Life In Christ

ബ്രസീലിലെ നിത്യ പിതാവിന്റെ ബസിലിക്കയില്‍ ഒരാഴ്ച്ചയ്ക്കിടെ എത്തിയത് 40 ലക്ഷത്തോളം തീര്‍ത്ഥാടകര്‍

പ്രവാചകശബ്ദം 10-07-2024 - Wednesday

സാവോപോളോ: ബ്രസീലിലെ ഗോയാസ് സംസ്ഥാനത്തിലെ ട്രിൻഡേഡ് നഗരത്തിൽ സ്ഥിതി ചെയ്യുന്ന "ഡിവൈൻ എറ്റേണൽ ഫാദർ" ബസിലിക്കയില്‍ ഇത്തവണ തീര്‍ത്ഥാടനത്തിന് എത്തിയത് 40 ലക്ഷത്തോളം വിശ്വാസികള്‍. 'സ്വര്‍ഗ്ഗീയ പിതാവിന്' സമർപ്പിച്ചിരിക്കുന്ന ലോകത്തിലെ ഏക ബസിലിക്ക ദേവാലയമാണ് ഇത്. തീര്‍ത്ഥാടനം ആരംഭിച്ച ജൂൺ 28നും സമാപിച്ച ജൂലൈ 7നും ഇടയിൽ 3.9 ദശലക്ഷത്തിലധികം വിശ്വാസികള്‍ പ്രാര്‍ത്ഥനയുമായി എത്തിയെന്ന് ബസിലിക്ക ദേവാലയ റെക്ടർ ഫാ. മാർക്കോ ഓറേലിയോ മാർട്ടിൻസ് മാധ്യമങ്ങളോട് വെളിപ്പെടുത്തി.

മധ്യ-പടിഞ്ഞാറൻ ബ്രസീലിലെ ഏറ്റവും വലിയ തീര്‍ത്ഥാടനമാണ് ജൂണ്‍- ജൂലൈ മാസങ്ങളിലായി ഇവിടെ നടത്തപ്പെടുന്നത്. തീർത്ഥാടനത്തിൻ്റെ പത്തുദിവസങ്ങളിലായി വിവിധ സമയങ്ങളില്‍ 145 വിശുദ്ധ കുർബാന, 50 നൊവേന, 11 പ്രദക്ഷിണം, മറ്റ് തിരുക്കര്‍മ്മങ്ങള്‍ എന്നിവ നടന്നു. 2025-ലെ ജൂബിലി വര്‍ഷത്തിനു ഒരുക്കമായി 2024-ല്‍ ഫ്രാൻസിസ് മാർപാപ്പ ആഹ്വാനം ചെയ്ത പ്രാർത്ഥനാ വർഷത്തോട് അനുബന്ധിച്ച്, "നിത്യ പിതാവേ, അങ്ങേക്ക് ഞങ്ങളുടെ പ്രാർത്ഥന" എന്ന പ്രമേയവുമായാണ് തീര്‍ത്ഥാടനം നടന്നത്.

ഞായറാഴ്ച ആഘോഷങ്ങളുടെ സമാപന ദിനത്തില്‍ ലക്ഷങ്ങള്‍ ഒത്തുചേർന്ന പ്രദിക്ഷണം നടന്നു. പ്രധാന പള്ളിയിൽ നിന്ന് ബസിലിക്ക സാങ്ച്വറി സ്ക്വയറിലേക്കായിരിന്നു പ്രദിക്ഷണം. മോൺസിഞ്ഞോർ ജോവോ ജസ്റ്റിനോ വിശുദ്ധ കുര്‍ബാന അര്‍പ്പണത്തിന് മുഖ്യകാര്‍മ്മികത്വം വഹിച്ചു. ആഘോഷത്തിന്റെ സമാപനത്തില്‍, എല്ലാ വർഷവും ജൂലൈ 1ന് നിത്യ പിതാവിൻ്റെ തീർത്ഥാടകരുടെ സംസ്ഥാന ദിനമായി പ്രഖ്യാപിക്കുന്ന നിയമം വായിച്ചു. ഡെമോക്രാറ്റിക് ലേബർ പാർട്ടിയുടെ (പിഡിടി) സംസ്ഥാന ഡെപ്യൂട്ടി ജോർജ് മൊറൈസ് നിർദ്ദേശിച്ച നിയമം ഈ വർഷം ജൂൺ 4ന് നിലവിൽ വന്നിരിന്നു.


Related Articles »