News

ഉഗാണ്ടയിലെ ക്രൈസ്തവ രക്തസാക്ഷികളുടെ അനുസ്മരണം: 200 മൈല്‍ കാല്‍നട തീര്‍ത്ഥാടനവുമായി വിശ്വാസി സമൂഹം

പ്രവാചകശബ്ദം 25-05-2024 - Saturday

കമ്പാല: ഉഗാണ്ടയിലെ കമ്പാലയിൽ നടക്കുന്ന ഉഗാണ്ടന്‍ രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി ക്രൈസ്തവര്‍ കാല്‍നട തീര്‍ത്ഥാടനം ആരംഭിച്ചു. ആഫ്രിക്കയിലെയും ലോകത്തിലെയും ഏറ്റവും വലിയ വിശ്വാസികളുടെ സമ്മേളനങ്ങളിലൊന്നായി വിശേഷിക്കപ്പെടുന്ന സമ്മേളനം ജൂൺ 3നാണ് നടക്കുക. അനുസ്മരണ സമ്മേളനത്തിനായി കെനിയയിൽ നിന്നുള്ള ക്രൈസ്തവ സംഘം 200 മൈലിലധികം നീണ്ടു നില്‍ക്കുന്ന തീർത്ഥാടനം ആരംഭിച്ചു കഴിഞ്ഞു.

കാകമേഗ രൂപതയിലെ സെൻ്റ് ജോസഫ് ദി വർക്കർ കൊങ്കോണി ഇടവകയിലെ നിരവധി വിശ്വാസികളാണ് ത്യാഗത്തോടെ രക്തസാക്ഷി അനുസ്മരണത്തിനായി ഉഗാണ്ടയിലേക്ക് കാല്‍ നടയായി നീങ്ങിക്കൊണ്ടിരിക്കുന്നത്. മെയ് 21-ന് ഇടവക വികാരി ഫാ. കൊളംബൻ ഒദിയാംബോയുടെ ആശീര്‍വാദത്തോടെ ആരംഭം കുറിച്ച കാല്‍ നടയാത്ര ദിവസവും 18-25 മൈലുകൾ സഞ്ചരിച്ചാണ് ലക്ഷ്യ സ്ഥാനത്തെത്തുക.

നമുഗോംഗോയിലേക്കുള്ള നീണ്ട തീർത്ഥാടനം ആത്മീയ യാത്രയാണെന്നും തീർത്ഥാടകർക്ക് വ്യക്തിപരമായ നിയോഗങ്ങളുണ്ടെന്നും ചിലർ അവരുടെ ഇടവകകളുടെ പൊതു പ്രാര്‍ത്ഥനാ നിയോഗങ്ങളോടെയാണ് കാല്‍നട തീര്‍ത്ഥാടനം നടത്തുന്നതെന്നും ഫാ. കൊളംബൻ പറഞ്ഞു. വൈദികരും തീർത്ഥാടകർക്ക് ഒപ്പമുണ്ട്. നമുഗോംഗോയിലേക്കുള്ള ആത്മീയ യാത്ര ആരംഭിക്കുന്നതിന് മുന്‍പ് കുമ്പസാരത്തിലും കുർബാനയിലും പങ്കെടുക്കാൻ വിശ്വാസികള്‍ക്ക് അവസരം ഒരുക്കിയിരിന്നു.

1885നും 1887 നും മദ്ധ്യേ കബാക്ക രാജാവ് മവാങ്ക രണ്ടാമന്റെയും ബുഗാണ്ടയിലെ രാജാവിന്റെയും നിർദേശ പ്രകാരം തീയിലെറിഞ്ഞ് വധിക്കപ്പെട്ട നാൽപത്തിയഞ്ചോളം കത്തോലിക്കരും ആംഗ്ലിക്കരുമടങ്ങുന്ന രക്തസാക്ഷികളുടെ ഓർമ്മദിനമാണ് എല്ലാ വർഷവും ജൂൺ മൂന്നിന് ആചരിക്കുന്നത്. 1920 ജൂൺ ആറിന് ഇരുപത്തിരണ്ട് കത്തോലിക്കാ രക്തസാക്ഷികളെ ബെനഡിക്ട് പതിനഞ്ചാമൻ മാർപാപ്പ വാഴ്ത്തപ്പെട്ടവരായും 1964 ഒക്ടോബർ 18ന് പോൾ ആറാമൻ മാർപാപ്പ വിശുദ്ധരായും പ്രഖ്യാപിച്ചിരിന്നു.

ഉഗാണ്ടയിലെ രക്തസാക്ഷികളെ കുറിച്ച് കൂടുതല്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »