News - 2024
മാർതോമ്മ ക്രിസ്ത്യാനികൾ എന്ന് പറയുന്നവരും സീറോ മലബാർ ക്രിസ്ത്യാനികളും ഒന്നു തന്നെയാണോ?
പ്രവാചകശബ്ദം 18-07-2024 - Thursday
മാർതോമ്മാശ്ലീഹായിൽ നിന്നും സുവിശേഷം സ്വീകരിച്ച് ക്രിസ്ത്യാനികളായവർ മാർതോമ്മ ക്രിസ്ത്യാനികൾ എന്നറിയപ്പെടുന്നു. ശ്ലൈഹിക പാരമ്പര്യത്തിന്റെ തനിമയായിട്ടാണ് ഈ പേര് നിലനിർത്തുന്നത്. ഈശോയുടെ ഒരു ശിഷ്യൻ്റെ പേരിൽ അറിയപ്പെടുന്ന ഒരേ ഒരു സഭയേ ഉള്ളു. അത് മാർതോമ്മാ നസ്രാണിസഭയാണ്. കാലക്രമത്തിൽ മാർത്തോമ്മാ നസ്രാണികളിൽ ഒരു വിഭാഗം അവരുടെ ആരാധനക്രമം, ആദ്ധ്യാത്മികത, ദൈവശാസ്ത്രം, ഭരണക്രമം എന്നിവയിൽ പാശ്ചാത്യവത്കരിക്കപ്പെട്ടു/ ലത്തീനീകരിക്കപ്പെട്ടു.
മറ്റൊരു വിഭാഗം അന്ത്യോക്യവത്ക്കരിക്കപ്പെടുകയും അതിൽതന്നെ ഒരു ചെറിയ വിഭാഗം ആംഗ്ലിക്കൻ സ്വാധീനത്തിലാവുകയും ചെയ്തു. പൊതുവായി പറഞ്ഞാൽ മാർതോമ്മാ നസ്രാണിസഭ പഴയകൂറ്റുകാർ പുത്തൻകൂറ്റുകാർ എന്ന് രണ്ടായി വിഭജിക്കപ്പെട്ടു. പഴയകൂറ്റുകാരാണ് ഇന്നത്തെ സീറോമലബാർ സഭ. പുത്തൻകുർ സമുദായം, മലങ്കര ഓർത്ത ഡോക്സ്, മലങ്കര യാക്കോബായ, മാർത്തോമ്മാസഭ, തൊഴിയൂർ സഭ എന്നിങ്ങനെ വിഭജിക്കപ്പെട്ടു, മലങ്കര ഓർത്തഡോക്സ് (മെത്രാൻ കക്ഷി) സഭയിൽ നിന്നും ഒരു വിഭാഗം കത്തോലിക്കാ സഭയുമായി പുനരൈക്യപ്പെട്ടു. അവരാണ് സീറോ മലങ്കര കത്തോലിക്കാസഭ. പഴയകൂറ്റുകാരിൽനിന്നും ഒരുഭാഗം കൽദായ സമൂഹവുമായുള്ള ബന്ധത്തിലാവുകയും ശുറായി സഭ എന്ന് വിളിക്കപ്പെടുകയും ചെയ്തു. ഇന്ന് സീറോ മലബാർ സഭ, മലങ്കര കത്തോലിക്കാ സഭ, ശുറായി സഭ, തൊഴിയൂർ സഭ, ഓർത്തഡോക്‌സ് സഭ, മാർത്തോമ്മാ സഭ, യാക്കോബായ സഭ എന്നീ സഭകൾക്കെല്ലാം മാർതോമ്മാ നസ്രാണി പൈതൃകം അവകാശപ്പെടാം.
കടപ്പാട്: സീറോ മലബാർ സഭയുടെ മതബോധന കമ്മീഷൻ പുറത്തിറക്കിയ വിശ്വാസവഴിയിലെ സംശയങ്ങൾ എന്ന ഗ്രന്ഥത്തിൽ നിന്ന്.