോ. ജോസഫ് കാരിക്കശ്ശേരി, കണ്ണൂർ ബിഷപ്പ് ഡോ. അലക്സ് വടക്കുംതല എന്നിവർ നിയുക്ത മെത്രാനെ അഭിനന്ദിച്ചു.

വരാപ്പുഴ അതിരൂപതാ വികാരി ജനറൽമാരായ മോൺ. മാത്യു കല്ലിങ്കൽ, മോൺ. മാത്യു ഇലഞ്ഞിമിറ്റം, ചാൻസലർ ഫാ. എബിജിൻ അറയ്ക്കൽ പ്രൊക്യുറേറ്റർ റവ. ഡോ. സോജൻ മാളിയേക്കൽ, സെന്റ് ഫ്രാൻസിസ് അസ്സീസി കത്തീഡ്രൽ വികാരി റവ. ഡോ. പീറ്റർ കൊച്ചുവീട്ടിൽ എന്നിവർ ഉൾപ്പെടെ അതിരൂപതയിലെ വൈദികരും, സിടിസി സുപ്പീരിയർ ജനറൽ മദർ ആൻ്റണി ഷഹീല, കൗൺസിലർ സിസ്റ്റർ ഡോ. സൂസി കിണറ്റിങ്കൽ എന്നിവർ ഉൾപ്പെടെയുള്ള സന്ന്യസ്തരും ഹൈബി ഈഡൻ എംപി, ടി.ജെ. വിനോദ്എം എൽഎ, മുൻ മന്ത്രി ഡോമിനിക് പ്രസന്റേഷൻ, ഷെവലിയർമാരായ ഡോ. പ്രീമൂസ് പെരിഞ്ചേരി, ഡോ. ഹെൻറി ആഞ്ഞിപ്പറമ്പിൽ, കെആർഎൽസിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, കെഎൽസിഎ സംസ്ഥാന

പ്രസിഡന്റ് ഷെറി ജെ. തോമസ് തുടങ്ങിയ അല്മായ പ്രമുഖരും അതിരൂപതാ പാസ്റ്ററൽ കൗൺസിൽ അംഗങ്ങളും സന്നിഹിതരായിരുന്നു. ഡോ. ആന്റണി വാലുങ്കലിന്റെ മെത്രാഭിഷേകം 2024 ജൂൺ 30ന് ഞായറാഴ്‌ച വല്ലാർപാടം ഔവർ ലേഡി ഓഫ് റാൻസം ബസിലിക്ക അങ്കണത്തിലെ റോസറി പാർക്കിൽ നടത്തും. മെത്രാഭിഷേക സംഘടക സമിതി ചെയർമാന്മാരായി മോൺസിഞ്ഞോർമാരായ മാത്യു കല്ലിങ്കൽ, മാത്യു ഇലഞ്ഞിമറ്റം എന്നിവരെയും ജനറൽ കൺവീനറായി ഫാ. മാർട്ടിൻ തൈപ്പറമ്പിലിനെയും ജോയിന്റ് കൺവീനറായി അഡ്വ. ഷെറി ജെ. തോമസിനെയും ആർച്ച്ബിഷപ് കളത്തിപ്പറമ്പിൽ നാമനിർദേശം ചെയ്തു. വിപുലമായ കമ്മിറ്റിയെ പിന്നീട് തിരഞ്ഞെടുക്കും.


Related Articles »