News

ദിവ്യകാരുണ്യത്തിന് മുന്നില്‍ നിശബ്ദ പ്രാര്‍ത്ഥനയുമായി സുരേഷ് ഗോപി; ലൂർദ് കത്തീഡ്രലില്‍ ഗാനമാലപിച്ച് നന്ദിയര്‍പ്പണം

പ്രവാചകശബ്ദം 15-06-2024 - Saturday

തൃശൂര്‍: ലോക് സഭ തെരഞ്ഞെടുപ്പില്‍ വിജയിച്ച് കേന്ദ്ര സഹ മന്ത്രിയായി ഉയര്‍ത്തപ്പെട്ട സുരേഷ് ഗോപി തൃശൂർ ലൂർദ് മാതാ കത്തീഡ്രല്‍ ദേവാലയത്തില്‍ നന്ദിയര്‍പ്പിക്കാനെത്തി. ദേവാലയത്തില്‍ എത്തിയതിന് പിന്നാലെ ദിവ്യകാരുണ്യത്തിന് മുന്നില്‍ 'നന്ദിയാൽ പാടുന്നു ദൈവമേ' എന്ന ഗാനം അദ്ദേഹം ആലപിച്ചു. ഫാ. ജോയൽ പണ്ടാരപ്പറമ്പില്‍ രചിച്ചു സുരേഷ് ഗോപി തന്നെ പാടി സമൂഹ മാധ്യമങ്ങളില്‍ വൈറലായ ഗാനമാണിത്. തെരഞ്ഞെടുപ്പ് വിജയത്തിനു നന്ദി അറിയിച്ചുകൊണ്ടാണ് ലൂർദ് മാതാ കത്തീഡ്രല്‍ ദേവാലയത്തില്‍ സുരേഷ് ഗോപി സന്ദർശനം നടത്തിയത്.

ദേവാലയത്തിലെ നിത്യാരാധന ചാപ്പലില്‍ ഏതാനും സമയം അദ്ദേഹം നിശബ്ദമായി പ്രാര്‍ത്ഥിച്ചിരിന്നു. തെരഞ്ഞെടുപ്പിനു മുൻപ് മകളുടെ വിവാഹത്തോടനുബന്ധിച്ച് സുരേഷ് ഗോപി ലൂർദ് മാതാവിന് സ്വർണ കിരീടം സമർപ്പിച്ചിരുന്നു. ഇത്തവണത്തെ സന്ദര്‍ശനത്തില്‍ സ്വര്‍ണ്ണത്തില്‍ പണി തീര്‍ത്ത ജപമാലയാണ് സുരേഷ് ഗോപി സമര്‍പ്പിച്ചത്. നന്ദി എന്ന് പറയുന്നത് ഹൃദയത്തിലാണുള്ളതെന്നും അത് ഉൽപന്നങ്ങളിൽ അല്ലെന്നും സ്വർണ ജപമാല സമർപ്പിച്ചതിനുശേഷം സുരേഷ് ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചു.

കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ?


Related Articles »