News - 2024

സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുമായി ആശയവിനിമയം നടത്തുന്നതില്‍ നിന്നും ക്രൈസ്തവര്‍ ഒരിക്കലും പിന്‍മാറരുതെന്ന് കര്‍ദിനാള്‍ പിട്രോ പരോളിനി

സ്വന്തം ലേഖകന്‍ 22-08-2016 - Monday

വത്തിക്കാന്‍: സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുമായി ആശയവിനിമയം നടത്തുന്നതില്‍ നിന്നും ക്രൈസ്തവര്‍ ഒരിക്കലും പിന്‍മാറരുതെന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയായ കര്‍ദിനാള്‍ പിയട്രോ പരോളിനി. റിമിനിയില്‍ നടക്കുന്ന കമ്മ്യൂണിയന്‍ ആന്റ് ലിബറേഷന്‍ മൂവ്‌മെന്റിന്റെ വാര്‍ഷിക സമ്മേളനത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കു വേണ്ടി തയ്യാറാക്കിയ സന്ദേശത്തിലാണ്, ആശയ വിനിമയത്തിന്റെ പ്രാധാന്യത്തെ കുറിച്ച് കര്‍ദിനാള്‍ സൂചിപ്പിച്ചിരിക്കുന്നത്.

മുറിവേറ്റ മനുഷ്യഹൃദയങ്ങളിലേക്ക് ക്രിസ്തുവിന്റെ വചനത്തെ കൊണ്ടുചെല്ലുവാന്‍ ചര്‍ച്ചകളിലൂടെ വഴിയൊരുങ്ങുന്നു. ഇതിനാല്‍ തന്നെ ക്രൈസ്തവര്‍ ചര്‍ച്ചകളുടേയും പരസ്പര ആശയവിനിമയത്തിന്റെയും സാധ്യതകളെ തിരിച്ചറിഞ്ഞ് ദൈവഹിതപ്രകാരം പ്രവര്‍ത്തിക്കണമെന്നും കര്‍ദിനാള്‍ പിയട്രോ പരോളിനി സന്ദേശത്തിലൂടെ ആഹ്വാനം ചെയ്യുന്നു.

"മറ്റുള്ളവരുടെ കൂടെ നാം നടത്തുന്ന ചര്‍ച്ചകള്‍ അവരുടെ ഭാഗത്തെ അഭിപ്രായങ്ങള്‍ എന്താണെന്ന് മനസിലാക്കുന്നതിന് നമ്മേ സഹായിക്കും. എന്നാല്‍ നമ്മുടെ തനിമ നഷ്ടപ്പെടുവാന്‍ ഇതു വഴിവയ്ക്കുകയില്ല. നമ്മള്‍ മറ്റുള്ളവരുമായി ചര്‍ച്ചകളില്‍ ഏര്‍പ്പെടുമ്പോള്‍ അതില്‍ നിന്നും ധാരാളം അറിവ് നമുക്ക് ലഭിക്കുന്നു. നമ്മള്‍ എന്തിനുവേണ്ടിയാണ് നിലകൊള്ളുന്നതെന്നും നമ്മിലെ സത്യങ്ങള്‍ എന്താണെന്നു മറ്റുള്ളവര്‍ക്ക് മനസിലാകുന്നതിനും ഇതു കാരണമാകുന്നു". സന്ദേശത്തില്‍ പറയുന്നു.