News - 2024

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പങ്കാളിയും മക്കളും ഫാത്തിമ തീര്‍ത്ഥാടന കേന്ദ്രത്തില്‍

പ്രവാചകശബ്ദം 18-06-2024 - Tuesday

ഫാത്തിമ: ലോക പ്രശസ്ത ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പങ്കാളിയും മോഡലുമായ ജോർജിന റോഡ്രിഗസ് കുട്ടികളോടൊപ്പം ഫാത്തിമ തീര്‍ത്ഥാടന കേന്ദ്രം സന്ദര്‍ശിച്ചു. ദൈവമാതാവിന്റെ പ്രത്യക്ഷീകരണം നടന്ന പോർച്ചുഗലിലെ ഫാത്തിമ തീര്‍ത്ഥാടന കേന്ദ്രത്തില്‍ സന്ദര്‍ശനം നടത്തിയ കാര്യം ജോർജിന തൻ്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ഫോളോവേഴ്സിനെ അറിയിച്ചത്. താര ദമ്പതികളുടെ മക്കളായ ക്രിസ്റ്റ്യാനോ ജൂനിയർ, മറ്റിയോ, ഈവാ മരിയ, അലന മാർട്ടിന, ബെല്ല എസ്മെറാൾഡ തുടങ്ങിയവരും സംഘത്തില്‍ ഉണ്ടായിരിന്നു.



ജോർജിന റോഡ്രിഗസ് മക്കളോടൊപ്പം ഫാത്തിമ നാഥയുടെ തീര്‍ത്ഥാടന കേന്ദ്രം സന്ദര്‍ശിക്കുന്നതിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്. കുട്ടികൾക്കൊപ്പം മെഴുകുതിരികൾ കത്തിക്കുന്നതിന്റെയും പ്രാര്‍ത്ഥിക്കുന്നതിന്റെയും ഒരു വൈദികനില്‍ നിന്ന് ആശീര്‍വാദം സ്വീകരിക്കുന്നതും ചിത്രങ്ങളില്‍ ദൃശ്യമാണ്. ഒരു വലിയ കൂട്ടം തീർത്ഥാടകരോടൊപ്പം അവർ പ്രത്യക്ഷീകരണ ചാപ്പലിൽ പ്രാർത്ഥിക്കുന്നതും വ്യക്തമാണ്. ജോർജിന ഫാത്തിമയില്‍ തീര്‍ത്ഥാടനം നടത്തുന്നത് ഇതാദ്യമായിട്ടില്ല. 2022-ല്‍ ഇവരുടെ ഇരട്ട മക്കളില്‍ ഒരാള്‍ മരിച്ചപ്പോള്‍ ജോർജിന പ്രാര്‍ത്ഥനയുമായി തീര്‍ത്ഥാടനം നടത്തിയിരിന്നു.

കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ?


Related Articles »