News

യേശുവിനെ ത്യജിച്ച് ഇസ്ലാം സ്വീകരിക്കാനുള്ള ഭീഷണി നിരസിച്ചതിന് രക്തം ചിന്തിയ 11 ഡമാസ്കസ് രക്തസാക്ഷികള്‍ വിശുദ്ധ പദവിയിലേക്ക്

പ്രവാചകശബ്ദം 24-05-2024 - Friday

വത്തിക്കാന്‍ സിറ്റി: സിറിയയിലെ ഡമാസ്കസിൽ യേശുവിലുള്ള വിശ്വാസത്തെപ്രതി അരുംകൊലയ്ക്കു ഇരയായ 11 രക്തസാക്ഷികള്‍ വിശുദ്ധ പദവിയിലേക്ക്. വിശുദ്ധരുടെ നാമകരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്ട് കർദ്ദിനാൾ മാർസെല്ലോ സെമെരാരോയുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ രക്തസാക്ഷികളെ വിശുദ്ധരായി പ്രഖ്യാപിക്കുന്നതിനായി പാപ്പ അംഗീകാരം നല്‍കുകയായിരിന്നു. രക്തസാക്ഷികളെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്താനുള്ള പരിശുദ്ധ സിംഹാസനത്തിന്റെ നടപടിയില്‍ ഏറെ സന്തോഷമുണ്ടെന്ന് ഡമാസ്കസിലെ ബാബ്-ടൂമയിലെ ഫ്രാൻസിസ്കൻ കോൺവെൻ്റിൻ്റെ രക്ഷാധികാരി ഫാ. ഫിറാസ് ലുഫ്തി പറഞ്ഞു.

1860 ജൂലൈ 9 അര്‍ദ്ധരാത്രിയിൽ ഡമാസ്കസിൽ ക്രൈസ്തവ വിശ്വാസത്തോടുള്ള വിദ്വേഷത്താലാണ് കൂട്ടക്കൊല നടന്നത്. ഷിയ ഡ്രൂസ് ക്രിസ്ത്യാനികളെ ക്രൂരമായി പീഡിപ്പിക്കുന്ന സമയത്തായിരിന്നു ക്രൈസ്തവ കൂട്ടക്കൊല. ഡമാസ്കസിലെ പഴയ നഗരത്തിലെ ക്രിസ്ത്യൻ ക്വാർട്ടേഴ്സിൽ സ്ഥിതി ചെയ്യുന്ന ഫ്രാൻസിസ്കൻ ആശ്രമത്തിൽ പ്രവേശിച്ച ഡ്രൂസ് കമാൻഡോ ക്രൈസ്തവ വിശ്വാസം ഉപേക്ഷിച്ച് ഇസ്ലാം മതം സ്വീകരിക്കാൻ വിസമ്മതിച്ചതിനെ തുടര്‍ന്നു കൂട്ടക്കൊല നടത്തുകയായിരിന്നു.

ചിലരെ കോടാലി ഉപയോഗിച്ച് ശിരഛേദം ചെയ്തായിരിന്നു കൊലപ്പെടുത്തിയത്. മാനുവൽ റൂയിസ്, കാർമെലോ ബോൾട്ട, നിക്കാനോർ അസ്കാനിയോ, നിക്കോളാസ് എം. ആൽബെർക വൈ ടോറസ്, പെഡ്രോ സോളർ, എംഗൽബെർട്ട് കൊല്ലാൻഡ്, ഫ്രാൻസിസ്കോ പിനാസോ പെനാൽവർ, ജുവാൻ എസ്. ഫെർണാണ്ടസ്, സഹോദരങ്ങളായ ഫ്രാൻസിസ്, അബ്ദുൽ മൊഹ്തി, റാഫേൽ മസാബ്കി എന്നിവരാണ് കൊല്ലപ്പെട്ടത്.

ഈ വർഷത്തെ രക്തസാക്ഷികളുടെ അനുസ്മരണത്തിന് വളരെ സവിശേഷമായ പ്രത്യേകതയുണ്ടെന്നും കാരണം അത് വിശുദ്ധിയുടെ രുചിയാണെന്നും ഈ പ്രഖ്യാപനത്തിനായി ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ക്രിസ്ത്യൻ സമൂഹത്തിനു ഒരു പുതിയ ഉണർവ് നൽകുമെന്നും ഫാ. ഫിറാസ് ലുഫ്തി പറഞ്ഞു. 1926-ല്‍ പീയൂസ് പതിനൊന്നാമന്‍ പാപ്പയാണ് ഇവരെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചത്. എല്ലാ വർഷവും ജൂലൈ 10ന്, സിറിയൻ തലസ്ഥാനത്ത്, ലാറ്റിൻ, മാരോണൈറ്റ് സമൂഹങ്ങൾ ഈ രക്തസാക്ഷികളെ അനുസ്മരിക്കുന്നുണ്ട്. 2025 ജൂബിലി വര്‍ഷത്തില്‍ വിശുദ്ധ പദവിയുടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന. ഇന്നലെ ദിവ്യകാരുണ്യത്തിന്റെ സൈബര്‍ അപ്പസ്തോലന്‍ കാര്‍ളോ അക്യൂട്ടിസിന്റെ നാമകരണത്തിനും പാപ്പ അംഗീകാരം നല്‍കിയിരിന്നു.


Related Articles »