News

യേശുവിനെപ്പോലെ മുറിക്കപ്പെട്ട അപ്പമാകുവാന്‍ നമ്മുക്ക് കഴിയുന്നുണ്ടോ?: ഫ്രാന്‍സിസ് പാപ്പ

പ്രവാചകശബ്ദം 03-06-2024 - Monday

വത്തിക്കാന്‍ സിറ്റി: ജീവൻ അവിടുന്ന് തനിക്കുവേണ്ടി സൂക്ഷിച്ചു വച്ചില്ലായെന്നും മറിച്ച്, അത് നമുക്കു തരികയാണ് ചെയ്തതെന്നും യേശുവിനെപ്പോലെ മുറിക്കപ്പെട്ട അപ്പമായി നാമും മാറണമെന്നും ഫ്രാന്‍സിസ് പാപ്പ. ഇന്നലെ കർത്താവിൻറെ തിരുമാംസരക്തങ്ങളുടെ തിരുന്നാൾ ദിനത്തില്‍ സന്ദേശം നല്‍കുകയായിരിന്നു പാപ്പ. മുറിക്കപ്പെട്ട അപ്പത്തിലും ശിഷ്യന്മാർക്ക് നല്കപ്പെട്ട പാനപാത്രത്തിലും, അത് അവിടുന്നു തന്നെയാണ് നരകുലത്തിനായി സ്വയം ദാനം ചെയ്യുകയും ലോകത്തിന്റെ ജീവനുവേണ്ടി സ്വയം സമർപ്പിക്കുകയും ചെയ്യുന്നതെന്ന് പാപ്പ അനുസ്മരിച്ചു.

യേശു അപ്പം മുറിക്കുന്ന വേളയില്‍ "അവൻ അവർക്കു നല്കി" എന്നു പറയുന്നുണ്ട്. നമുക്ക് ഈ വാക്കുകൾ നമ്മുടെ ഹൃദയത്തിൽ ഉറപ്പിക്കാം: അവൻ അത് അവർക്ക് നൽകി. ദിവ്യകാരുണ്യം, വാസ്തവത്തിൽ, ദാനത്തിൻറെ മാനത്തെയാണ് ഓർമ്മിക്കുന്നത്. യേശു അപ്പം എടുക്കുന്നത് അത് സ്വയം കഴിക്കാനല്ല, മറിച്ച് അത് മുറിച്ച് ശിഷ്യന്മാർക്ക് നൽകാനാണ്, അങ്ങനെ അവിടന്ന് തൻറെ അനന്യതയും ദൗത്യവും വെളിപ്പെടുത്തുന്നു. ജീവൻ അവിടന്ന് തനിക്കുവേണ്ടി സൂക്ഷിച്ചു വച്ചില്ല, മറിച്ച്, അത് നമുക്കു തന്നു; ദൈവവുമായുള്ള തന്റെ സമാനത പരിഗണിക്കേണ്ട ഒരു നിധിയായി അവിടന്ന് കണക്കാക്കിയില്ല. മറിച്ച് നമ്മുടെ മനുഷ്യപ്രകൃതിയിൽ പങ്കുചേരാനും നമ്മെ നിത്യജീവനിലേക്ക് പ്രവേശിപ്പിക്കാനുമായി തൻറെ മഹത്വം വെടിഞ്ഞു (ഫിലിപ്പി 2:1-11 ). തൻറെ ജീവിതം മുഴുവൻ യേശു ഒരു ദാനമാക്കിയെന്നു പാപ്പ അനുസ്മരിച്ചു.

ദിവ്യബലി അർപ്പിക്കുന്നതും തിരുവോസ്തി സ്വീകരിക്കുന്നതും, പ്രത്യേകിച്ച് ഞായറാഴ്ചകളിൽ ചെയ്യുന്നതുപോലെ, ജീവിതത്തിൽ നിന്ന് വേറിട്ടു നില്ക്കുന്ന ഒരു അനുഷ്ഠാനമോ വ്യക്തിപരമായ സമാശ്വാസത്തിൻറെ സാധാരണ നിമിഷമോ അല്ലെന്ന് അപ്പോൾ നമുക്കു മനസ്സിലാകും. യേശു അപ്പം എടുത്ത് മുറിച്ച് അവർക്ക് കൊടുത്തുവെന്ന് നാം എപ്പോഴും ഓർക്കണം. ആകയാൽ, അവിടന്നുമായുള്ള കൂട്ടായ്മ നമ്മെ മറ്റുള്ളവർക്കായി മുറിക്കപ്പെട്ട അപ്പമാകാൻ പ്രാപ്തരാക്കുകയും നാം എന്തായിരിക്കുന്നുവോ അതും നമുക്കുള്ളതും മറ്റുള്ളവരുമായി പങ്കിടാൻ നമ്മെ കഴിവുള്ളവരാക്കുകയും ചെയ്യുന്നു. മഹാനായ വിശുദ്ധ ലിയോ പറഞ്ഞു: "ക്രിസ്തുവിൻറെ ശരീരരക്തങ്ങളിലുള്ള നമ്മുടെ ഭാഗഭാഗിത്വം, നമ്മെ, നാം ഭക്ഷിക്കുന്നതെന്തോ അത് ആക്കിതീര്‍ക്കുകയെന്നതല്ലാതെ മറ്റൊന്നും ചെയ്യുന്നില്ല".

സഹോദരീ സഹോദരന്മാരേ, നാം എന്തിനാണ് വിളിക്കപ്പെട്ടിരിക്കുന്നത്: നാം "ദിവ്യകാരുണ്യം" ആയിത്തീരാൻ. സ്വന്തം ജീവിതം മറ്റുള്ളവർക്ക് ദാനമാക്കാൻ അറിയാവുന്നവരുമായ ആളുകൾ ആയിത്തീരാൻ. അങ്ങനെ വിശുദ്ധ കുർബാന വഴി, നാം ഒരു നവ ലോകത്തിൻറെ പ്രവാചകന്മാരും ശില്പികളുമായിത്തീരുന്നു. നാം സ്വാർത്ഥതയെ മറികടന്ന് സ്നേഹത്തിലേക്ക് സ്വയം തുറക്കുമ്പോൾ, സാഹോദര്യ ബന്ധം വളർത്തിയെടുക്കുമ്പോൾ, നമ്മുടെ സഹോദരങ്ങളുടെ കഷ്ടപ്പാടുകളിൽ പങ്കുചേരുകയും ആവശ്യത്തിലിരിക്കുന്നവരുമായി അപ്പവും വിഭവങ്ങളും പങ്കിടുകയും ചെയ്യുമ്പോൾ, നമ്മുടെ കഴിവുകൾ എല്ലാവർക്കുമായി ലഭ്യമാക്കുമ്പോൾ, അപ്പോൾ, നമ്മൾ യേശുവിനെപ്പോലെ നമ്മുടെ ജീവിതത്തിൻറെ അപ്പം മുറിക്കുകയാണ്.

സഹോദരീസഹോദരന്മാരേ, അപ്പോൾ നമുക്ക് സ്വയം ചോദിക്കാം: ഞാൻ എന്റെ ജീവൻ എനിക്കുവേണ്ടി മാത്രം സൂക്ഷിക്കുകയാണോ അതോ യേശുവിനെപ്പോലെ ഞാൻ അത് ദാനം ചെയ്യുകയാണോ? ഞാൻ മറ്റുള്ളവർക്കായി സ്വയം ഉഴിഞ്ഞുവയ്ക്കുകയാണോ അതോ എൻറെ കൊച്ചു സ്വത്വത്തിൽ ഞാൻ അടഞ്ഞിരിക്കുകയാണോ? ദൈനംദിന സാഹചര്യങ്ങളിൽ, എങ്ങനെ പങ്കുചേരണമെന്ന് എനിക്കറിയാമോ? അതോ, ഞാൻ എപ്പോഴും എന്റെ താൽപര്യമാണോ നോക്കുന്നത്? ദിവ്യകാരുണ്യ യേശുവിനോട് ഐക്യപ്പെട്ട് സ്നേഹദാനമായി മാറാൻ കന്യകാമറിയം നമ്മെ സഹായിക്കട്ടെയെന്ന വാക്കുകളോടെയാണ് പാപ്പ തന്റെ സന്ദേശം ചുരുക്കിയത്.


Related Articles »