India - 2024
പ്രധാനമന്ത്രിയുമായി ഭാരത കത്തോലിക്ക മെത്രാന്‍ സമിതി പ്രതിനിധിസംഘം കൂടിക്കാഴ്ച നടത്തി
പ്രവാചകശബ്ദം 13-07-2024 - Saturday
ന്യൂഡൽഹി: മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കാനും ഫ്രാൻസിസ് മാർപാപ്പയുടെ ഇന്ത്യാ സന്ദർശനം എത്രയും വേഗം പ്രാവർത്തികമാക്കാനും ഫലവത്തായ നടപടികളെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഭാരത കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ) ആവശ്യപ്പെട്ടു. സിബിസിഐ പ്രസിഡൻ്റ് ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിന്റെ നേതൃത്വ ത്തിലുള്ള പ്രതിനിധിസംഘം ഇന്നലെയാണ് പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച് അഭ്യര്‍ത്ഥന നടത്തിയത്.
മാർപാപ്പയുടെ സന്ദർശനം യാഥാർഥ്യമാക്കുന്നതിലും മണിപ്പുരിൽ സമാധാനം സ്ഥാപിക്കുന്നതിലും കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞതായി സിബിസിഐ നേതാക്കൾ പിന്നീട് പത്രസമ്മേളനത്തിൽ അറിയിച്ചു. ദളിത്, ആദിവാസി ക്രൈസ്‌തവരോടുള്ള വിവേചനം അവസാനിപ്പിക്കണമെന്നും രാജ്യത്തിൻ്റെ പല ഭാഗങ്ങളിൽ ക്രൈസ്‌തവർക്കും ക്രൈസ്‌തവ സ്ഥാപനങ്ങൾക്കുമെതിരേ നടക്കുന്ന ആക്രമണങ്ങൾ നിയന്ത്രിക്കണമെന്നും സംഘം ആവശ്യപ്പെട്ടു.
പ്രസിഡന്റ് ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിനു പുറമെ വൈസ് പ്രസിഡന്റും ബത്തേരി ബിഷപ്പുമായ ജോസഫ് മാർ തോമസ്, സെക്രട്ടറി ജനറലും ഡൽഹി ആർച്ച് ബിഷപ്പുമായ ഡോ. അനിൽ കൂട്ടോ, ഡെപ്യൂട്ടി സെക്രട്ടറി ജനറൽ റവ. ഡോ. മാത്യു കോയിക്കൽ എന്നിവരും സിബിസിഐ സംഘത്തിലുണ്ടായിരുന്നു. ഇന്നലെ വൈകുന്നേരം പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച 45 മിനിറ്റോളം നീണ്ടു. കേന്ദ്ര സഹമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപിയും കൂടിക്കാഴ്ചയിൽ ഒപ്പമുണ്ടായിരുന്നു.
കത്തോലിക്കാ സഭയും വിശ്വാസികളും നേരിടുന്ന വിവിധ പ്രശ്‌നങ്ങളും ആവശ്യങ്ങളും ഉന്നയിച്ച് പ്രധാനമന്ത്രിക്ക് സിബിസിഐ സംഘം കത്ത് നൽകിയതായി മാർ താഴത്ത് പറഞ്ഞു. ചില കാര്യങ്ങളിൽ കൃത്യമായ ഉറപ്പോ നടപടിയോ വ്യക്തമാ ക്കിയില്ലെങ്കിലും എല്ലാക്കാര്യങ്ങളിലും അനുഭാവപൂർവവും ഊഷ്‌മളവുമായ പ്രതികരണമാണു മോദി നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിബിസിഐ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷമുള്ള മാർ ആൻഡ്രൂസ് താഴത്തിന്റെ രണ്ടാമത്തെ കൂടിക്കാഴ്‌ചയായിരുന്നു ഇന്നലത്തേത്.