News

പാക്കിസ്ഥാന്‍ സന്ദര്‍ശിക്കുവാന്‍ ഫ്രാന്‍സിസ് പാപ്പയെ ക്ഷണിച്ച് ആഭ്യന്തര മന്ത്രി മൊഹ്‌സിൻ നഖ്‌വി

പ്രവാചകശബ്ദം 05-06-2024 - Wednesday

വത്തിക്കാന്‍ സിറ്റി: വത്തിക്കാനിലെത്തിയ പാക്കിസ്ഥാൻ ആഭ്യന്തര മന്ത്രി മൊഹ്‌സിൻ നഖ്‌വി, ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി. ജൂൺ 3 തിങ്കളാഴ്ചയായിരിന്നു കൂടിക്കാഴ്ച. പാക്കിസ്ഥാനില്‍ മതനിന്ദ ആരോപിച്ച് ക്രൈസ്തവ വിശ്വാസിയെ ജനക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവം ആഗോള തലത്തില്‍ ചര്‍ച്ചയായിരിക്കെയാണ് കൂടിക്കാഴ്ച നടന്നതെന്നത് ശ്രദ്ധേയമാണ്. സമാധാനം, സാഹോദര്യം, മതസൗഹാർദം, സംവാദം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനെ കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തെന്ന്‍ പാകിസ്ഥാൻ സർക്കാരിൻ്റെ പ്രസ് ഇൻഫർമേഷൻ ഡിപ്പാർട്ട്‌മെൻ്റ് അറിയിച്ചു.

ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്താൻ കഴിഞ്ഞത് അഭിമാനകരമാണെന്നും പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനെ പ്രതിനിധീകരിച്ച് പാക്കിസ്ഥാൻ സന്ദർശിക്കാൻ ഫ്രാന്‍സിസ് പാപ്പയെ ക്ഷണിച്ചുവെന്നും മന്ത്രി നഖ്വി ഇന്നലെ ജൂൺ 4ന് തൻ്റെ എക്‌സ് അക്കൗണ്ടിൽ കുറിച്ചു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിൽ മതനിന്ദ ആരോപിച്ച് കലാപം പൊട്ടിപ്പുറപ്പെട്ടപ്പോൾ ജരൻവാല നഗരത്തിൽ അക്രമികള്‍ നശിപ്പിച്ച നൂറുകണക്കിന് വീടുകളും പള്ളികളും അറ്റകുറ്റപ്പണികൾക്കും പുനർനിർമ്മാണത്തിനും സഹായം ലഭ്യമാക്കിക്കൊണ്ട് പാക്കിസ്ഥാൻ നടത്തിയ ശ്രമങ്ങളെ മാർപാപ്പ അഭിനന്ദിച്ചെന്ന് കാത്തലിക് ന്യൂസ് ഏജന്‍സിയുടെ സ്പാനിഷ് വിഭാഗം റിപ്പോര്‍ട്ട് ചെയ്യുന്നു.

പാക്കിസ്ഥാന് കൈമാറാൻ താന്‍ ആഗ്രഹിക്കുന്ന സന്ദേശം സമാധാനത്തിൻ്റെ സന്ദേശമാണെന്നും ഉടൻ തന്നെ രാജ്യം സന്ദർശിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്നും പാപ്പ പറഞ്ഞു. കൂടിക്കാഴ്ചയ്ക്കു ഒടുവില്‍ സമ്മാനങ്ങൾ കൈമാറുന്ന വേളയിൽ, ഒരു മുന്തിരിവള്ളിക്കൊമ്പിൽ ഇരിക്കുന്ന ഒരു പ്രാവിനെ കാണിക്കുന്ന "സമാധാനത്തിൻ്റെ സന്ദേശവാഹകരാകുക" എന്ന ലിഖിതത്തോടുകൂടിയ വെങ്കല സൃഷ്ടിയും പേപ്പല്‍ ലേഖനങ്ങളും മന്ത്രിക്ക് പാപ്പ സമ്മാനിച്ചു. "പാക്കിസ്ഥാനിലെ പള്ളികൾ" എന്ന പുസ്തകത്തിന്റെ വാല്യമാണ് പാപ്പ മന്ത്രിയ്ക്കു സമ്മാനിച്ചത്.

മെയ് 25ന് പാകിസ്ഥാനിലെ മുജാഹിദ് കോളനിയിൽ മതനിന്ദ ആരോപിച്ച് ഇസ്ലാം മതസ്ഥര്‍ ക്രൂരമായ ആക്രമണം നടത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിന്ന ക്രൈസ്തവ വിശ്വാസി നസീർ മസിഹ് ആശുപത്രിയില്‍ മരിച്ച അതേ ദിവസമാണ് സന്ദർശനം നടന്നതെന്നത് ശ്രദ്ധേയമാണ്. പാക്കിസ്ഥാനിൽ, ജനസംഖ്യയുടെ 96 ശതമാനത്തിലധികം ഇസ്ലാം മതസ്ഥരാണ്. രാജ്യത്തെ ആകെ ജനസംഖ്യയുടെ 1.3% മാത്രമാണ് ക്രൈസ്തവര്‍. ക്രൂരമായ മതപീഡനത്തിനാണ് രാജ്യത്തെ ക്രൈസ്തവര്‍ വിധേയരാകുന്നത്.

ദൈവവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ?


Related Articles »