India - 2024
സഭയെ അവഹേളിച്ചുള്ള പ്രചരണം തോൽവിയുടെ ഉത്തരവാദിത്വം മറ്റുള്ളവരിൽ കെട്ടിവയ്ക്കാനുള്ള രാഷ്ട്രീയ കൗശലത്തിന്റെ ഭാഗം: തൃശൂര്‍ അതിരൂപത
പ്രവാചകശബ്ദം 26-06-2024 - Wednesday
തൃശൂർ: സുരേഷ് ഗോപിയുടെ വിജയത്തെത്തുടർന്ന് ക്രൈസ്‌തവസമുദായത്തിനുനേരേ ഉയർന്നുവരുന്ന ആരോപണങ്ങൾക്കെതിരേ തൃശൂർ അതിരൂപത രംഗത്ത്. ആരോപണങ്ങൾ തികച്ചും അടിസ്ഥാനരഹിതമെന്നും അവയെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നുവെന്നും അതിരൂപത. അനർഹമായ സാമ്പത്തികനേട്ടങ്ങൾക്കുവേണ്ടി അതിരൂപതാ നേതൃത്വം ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിയെ പിന്തുണച്ചുവെന്ന ആരോപണം വേദനാജനകമാണെന്നു ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
രാജ്യത്തിന്റെ ഭരണഘടനയെയും ജനാധിപത്യ മതനിരപേക്ഷമൂല്യങ്ങളെയും വിലമതിക്കുന്നവരും ദൈവവിശ്വാസവും ന്യൂനപക്ഷ അവകാശങ്ങളും മാനിക്കുന്നവരുമായ രാഷ്ട്രീയകക്ഷികളെയും നേതാക്കളെയും അംഗീകരിക്കണമെന്നത് അതിരൂപത എക്കാലത്തും സ്വീകരിച്ചുവന്നിട്ടുള്ള ശക്തമായ നിലപാടാണ്. ഇക്കാര്യങ്ങൾ ഫെബ്രുവരി 25നു തൃശൂരിൽ സംഘടിപ്പിച്ച സമുദായ ജാഗ്രതാസമ്മേളനത്തിൽ അതിരൂപതാ നേതൃത്വം വ്യക്തമാക്കിയിരുന്നു.
അനാവശ്യ ആരോപണങ്ങളിലൂടെ സഭയെ ഇകഴ്ത്തിക്കാണിക്കുവാൻ ശ്രമിക്കുന്നവർ, അതിരൂപതയുടെ ഭാഗമായ മൂന്ന് നിയമസഭാ മണ്ഡലങ്ങളിൽ ഇത രരാഷ്ട്രീയകക്ഷികൾക്കു മേൽക്കൈ ഉണ്ടായത് മനഃപൂർവം വിസ്‌മരിക്കുകയാണ്. സ്വന്തം വീഴ്ചകൾ മറച്ചുവച്ചും, പോരായ്‌മകൾ സ്വയം അംഗീകരിക്കാതെയും തോൽവിയുടെ ഉത്തരവാദിത്വം മറ്റുള്ളവരിൽ കെട്ടിവയ്ക്കാനുള്ള രാഷ്ട്രീയ കൗശലത്തിന്റെ ഭാഗമാണു നിലവിലെ വിവാദങ്ങൾ. തൃശൂരിലെ ക്രൈസ്‌തവ സമുദായത്തെയും അതിരൂപതാ നേതൃത്വത്തെയും അനാവശ്യ ആരോപണങ്ങളിലൂടെ ഒറ്റപ്പെടുത്താൻ ശ്രമിക്കുന്നതു വെറും വ്യാമോഹം മാത്രമായിരിക്കുമെന്നും നേതൃത്വം ഓർമപ്പെടുത്തി.
പത്രസമ്മേളനത്തിൽ അതിരൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോഷി വടക്കൻ, മുൻ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി അഡ്വ. ബിജു കുണ്ടുകുളം, കത്തോലിക്ക കോൺഗ്രസ് അതിരൂപത പ്രസിഡൻ്റ ഡോ. ജോബി തോമസ് കാക്കശേരി, കത്തോലിക്ക കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. ഡേവീ സ്, അതിരൂപത പബ്ലിക് റിലേഷൻ പ്രസിഡൻ്റ് ജോർജ് ചിറമ്മൽ എന്നിവർ പങ്കെടുത്തു.