India - 2024
ഭ്രൂണഹത്യയിലൂടെ അനേക ലക്ഷം കുഞ്ഞുങ്ങൾ കൊല്ലപ്പെടുന്നത് വേദനാജനകം: ആര്‍ച്ച് ബിഷപ്പ് ജോസഫ് കളത്തിപറമ്പിൽ
പ്രവാചകശബ്ദം 11-07-2024 - Thursday
കൊച്ചി: ഏറ്റവും സുരക്ഷിതമായ മാതാവിന്റെ ഗർഭപാത്രത്തിൽവെച്ച് അനേക ലക്ഷം കുഞ്ഞുങ്ങൾ കൊല്ലപ്പെടുന്നത് വേദനാജനകമാണെന്ന് വരാപ്പുഴ മെത്രാപ്പൊലിത്ത ഡോ. ജോസഫ് കളത്തിപറമ്പിൽ. ഈ ഭൂമിയുടെ ശബ്ദവും വെളിച്ചവും അനുഭവിക്കുവാനുള്ള ആ കുഞ്ഞുങ്ങൾക്കുവേണ്ടിയുള്ള അവകാശത്തിനു വേണ്ടിയുള്ളതാണ് പ്രോലൈഫ് പ്രവർത്തനമെന്ന് കെസിബിസി പ്രോലൈഫ് സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന ജീവസംരക്ഷണ യാത്രയ്ക്ക് വരാപ്പുഴ അതിരുപതയിൽ നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജീവസംരക്ഷണ സന്ദേശ യാത്ര ടീമിൽ കെസിബിസി പ്രോലൈഫ് സമിതിയുടെ ഡയറക്ടർ ഫാ. ക്‌ളീറ്റസ് കതിർപറമ്പിൽ, പ്രസിഡന്റ് ജോൺസൻ സി എബ്രഹാം, ജനറൽ സെക്രട്ടറി ജെയിംസ് ആഴ്ചങ്ങാടൻ (ക്യാപ്റ്റൻ), ആനിമേറ്റർ സാബു ജോസ്, വൈസ് ക്യാപ്റ്റൻ മാർട്ടിൻ ന്യൂനസ്, മജിഷ്യനും ജോയിന്റ് കോ ഓർഡിനേറ്ററുമായ ജോയ്‌സ് മുക്കുടം എന്നിവർ ഉണ്ടായിരുന്നു. ഓഗസ്റ്റ് 10ന് തൃശ്ശൂരിൽവെച്ച് നടക്കാനിരിക്കുന്ന ഇന്ത്യാസ് മാർച്ച് ഫോർ ലൈഫിന്റെ മുന്നോടിയായി കെസിബിസി പ്രോലൈഫ് സമിതി നടത്തുന്ന കേരള മാർച്ച് ഫോർ ലൈഫ് - ജീവ സംരക്ഷണ സന്ദേശ യാത്ര ജൂലൈ രണ്ടിന് കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട് നിന്നുമാണ് ആരംഭിച്ചത്.