News - 2024

കുട്ടികൾക്കായുള്ള പ്രഥമ ആഗോള ദിനം ഇന്ന്; വത്തിക്കാനിലെ ആഘോഷത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കുട്ടികള്‍ പങ്കെടുക്കും

പ്രവാചകശബ്ദം 26-05-2024 - Sunday

വത്തിക്കാന്‍ സിറ്റി: ആഗോള സഭാതലത്തിൽ കുട്ടികൾക്കായുള്ള പ്രഥമ ലോകദിനം ഇന്നു ആചരിക്കപ്പെടുന്നു. “ഇതാ സകലവും ഞാൻ നവീകരിക്കുന്നു”- വെളിപാടിന്റെ പുസ്തകം ഇരുപത്തിയൊന്നാം അധ്യായം അഞ്ചാം വാക്യത്തിൽ നിന്ന് അടർത്തിയെടുത്ത ഈ വാക്കുകളാണ് കുട്ടികളുടെ പ്രഥമ ലോകദിനാചരണത്തിൻറെ വിചിന്തന പ്രമേയം. ഇന്നു മെയ് 26 ഞായറാഴ്ച വത്തിക്കാനിൽ വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ അങ്കണത്തിലാണ് ആഘോഷം നടക്കുക.

ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കുഞ്ഞുങ്ങൾ ഈ ആചരണത്തിൽ പങ്കെടുക്കുന്നുണ്ട്. പതിനായിരക്കണക്കിന് കുട്ടികളാണ് ഇതിനോടകം സമ്മേളനത്തിൽ പങ്കെടുക്കുവാൻ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഏകദേശം എൺപതിലധികം രാജ്യങ്ങളിൽ നിന്നുള്ള കുഞ്ഞുങ്ങൾ ഈ ദ്വിദിന പരിപാടിയിൽ പങ്കാളികളാകുമെന്നാണ് വത്തിക്കാന്‍ ന്യൂസിന്റെ റിപ്പോര്‍ട്ട്.

പരിശുദ്ധ ത്രീത്വത്തിൻറെ തിരുനാൾ ദിനം കൂടിയായ ഇന്നു ഞായാറാഴ്ച കുട്ടികളുടെ ലോക ദിനാചരണത്തോടനുബന്ധിച്ച് വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിൽ ദിവ്യബലി അർപ്പിക്കും. സാംസ്കാരിക-വിദ്യാഭ്യാസ കാര്യങ്ങൾക്കായുള്ള റോമൻ കൂരിയ വിഭാഗമാണ് ഫ്രാൻസിസ് പാപ്പയുടെ സാന്നിധ്യത്തിൽ നടക്കുന്ന ഈ ദിനാചരണത്തിന് ചുക്കാൻ പിടിക്കുന്നത്. 2023 ഡിസംബർ 8ന്, അമലോത്ഭവനാഥയുടെ തിരുനാൾ ദിനത്തിൽ, വെള്ളിയാഴ്ച, വത്തിക്കാനിൽ നയിച്ച മധ്യാഹ്ന പ്രാർത്ഥനാ വേളയിലാണ് ഫ്രാൻസിസ് പാപ്പ ഈ ദിനാചരണം പ്രഖ്യാപിച്ചത്.


Related Articles »