News - 2024

കർദ്ദിനാൾ ലൂയിസ് അൻ്റോണിയോ യു‌എസ് ദിവ്യകാരുണ്യ കോൺഗ്രസിന്റെ പേപ്പല്‍ ദൂതന്‍

പ്രവാചകശബ്ദം 20-05-2024 - Monday

വത്തിക്കാന്‍ സിറ്റി: അമേരിക്കയിലെ ഇന്ത്യാനപോളിസില്‍ ജൂലൈ 17-21 തീയതികളിൽ നടക്കാനിരിക്കുന്ന ദിവ്യകാരുണ്യ കോൺഗ്രസിൻ്റെ പേപ്പല്‍ ദൂതനായി ഡികാസ്റ്ററി ഫോർ ഇവാഞ്ചലൈസേഷന്‍ ഡികാസ്റ്ററിയുടെ പ്രോ-പ്രീഫെക്റ്റ് കർദ്ദിനാൾ ലൂയിസ് അന്റോണിയോ ടാഗ്ലയെ നിയമിച്ചു. ഫ്രാന്‍സിസ് പാപ്പയാണ് നിയമന ഉത്തരവ് പുറപ്പെടുവിച്ചത്. പത്താം നാഷണൽ ദിവ്യകാരുണ്യ കോൺഗ്രസിന്റെ സമാപന ദിനത്തിലെ വിശുദ്ധ കുര്‍ബാനയില്‍ ഫിലിപ്പീന്‍സ് സ്വദേശിയായ കർദ്ദിനാൾ ടാഗ്ലെ മുഖ്യകാര്‍മ്മികനാകും. നിയമനത്തെ 'ദിവ്യകാരുണ്യ കോൺഗ്രസിനുള്ള സമ്മാനം' എന്ന് യു.എസ് കോൺഫറൻസ് ഓഫ് കാത്തലിക് ബിഷപ്പ്‌സ് (USCCB) പ്രസിഡൻ്റ് ആർച്ച് ബിഷപ്പ് തിമോത്തി പി. ബ്രോഗ്ലിയോ വിശേഷിപ്പിച്ചു.

വിശുദ്ധ കുർബാനയിൽ വേരൂന്നിയ അപ്പസ്‌തോലിക ദൗത്യത്തോടുള്ള ടാഗ്ലയുടെ ആഴമായ ആഭിമുഖ്യം വലിയ പ്രചോദനം പകരുമെന്നും 1991-ൽ അമേരിക്കയിലെ കാത്തലിക് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ ടാഗ്ലയ്ക്കു യുഎസിനെക്കുറിച്ച് നന്നായി അറിയാമെന്നും ആര്‍ച്ച് ബിഷപ്പ് ബ്രോഗ്ലിയോ ചൂണ്ടിക്കാട്ടി. വിശ്വാസവും ദിവ്യകാരുണ്യ ഭക്തിയും പ്രോത്സാഹിപ്പിക്കുവാന്‍ വേണ്ടി അമേരിക്കന്‍ മെത്രാന്‍ നടത്തി വരുന്ന മൂന്ന്‍ വര്‍ഷം നീണ്ട പരിപാടിയാണ് ദേശീയ ദിവ്യകാരുണ്യ നവീകരണം (നാഷണല്‍ യൂക്കരിസ്റ്റിക് റിവൈവല്‍).

2019-ല്‍ പ്യു റിസര്‍ച്ച് സെന്റര്‍ നടത്തിയ പഠനത്തില്‍ അമേരിക്കന്‍ കത്തോലിക്കരിലെ മൂന്നിലൊന്ന്‍ പേരാണ് ദിവ്യകാരുണ്യത്തില്‍ ക്രിസ്തുവിന്റെ സജീവ സാന്നിധ്യമുണ്ടെന്ന് വിശ്വസിക്കുന്നതെന്ന് വ്യക്തമായ സാഹചര്യത്തിലാണ് അമേരിക്കന്‍ മെത്രാന്‍ സമിതി ദേശീയ ദിവ്യകാരുണ്യ വിശ്വാസ നവീകരണത്തിന് പദ്ധതിയിട്ടത്. 2024 ജൂലൈ 17 മുതല്‍ 21 വരെ ഇന്ത്യാനപോളിസ് കോള്‍ട്ട്സിന്റെ ഹോം സ്റ്റേഡിയമായ ലുക്കാസ് ഓയില്‍ സ്റ്റേഡിയത്തില്‍വെച്ചാണ് ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസ് നടക്കുക. ഏതാണ്ട് 80,000-ത്തോളം കത്തോലിക്കര്‍ ഈ കോണ്‍ഗ്രസില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.


Related Articles »