News - 2024
തട്ടിക്കൊണ്ടുപോകലിന് ഇരയായ മറ്റൊരു നൈജീരിയന്‍ വൈദികന് കൂടി മോചനം
പ്രവാചകശബ്ദം 12-06-2024 - Wednesday
കടൂണ: നൈജീരിയന്‍ സംസ്ഥാനമായ കടൂണയില്‍ തട്ടിക്കൊണ്ടുപോകലിന് ഇരയായ മറ്റൊരു നൈജീരിയൻ വൈദികന് കൂടി മോചനം. ജൂൺ 9 ഞായറാഴ്ച സാംഗോ കറ്റാഫ് പ്രാദേശിക പരിധിയിലെ സമാൻ ദാബോയിലെ സെൻ്റ് തോമസ് ഇടവകയുടെ റെക്‌ടറിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ ഫാ. ഗബ്രിയേൽ ഉകെയെയാണ് അക്രമികള്‍ ഒരു ദിവസത്തിന് ശേഷം മോചിപ്പിച്ചിരിക്കുന്നത്. വൈദികന്‍ സുരക്ഷിതമായി മോചിപ്പിക്കപ്പെട്ടുവെന്നും പ്രാര്‍ത്ഥിച്ചവര്‍ക്ക് നന്ദിയര്‍പ്പിക്കുന്നതായും കഫൻചാൻ രൂപത വക്താവ് ഫാ. ഗബ്രിയേൽ ഒകാഫോര്‍ അറിയിച്ചു.
നൈജീരിയയിലെ വൈദികരെ ലക്ഷ്യമിട്ടുള്ള തട്ടിക്കൊണ്ടുപോകൽ പരമ്പരയിലെ ഏറ്റവും ഒടുവിലത്തേതാണ് ഫാ. ഉകെയെ തട്ടിക്കൊണ്ടുപോയ സംഭവം. യോള രൂപതയിലെ വൈദികനായ ഫാ. ഒലിവർ ബൂബയെ മെയ് 21ന് അക്രമികള്‍ തട്ടിക്കൊണ്ടുപോയി ഒന്‍പത് ദിവസങ്ങള്‍ക്ക് ശേഷമാണ് മോചിപ്പിച്ചത്. മേയ് 15-ന് ഒനിറ്റ്ഷാ അതിരൂപത വൈദികനായ ഫാ. ബേസിൽ ഗ്ബുസുവോയെ അക്രമികള്‍ തട്ടിക്കൊണ്ടുപോയിരിന്നു. എട്ട് ദിവസങ്ങള്‍ക്ക് ശേഷം മെയ് 23-ന് അർദ്ധരാത്രിയോടെ ഉഫുമയ്ക്ക് സമീപമുള്ള സ്ഥലത്ത് വൈദികനെ ഉപേക്ഷിക്കുകയായിരിന്നു.
ഇക്കഴിഞ്ഞ അഞ്ചു മാസത്തിനിടെ നൈജീരിയയില്‍ തട്ടിക്കൊണ്ടു പോകലിന് ഇരയായ ആറാമത്തെ കത്തോലിക്ക വൈദികനാണ് ഫാ. ഗബ്രിയേൽ ഉകെ. ചില വൈദികരെ മോചിപ്പിക്കാന്‍ സഭയ്ക്കു മോചനദ്രവ്യം നല്‍കേണ്ടി വന്നിരിന്നു. മോഷണം, ആക്രമണങ്ങൾ, മോചനദ്രവ്യത്തിനായി തട്ടിക്കൊണ്ടുപോകൽ, കൊലപാതകം എന്നിവയുമായി നൈജീരിയയിലെ സാധാരണക്കാര്‍ പോരാടുകയാണ്. ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രാഷ്ട്രമായ നൈജീരിയയെ ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റാൻ ശ്രമിക്കുന്നതായി ആരോപിക്കപ്പെടുന്ന ഭീകര സംഘടനയായ ബോക്കോ ഹറാം 2009 മുതൽ രാജ്യത്ത് കനത്ത വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
▛ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ▟