News - 2024

യൂറോ കപ്പ് സ്വന്തമാക്കിയ ടീമിനും ക്രൈസ്തവ വിശ്വാസം പ്രഘോഷിക്കുന്ന പരിശീലകനും അഭിനന്ദനവുമായി സ്പാനിഷ് മെത്രാന്‍ സമിതി

പ്രവാചകശബ്ദം 01-01-1970 - Thursday

മാഡ്രിഡ്: യൂറോ കപ്പ് ഫൈനല്‍ പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തകര്‍ത്തു കിരീടം സ്വന്തമാക്കിയ സ്പെയിന് അഭിനന്ദന പ്രവാഹം. നാലാമത്തെ യൂറോപ്യൻ ചാമ്പ്യൻഷിപ്പ് സ്വന്തമാക്കിയതിനെയും ഫുട്ബോള്‍ ടീമിന്റെ പരിശീലകൻ ലൂയിസ് ഡി ലാ ഫ്യൂണ്ടെ കാസ്റ്റിലോയുടെ അടിയുറച്ച ക്രൈസ്തവ വിശ്വാസത്തെയും അഭിനന്ദിച്ച് സ്പാനിഷ് കത്തോലിക്ക മെത്രാന്‍ സമിതിയുടെ വിവിധ പ്രതിനിധികൾ പ്രതികരണം നടത്തി. സെവില്ലേ ആർച്ച് ബിഷപ്പ് മോൺ. ജോസ് ഏഞ്ചൽ സൈസ് മെനെസെസ്, ദേശീയ ടീമിന് അഭിനന്ദനങ്ങൾ അറിയിച്ച് എക്സില്‍ കുറിപ്പ് പങ്കുവെച്ചു.

ഏറ്റവും പരിശുദ്ധനായ ക്രിസ്തുവിനോടുള്ള തൻ്റെ വിശ്വാസവും ഭക്തിയും പരസ്യമായി പ്രകടിപ്പിക്കുവാന്‍ കോച്ച് ലൂയിസിന് യാതൊരു മടിയുമില്ലായെന്നും അദ്ദേഹത്തിന് വിശ്വാസം, വിനയം, വ്യക്തിത്വങ്ങൾക്ക് മുകളിലുള്ള ടീമിൻ്റെ മൂല്യം, ആത്മവിശ്വാസം എന്നിവ കൈമാറാൻ കഴിഞ്ഞുവെന്നും ആര്‍ച്ച് ബിഷപ്പ് അനുസ്മരിച്ചു. “മനുഷ്യരുടെ മുമ്പാകെ എന്നെ ഏറ്റുപറയുന്നവനെ സ്വര്‍ഗ്ഗസ്ഥനായ പിതാവിൻ്റെ മുമ്പാകെ ഞാനും ഏറ്റുപറയും” (മത്തായി 10:32) എന്ന യേശുവിൻ്റെ ഈ വാക്കുകൾ ഓർക്കുന്നതിൽ നമുക്ക് എങ്ങനെ പരാജയപ്പെടാനാകുമെന്നു ഒറിഹുവേല-അലികാൻ്റെ ബിഷപ്പ്, മോൺ. ജോസ് ഇഗ്നാസിയോ മുനില 'എക്സി'ല്‍ കുറിച്ചു.

തന്റെ ക്രൈസ്തവ വിശ്വാസം ഏറ്റുപറയുവാന്‍ യാതൊരു മടിയും കാണിക്കാത്ത സ്പാനിഷ് ടീമിന്റെ പരിശീലകനാണ് ലൂയിസ് ഡി ലാ ഫ്യൂണ്ടെ. എല്‍പിരിടിക്കോ എന്ന മാധ്യമത്തിന് മുന്‍പ് നല്‍കിയ അഭിമുഖത്തിൽ, താൻ എല്ലാ ദിവസവും പ്രാർത്ഥിക്കാറുണ്ടെന്നും തനിക്ക് ദൈവവുമായി തനിക്ക് നല്ല ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞിരിന്നു. ആദ്യകാലത്തു വിശ്വാസത്തില്‍ നിന്ന് അകന്നാണ് കഴിഞ്ഞതെന്നും തൻ്റെ ജീവിതത്തിലെ ഒരു ഘട്ടത്തിൽ വീണ്ടും എത്താനും താൻ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ദൈവത്തിൽ ആശ്രയിക്കാനും താൻ തീരുമാനിച്ചുവെന്നും ദൈവത്തിൽ വിശ്വസിക്കാൻ ഒന്നല്ല, ആയിരം കാരണങ്ങളുണ്ടെന്നും ലൂയിസ് ഡി ലാ വെളിപ്പെടുത്തിയിരിന്നു.


Related Articles »