Arts - 2024

എട്ടാം നൂറ്റാണ്ട് വരെ പഴക്കമുള്ള ചരിത്ര രേഖകള്‍ സൂക്ഷിയ്ക്കുന്ന സഭയുടെ അപ്പസ്തോലിക് ആർക്കൈവ്സിനെ ഫാ. റോക്കോ നയിക്കും

പ്രവാചകശബ്ദം 08-07-2024 - Monday

വത്തിക്കാന്‍ സിറ്റി: കത്തോലിക്ക സഭയുടെ എട്ടാം നൂറ്റാണ്ട് വരെ പഴക്കമുള്ള ചരിത്ര സഭാ രേഖകൾ സംരക്ഷിക്കുന്ന വത്തിക്കാൻ അപ്പസ്തോലിക് ആർക്കൈവ്സിന്റെ പുതിയ പ്രീഫെക്റ്റായി റോമിൽ നിന്നുള്ള പ്രൊഫസറും അഗസ്തീനിയൻ വൈദികനുമായ ഫാ. റോക്കോ റൊൻസാനിയെ ഫ്രാന്‍സിസ് പാപ്പ നിയമിച്ചു. വത്തിക്കാനിലെ "രഹസ്യ ശേഖരണം" എന്ന് വിളിക്കപ്പെട്ടിരുന്ന അപ്പസ്തോലിക് ആര്‍ക്കൈവ്സിന്‍റെ ഉത്തരവാദിത്വം ഫാ. റോക്കോ നിര്‍വ്വഹിക്കുമെന്ന് ജൂലൈ 5-നാണ് വത്തിക്കാന്‍ അറിയിച്ചിരിക്കുന്നത്. 1997 മുതൽ വത്തിക്കാൻ ആർക്കൈവ്സിൽ 45 വർഷത്തോളം പ്രിഫെക്ടായി സേവനമനുഷ്ഠിച്ച ആർച്ച് ബിഷപ്പ് സെർജിയോ പഗാനോയുടെ പിൻഗാമിയായാണ് ഫാ. റോക്കോ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

ചരിത്രപരമായ പേപ്പല്‍ ഭരണങ്ങള്‍, എക്യുമെനിക്കൽ കൗൺസിലുകൾ, കോൺക്ലേവുകൾ, വത്തിക്കാൻ നൂൺഷ്യേച്ചറുകൾ അഥവാ പരിശുദ്ധ സിംഹാസനത്തിന്റെ എംബസികൾ എന്നിവയിൽ നിന്നുള്ള രേഖകള്‍, ചിത്രങ്ങള്‍ തുടങ്ങീ നിരവധി കാര്യങ്ങള്‍ സംരക്ഷിക്കുന്ന ഇടമാണ് വത്തിക്കാൻ അപ്പസ്തോലിക് ആർക്കൈവ്സ്. 1881-ൽ ലിയോ പതിമൂന്നാമൻ മാർപാപ്പയാണ് ഇത് ദൈവശാസ്ത്ര പണ്ഡിതന്മാർക്കായി തുറന്നുകൊടുത്തത്. യോഗ്യതയുള്ള ഗവേഷകർക്ക് പ്രത്യേക രേഖകൾ സന്ദർശിക്കാനും കാണാനും അനുമതിയുണ്ട്.

1978 ഫെബ്രുവരി 21-ന് റോമിലാണ് അപ്പസ്തോലിക് ആർക്കൈവ്സിന്റെ പുതിയ പ്രീഫെക്റ്റായി തെരഞ്ഞെടുക്കപ്പെട്ട ഫാ. റോക്കോ ജനിച്ചത്. 1997-ൽ സെൻ്റ് അഗസ്റ്റിൻ സന്യാസ സമൂഹത്തില്‍ പ്രവേശിച്ചു. 2004-ൽ വൈദികനായി അഭിഷിക്തനായി. റോമിലെ പൊന്തിഫിക്കൽ പാട്രിസ്റ്റിക് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ദൈവശാസ്ത്രത്തിലും പാട്രിസ്റ്റിക് സയൻസിലും ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. വിശുദ്ധരുടെ നാമകരണത്തിനായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററിയുടെ കൺസൾട്ടൻ്റായും അഗസ്തീനിയക്കാരുടെ ഇറ്റാലിയൻ പ്രവിശ്യയുടെ ചരിത്രരേഖകളുടെ നിലവിലെ ഡയറക്ടറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.




Related Articles »