News
ഒഹായോ നദിയിലൂടെ 30 മൈൽ ദിവ്യകാരുണ്യ പ്രദക്ഷിണം
പ്രവാചകശബ്ദം 01-07-2024 - Monday
ഒഹായോ: ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസിന് മുന്നോടിയായി ദിവ്യകാരുണ്യവുമായി ഒഹായോ നദിയിലൂടെ പ്രദക്ഷിണം. ജൂൺ 23 ഞായറാഴ്ച ഒഹായോയിലെ സ്റ്റുബെൻവില്ലെയില്‍ നിന്നു പുറപ്പെട്ട കപ്പലിലാണ് ദിവ്യകാരുണ്യം എഴുന്നള്ളിച്ചിരിന്നത്. നിരവധി ആളുകളെയും നദി തീരങ്ങളിലെ സ്ഥലങ്ങളെയും ദിവ്യകാരുണ്യം ആശീര്‍വ്വദിച്ചുകൊണ്ട് നദിയിലൂടെ 30 മൈൽ തീര്‍ത്ഥാടനം നടന്നതെന്ന് സിഎന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്റ്റ്യൂബെൻവില്ലിനടുത്തുള്ള ഒഹായോ നദിയിലെ "സെവിക്ലി" എന്ന കപ്പലിൽ വൈദികനായ ഫാ. റോജർ ലാൻഡ്രി ദിവ്യകാരുണ്യം അരുളിക്കയില്‍ ഉയര്‍ത്തി കപ്പലിന് മുന്നിലുണ്ടായിരിന്നു.
നദീതീരത്ത് ഒത്തുകൂടിയ തീർത്ഥാടകര്‍ ക്രിസ്തുവിനോട് ആത്മാർത്ഥമായ സ്നേഹവും ആരാധനയും ഉള്ളവരാണെന്നും ദിവ്യകാരുണ്യത്തിന്റെ വരവിനായി ആകാംക്ഷയോടെ കാത്തിരിക്കുകയായിരിന്നുവെന്നും ഫോട്ടോ ജേണലിസ്റ്റ് ജെഫ് ബ്രൂണോ വെളിപ്പെടുത്തി. ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തേക്ക് യാത്ര ചെയ്യുകയും വ്യത്യസ്ത വിശ്വാസി സമൂഹങ്ങളെ കണ്ടുമുട്ടുകയും ചെയ്തെങ്കിലും ഓരോ സ്ഥലത്തും അവരെല്ലാം ഒഹായോ നദിയുടെ സാവധാനത്തിൽ ഒഴുകുന്ന നദിയുടെ തീരത്ത് യേശുവിനെ കാത്തിരിക്കുകയായിരുന്നുവെന്ന് ബ്രൂണോ പറഞ്ഞു.
നേരത്തെ മെയ് 18-ന് കണക്റ്റിക്കട്ടിലെ ന്യൂ ഹേവനിലുള്ള സെൻ്റ് മേരീസ് പള്ളിയില്‍ വിശുദ്ധ കുർബാനയോടെയാണ് സെറ്റോൺ വഴിയുള്ള ദിവ്യകാരുണ്യ തീർത്ഥാടനം ആരംഭിച്ചത്. ദിവ്യകാരുണ്യ ഈശോയേ വഹിച്ചുകൊണ്ട് അമേരിക്കയിലെ 4 വ്യത്യസ്ത പാതകളിലൂടെ തീർത്ഥാടനം നടക്കുന്നുണ്ട്. 27 സംസ്ഥാനങ്ങളിലെ 65 രൂപതകൾ 6,500 മൈലുകളിലായി പിന്നിട്ട് ജൂലൈ 16 ന് ഇന്ത്യനാപോളിസിൽ എത്തിച്ചേരും. ജൂലൈ 17 മുതൽ 21 വരെയാണ് 10-ാമത് നാഷണൽ ദിവ്യകാരുണ്യ കോൺഗ്രസ് അമേരിക്കയില്‍ നടക്കുന്നത്.