India - 2024
കെസിബിസി പ്രോലൈഫ് സമിതിയുടെ കേരള മാർച്ച് ഫോർ ലൈഫ് - ജീവ സംരക്ഷണ സന്ദേശ യാത്ര നാളെ മുതല്‍
പ്രവാചകശബ്ദം 01-07-2024 - Monday
കൊച്ചി: ഓഗസ്റ്റ് 10ന് തൃശ്ശൂരിൽവെച്ച് നടക്കാനിരിക്കുന്ന ഇന്ത്യാസ് മാർച്ച് ഫോർ ലൈഫിന്റെ മുന്നോടിയായി കെസിബിസി പ്രോ ലൈഫ് സമിതി നടത്തുന്ന കേരള മാർച്ച് ഫോർ ലൈഫ് - ജീവ സംരക്ഷണ സന്ദേശ യാത്ര കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട് നിന്നും ജൂലൈ രണ്ടിന് ആരംഭിക്കും. പടന്നക്കാട് ഗുഡ് ഷെപ്പേർഡു് ചർച്ചിൽവെച്ച് നടക്കുന്ന പൊതുസമ്മേളനത്തിൽ കെസിബിസി പ്രോലൈഫ് സമിതിയുടെയും ഫാമിലി കമ്മീഷന്റെയും ചെയർമാൻ ബിഷപ്പ് ഡോ. പോൾ ആൻറണി മുല്ലശ്ശേരി അധ്യക്ഷത വഹിക്കുന്ന യോഗത്തിൽവെച്ച് തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്യും.
കണ്ണൂർ രൂപത അധ്യക്ഷൻ ബിഷപ്പ് ഡോ. അലക്സ് വടക്കുംതല അനുഗ്രഹ പ്രഭാഷണം നടത്തും. കെസിബിസി പ്രോലൈഫ് സമിതിയുടെ ഡയറക്ടർ ഫാ. ക്ലീറ്റസ് വർഗീസ് കതിർപ്പറമ്പിൽ, തലശ്ശേരി അതിരൂപത വികാരി ജനറൽ മോൺസിഞ്ഞൂർ ഫാ. മാത്യു ഇളംതുരുത്തിപടവിൽ, കെസിബിസി പ്രൊലൈഫ് സമിതി പ്രസിഡൻറ് ജോൺസൺ ചൂരപ്പറമ്പിൽ, ജനറൽ സെക്രട്ടറി ജയിംസ് ആഴ്ചങ്ങാടൻ, ആനിമേറ്റർമാരായ സാബു ജോസ്, ജോർജ് എഫ് സേവ്യർ, സിസ്റ്റർ മേരി ജോർജ്, കണ്ണൂർ രൂപത കാഞ്ഞങ്ങാട് ഫൊറോന വികാരി പറവറൽ ഫാ. ആൻസിൽ പീറ്റർ, തലശ്ശേരി അതിരൂപത കാഞ്ഞങ്ങാട് ഫൊറോനാ വികാരി ട്രവറൽ ഫാദർ ജോർജ് കളപ്പുര, കണ്ണൂർ രൂപത ഫാദർ പീറ്റർ കനിഷ്, തലശ്ശേരി അതിരൂപത പ്രോലൈഫ് ഡയറക്ടർ ഫാ. ജോബി കോവാട്ട്, സിസ്റ്റർ ജോസ് കൈമപറമ്പിൽ, ആൻറണി പത്രോസ്, മാർട്ടിൻ ന്യൂനസ് എന്നിവർ സംസാരിക്കും. ജോയ്സ് മുക്കുടം അവതരിപ്പിക്കുന്ന പ്രോലൈഫ് മാജിക് ഷോയും ഉണ്ടായിരിക്കും.
ജെയിംസ് ആഴ്ചങ്ങാടൻ, സാബു ജോസ് നേതൃത്വം നൽകുന്ന സംസ്ഥാന സമിതിയാണ് കേരള മാർച്ച് ഫോർ ലൈഫ് -ജീവസംരക്ഷണ സന്ദേശയാത്രക്ക് നേതൃത്വം നൽകുന്നത്. 14 ജില്ലകളിലെ 32 രൂപതകളിലൂടെ സഞ്ചരിക്കും. മുന്നൂറോളം കേന്ദ്രങ്ങളിൽ പ്രോലൈഫ് യോഗങ്ങൾ സംഘടിപ്പിക്കും. ആഗസ്റ്റ് 10 ന് ജീവസംരക്ഷണ സന്ദേശയാത്ര തൃശ്ശൂരിൽ സമാപിക്കും. ജീവനെതിരെയുള്ള നിയമങ്ങൾ റദ്ദാക്കണമെന്നാ വശ്യപ്പെട്ടുകൊണ്ടുള്ളമാർച്ച് ഫോർ ലൈഫും തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ നടക്കും. 32 രൂപതകളിൽ കർദ്ദിനാളുമാർ, മെത്രാപ്പൊലീത്തമാർ, മെത്രാന്മാർ , വിവിധ കമ്മീഷനുകളുടെയും പ്രസ്ഥാനങ്ങളുടെയും നേതാക്കന്മാർ പ്രഭാഷണങ്ങൾ നടത്തും. ജീവനും ജീവിതവും സംരക്ഷിക്കപ്പെടണം എന്ന മുദ്രാവാക്യവുമായി നടത്തുന്ന യാത്രയിൽ ജീവ സംരക്ഷണത്തിനായുള്ള ഒപ്പുശേഖരണവും ഉണ്ടായിരിക്കും.