India

കുടുംബങ്ങളുടെ ശാക്തീകരണം വിശ്വാസ കൈമാറ്റത്തിന് അനിവാര്യം: മാർ റാഫേൽ തട്ടിൽ

പ്രവാചകശബ്ദം 04-07-2024 - Thursday

കാക്കനാട്: കുടുംബങ്ങളുടെ ശാക്തീകരണം വിശ്വാസ കൈമാറ്റത്തിന് അനിവാര്യമാണെന്ന് സീറോമലബാർസഭാ മേജർ ആര്‍ച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. ക്രിസ്തുശിഷ്യനും ഭാരതത്തിന്റെ അപ്പസ്തോലനുമായ മാർതോമാശ്ലീഹായുടെ ദുക്റാന തിരുനാളിനോടും സഭാദിനത്തോടും അനുബന്ധിച്ച് സീറോമലബാർസഭയുടെ കേന്ദ്രകാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

"അവനോടൊപ്പം മരിക്കാൻ നമുക്കും പോകാം" എന്നു സഹശിഷ്യന്മാരോടു പറഞ്ഞ തോമാശ്ലീഹായുടെ ജീവിതമാതൃക പ്രയാസഘട്ടങ്ങളിൽ പരാജയഭീതിയോടെ പിന്മാറുന്നതിനുപകരം ധീരതയോടെ അവയെ നേരിടാൻ നമ്മെ സഹായിക്കുന്നതാണെന്നും മുറിവുകളുണക്കി സാക്ഷ്യം നൽകിക്കൊണ്ട് വിശ്വാസസ്ഥിരതയോടെ സഭയോടൊപ്പം ഒന്നിച്ചു മുന്നേറാമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. രാവിലെ 8.30ന് മാർ റാഫേൽ തട്ടിൽ പിതാവ് സഭാകാര്യാലയത്തിൽ പതാക ഉയർത്തിയതോടെ ആഘോഷപരിപാടികൾക്ക് തുടക്കമായി. തുടർന്ന് നടന്ന ആഘോഷമായ റാസാ കുർബാനയിൽ മേജർ ആർച്ചുബിഷപ്പ് കാർമികത്വം വഹിച്ചു.

താമരശ്ശേരി രൂപതാധ്യക്ഷൻ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ വചനസന്ദേശം നൽകി. എറണാകുളം അങ്കമാലി അതിരൂപതാ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ മാർ ബോസ്കോ പുത്തൂർ, കൂരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, തൃശൂർ അതിരൂപതാ സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ എന്നിവർ സഹകാർമികരായിരുന്നു. സമർപ്പിതസമൂഹങ്ങളുടെ മേജർ സുപ്പീരിയേഴ്സും രൂപതകളുടെ വികാരി ജനറൽമാരും സെമിനാരികളുടെ റെക്ടർമാരും രൂപതകളെയും സമർപ്പിതസമൂഹങ്ങളെയും പ്രതിനിധീകരിച്ചുവന്ന ബഹുമാനപ്പെട്ട വൈദികരും സമർപ്പിതരും അല്മായരും വിശുദ്ധ കുർബാനയിൽ പങ്കുചേർന്നു.

സെന്റ് തോമസ് ഓഡിറ്റോറിയത്തിൽ നടന്ന പൊതുസമ്മേളനത്തിന് മുന്നോടിയായി സീറോമലബാർസഭയുടെ ചരിത്രമവതരിപ്പിക്കുന്ന ഡോക്കുമെന്ററി പ്രദർശിപ്പിച്ചു. സഭയുടെ ഗവേഷണ പഠന കേന്ദ്രമായ ലിറ്റർജിക്കൽ റിസേർച്ച് സെന്റർ പ്രസിദ്ധീകരിച്ച Apostolate of St Thomas in India എന്ന പുസ്തകം മാർ റാഫേൽ തട്ടിൽ പിതാവ് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കലിനു നല്കി പ്രകാശനം ചെയ്തു.

എൽ.ആർ.സി. പഠനപരമ്പരയെ മാർ ടോണി നീലങ്കാവിലും പുതിയ പുസ്തകത്തെ എഡിറ്റർ റവ. ഡോ. പയസ് മലേകണ്ടത്തിലും പരിചയപ്പെടുത്തി. പ്രൊഫ. ഡോ. തോമസ് മണ്ണൂരാൻപറമ്പിൽ ഏർപ്പെടുത്തിയിട്ടുള്ള 'പൗരസ്ത്യരത്നം' അവാർഡ് ചടങ്ങിൽ പ്രഖ്യാപിച്ചു. ആരാധനക്രമ വിഷയത്തിൽ അതുല്യമായ സംഭാവനകൾ നൽകിയ റവ. പ്രൊഫ. ഡോ. വർഗീസ് പാത്തികുളങ്ങര സി.എം.ഐ. ആണ് അവാർഡിനർഹനായത്.

പൊതുസമ്മേളനത്തിൽ എം.എസ്.എം.ഐ. സന്ന്യാസിനീസമൂഹത്തിന്റെ സുപ്പീരിയർ ജനറൽ സി. എൽസി വടക്കേമുറി, കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയനിലം, മാതൃവേദി ഗ്ലോബൽ ജനറൽ സെക്രട്ടറി ആൻസി മാത്യു ചേന്നോത്ത്‌ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. ചടങ്ങിന് കൂരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ സ്വാഗതമാശംസിക്കുകയും മേജർ ആർക്കിഎപ്പിസ്കോപ്പൽ കൂരിയാ ചാൻസലർ ഫാ. എബ്രഹാം കാവിൽപുരയിടത്തിൽ കൃതജ്ഞത പ്രകാശിപ്പിക്കുകയും ചെയ്തു. പൊതുസമ്മേളനത്തോടനുബന്ധിച്ചു വിവിധ കലാപരിപാടികൾ അവതരിപ്പിക്കപ്പെട്ടു. സ്നേഹവിരുന്നോടുകൂടി സഭാദിനപരിപാടികൾ സമാപിച്ചു.


Related Articles »