India - 2024

പെന്തക്കുസ്‌ത തിരുനാള്‍ ദിനത്തില്‍ ആദ്യാക്ഷരം കുറിച്ച് കുഞ്ഞുങ്ങള്‍

പ്രവാചകശബ്ദം 20-05-2024 - Monday

ഭരണങ്ങാനം: പെന്തക്കുസ്‌ത തിരുനാള്‍ ദിനമായ ഇന്നലെ വിവിധ ദേവാലയങ്ങളില്‍ കുഞ്ഞുങ്ങള്‍ ആദ്യാക്ഷരം കുറിച്ചു. ഭരണങ്ങാനത്ത് വിശുദ്ധ അൽഫോൻസാ തീർത്ഥാടന കേന്ദ്രത്തിൽ മാര്‍ ജോസഫ് കല്ലറങ്ങാട്ടാണ് കുട്ടികൾക്ക് ആദ്യാക്ഷരം കുറിച്ചത്. പെന്തക്കുസ്‌തായിൽ കുഞ്ഞുങ്ങൾക്ക് ആദ്യമായി 'ഈശോ' എന്നും മലയാളത്തിലെ ആദ്യ അക്ഷരം 'അ' എന്നും എഴുതി കൊടുക്കുമ്പോൾ അത് നല്ലൊരു ബിബ്ലിക്കൽ സംസ്ക്‌കാരവും ഭാഷാപരമായ സംസ്‌കാരവും ഒന്നിച്ച് കൊടുക്കുകയാണെന്നു ബിഷപ്പ് പറഞ്ഞു. കുഞ്ഞുങ്ങൾ ആദ്യം ഈശോ എന്ന് കേൾക്കുമ്പോഴും എഴുതുമ്പോഴും അത് അവരുടെ ജീവിതത്തിൽ കർത്താവിൻ്റെ ശബ്ദം പറയാനും പ്രവൃത്തിപഥത്തിലേക്ക് കൊണ്ടുവരാനുമുള്ള അവസരം നൽകുമെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.

യഥാർത്ഥമായ ഒരു പെന്തക്കുസ്തായുടെ അനുഭവമാണ് ഭരണങ്ങാനം തീർത്ഥാടന കേന്ദ്രം നൽകുന്നത്. ഇവിടെ വരുമ്പോൾ ഉണ്ടാകുന്ന ഉണർവ് പെന്തക്കുസ്‌താ അനുഭവമാണ്. സ്നേഹം, ആനന്ദം, സമാധാനം, ക്ഷമ, ദയ, വിശ്വസ്ത‌ത, സൗമ്യത, ആത്മസംയമനം തുടങ്ങിയ കാര്യങ്ങൾ നമ്മിൽ ഉണ്ടെങ്കിൽ പെന്തക്കുസ്‌തയുടെ തുടർച്ച നമ്മളിൽ ഉണ്ടെന്ന് നമുക്ക് ഉറപ്പാക്കാമെന്നും ബിഷപ്പ് പറഞ്ഞു. ഭരണങ്ങാനത്ത് വിശുദ്ധ അൽഫോൻസാ തീർത്ഥാടന കേന്ദ്രത്തിൽ അൽഫോൻസിയൻ ആത്മീയ വർഷത്തിനും ഇന്നലെ തുടക്കമായി. അൽഫോൻസാമ്മയുടെ കൂടെ ഒരു വർഷം ആയിരിക്കാനുള്ള അവസരമാണ് സ്ലീവാ - അൽഫോൺസിയൻ ആത്മീയ വർഷ കർമപരിപാടികളിലൂടെ ഒരുക്കിയിരിക്കുന്നത്.


Related Articles »