News - 2024

ഫ്രാൻസിലെ ആയിരം വർഷം പഴക്കമുള്ള റൂവൻ കത്തീഡ്രലിൽ തീപിടിത്തം

പ്രവാചകശബ്ദം 12-07-2024 - Friday

പാരീസ്: ഫ്രാൻസിലെ ആയിരം വർഷം പഴക്കമുള്ള പ്രസിദ്ധമായ റൂവൻ കത്തീഡ്രലിൽ തീപിടിത്തം. 2015 മുതൽ റൂവൻ ആർച്ച് ബിഷപ്പിൻ്റെ ആസ്ഥാനം കൂടിയായ പള്ളിയിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുകയാണ്. ഡിസംബറിൽ തുറന്നുകൊടുക്കാനിരിക്കേയാണു തീപിടിത്തമുണ്ടായത്. കാര്യമായ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് പ്രാദേശിക അഗ്നിശമനസേന അറിയിച്ചു. സ്ഥലത്തെ തൊഴിലാളികൾ ആദ്യം തീ അണയ്ക്കാൻ ശ്രമിച്ചുവെങ്കിലും വിഫലമായി. തുടർന്ന് അഗ്നിശമന സേനയെ വിവരമറിയിക്കുകയായിരിന്നു. 40 വാഹനങ്ങളുമായി 70 അഗ്നിശമന സേനാംഗങ്ങളുടെ നേതൃത്വത്തിലായിരിന്നു തീയണച്ചത്.

1063ലാണ് റൂവൻ നഗരത്തിൽ സ്വർഗാരോപിത മാതാവിൻ്റെ നാമധേയത്തിൽ ഗോത്തിക് ശിൽപകല ശൈലിയിൽ കത്തീഡ്രൽ പണിതത്. കത്തീഡ്രലിൻ്റെ പ്രസിദ്ധമായ സ്‌തൂപികയ്ക്കാണു തീപിടിച്ചത്. നവീകരണ പ്രവർത്തനങ്ങൾ മറയ്ക്കുന്ന പ്ലാസ്റ്റിക് ഷീറ്റിൻ്റെ ഒരു ഭാഗത്തിന് തീപിടിയ്ക്കുകയായിരിന്നു. എന്നാൽ എങ്ങനെയാണ് തീപിടിത്തമുണ്ടായതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടില്ല. അഗ്നിശമന സേനാംഗങ്ങളുടെ സമയോചിത ഇടപെടലില്‍ തീയണച്ചു. സ്‌തൂപികയ്ക്ക് 150 മീറ്റർ ഉയരമുണ്ട്. 1880ൽ കൊളോൺ കത്തീഡ്രൽ പണി തീരുന്നതുവരെ ലോകത്തിലെ ഏറ്റവും ഉയരമുള്ള നിർമ്മിതി ഇതായിരുന്നു.

850 വര്‍ഷത്തിലേറെ പഴക്കമുള്ള ഫ്രാന്‍സിലെ ചരിത്ര പ്രസിദ്ധമായ പുരാതന ദേവാലയം നോട്രഡാം കത്തീഡ്രലില്‍ അഗ്‌നിബാധയുണ്ടായിട്ട് അഞ്ചു വര്‍ഷം പൂര്‍ത്തിയായിരിന്നു. 2019 ഏപ്രില്‍ 15നാണ് പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെ ലോകത്തെ തന്നെ കണ്ണീരിലാഴ്ത്തിയുള്ള അഗ്‌നിബാധ ദേവാലയത്തില്‍ ഉണ്ടായത്. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തില്‍ ദേവാലയ ഗോപുരത്തിന്മേലുണ്ടായിരുന്ന തീ അണച്ചുവെങ്കിലും ഗോപുരം പൂര്‍ണ്ണമായും കത്തിനശിച്ചു. ദേവാലയത്തിന്റെ പുനര്‍നിര്‍മ്മാണം നടന്നുവരികയാണ്. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം നേടിയ ദേവാലയമാണ് നോട്രഡാം ദേവാലയം.


Related Articles »