News - 2025

അൽഫോൻസാമ്മയെപ്പോലെ ദൈവത്തിന്റെ കൈയൊപ്പുള്ള വിശുദ്ധ സൗഹൃദങ്ങൾ നമുക്കും വളർത്തിയാലോ?

സിസ്റ്റർ റെറ്റി FCC 24-07-2024 - Wednesday

"ദൈവസ്നേഹത്തിന് തടസ്സമായ അല്പസ്നേഹം പോലും എന്നിൽ ഉണ്ടെങ്കിൽ അത് എന്നിൽ നിന്നും മാറ്റി തരണമേ എന്ന് മാത്രമേ ആഗ്രഹിക്കുകയും അപേക്ഷിക്കുകയും ചെയ്യുന്നുള്ളൂ"- വിശുദ്ധ അൽഫോൻസാ.

നമുക്ക് ചിരിക്കാനും കരയാനും നമ്മുടെ രഹസ്യങ്ങൾ പങ്കിടാനും ഒരു സുഹൃത്ത് ഉണ്ടായിരിക്കുക നല്ല കാര്യമാണ്. നല്ല സൗഹൃദങ്ങൾ ജീവിതത്തിന് ഒരു മുതൽക്കൂട്ടാണ്. "വിശ്വസ്തനായ സ്നേഹിതൻ ബലിഷ്ടമായ സങ്കേതമാണ് അവനെ കണ്ടെത്തിയവൻ ഒരു നിധി നേടിയിരിക്കുന്നു"(പ്രഭാ :6/14)ൽ പറയുന്നു. വിശ്വസ്തനായ സ്നേഹിതൻ ജീവാമൃതം ആണ് അവൻ നിങ്ങൾ ആരാണെന്ന് അംഗീകരിക്കുന്നു എന്ന് മാത്രമല്ല നിങ്ങൾ ആരായിരിക്കണം എന്നതിന് നിങ്ങളെ സഹായിക്കുകയും ചെയ്യുന്നു എന്ന് ( പ്രഭാ :6/16) ൽ വീണ്ടും പറയുന്നു.

സൗഹൃദം രണ്ട് വ്യക്തികൾ തമ്മിലുള്ള മനോഹരമായ അർത്ഥവത്തായതുമായ ഒരു ബന്ധമാണ്. ഇത് ഒരു നിധിയാണ്. നമ്മുടെ ജീവിതത്തെ സമ്പന്നമാക്കുകയും നമ്മുടെ വളർച്ചയിൽ പ്രോത്സാഹനം നൽകുകയും നമ്മുടെ തളർച്ചയിൽ താങ്ങാവുകയും ചെയ്യുന്നു. ഇത് വിലയേറിയ ഒരു സമ്മാനമാണ്. ഓരോ സുഹൃത്തും ദൈവത്തിന്റെ ദാനമാണ്. സ്നേഹത്തിലൂടെ, കരുതലിലൂടെ, പരിശ്രമത്തിലൂടെ സൗഹൃദത്തെ പരിപോഷിപ്പിച്ചാൽ നമ്മുടെ രഹസ്യങ്ങൾ സൂക്ഷിക്കുകയും വാഗ്ദാനങ്ങൾ പാലിക്കുകയും ചെയ്യുന്ന വ്യക്തിയെയാണ് ഒരു ഉത്തമ സുഹൃത്തായി നമുക്ക് ലഭിക്കുന്നത്.

ഭൗതിക തലത്തിലോ ആത്മീയ തലത്തിലോ ഉയർന്നു വന്നിട്ടുള്ള ഏതൊരു വ്യക്തിയുടെ ജീവിതം ഒന്ന് ഉരച്ചു നോക്കിയാൽ അവരുടെ ഉയർച്ച താഴ്ചകളിൽ അവരോടൊപ്പം നിന്നിട്ടുള്ള, പ്രോത്സാഹിപ്പിച്ചിട്ടുള്ള ശക്തിപ്പെടുത്തിയിട്ടുള്ള,ചില വ്യക്തികളുടെ സ്വാധീനം കാണാൻ സാധിക്കും. വി. ഫ്രാൻസിസ്- വി. ക്ലാര, വി. യോഹന്നാൻ ക്രൂസ് -വി. അമ്മ ത്രേസ്യ, വി. ഇഗ്നേഷ്യസ് -വി. ഫ്രാൻസിസ് സേവ്യർ, വി. ബെനഡിക്ട് -വി.സ്ക്കോളാസ്റ്റിക്ക. ഇതിനുദാഹരണങ്ങളാണ്.

കുടമാളൂരിൽ ജനിച്ച് മുട്ടത്തുപാടത്ത് വളർന്ന അന്നക്കുട്ടിയെ ഭരണങ്ങാനത്തെ വിശുദ്ധ അൽഫോൻസാക്കി മാറ്റാൻ സഹായിച്ചിട്ടുള്ള സൗഹൃദങ്ങൾ ഏറെയാണ്. 36 വർഷം തന്റെ ജീവിതവുമായി ബന്ധപ്പെട്ട എല്ലാവരോടും സൗഹൃദ ഭാവം കാത്തുസൂക്ഷിക്കാൻ അൽഫോൻസാമ്മയ്ക്ക് കഴിഞ്ഞു കാരണം മധുരമൊഴി സ്നേഹിതരെ ആകർഷിക്കുന്നു മധുരഭാഷണം സൗഹൃദത്തെ ഉത്തേജിപ്പിക്കുന്നു(പ്രഭാ :6/5).

സ്വർഗ്ഗവുമായുള്ള ഒരു സൗഹൃദമായിരുന്നു അവരുടെ ഏറ്റവും വലിയ സൗഹൃദം. ക്രൂശിതനായി ഈശോ ആയിരുന്നു മണവാളൻ. മണവാളന്റെ എല്ലാ ഓഹരിയിലും അവർ പങ്കുചേർന്നു. ഞാൻ ഈശോയുടെ മണവാട്ടി അല്ലേ, മണവാളന്റെ വേദനകൾ ഓർക്കുമ്പോൾ എന്റേത് എത്ര നിസ്സാരം എന്നവൾ കൂടെ കൂടെ പറയുമായിരുന്നു. പരിശുദ്ധ കന്യകാമറിയം അവരുടെ സ്വർഗീയ മധ്യസ്ഥയും സ്വന്തം അമ്മയും ആയിരുന്നു. സ്വർഗ്ഗത്തിൽ എനിക്ക് സ്നേഹമുള്ള ഒരു അമ്മയുണ്ട് ആ അമ്മയെക്കുറിച്ച് പറയുമ്പോൾ സന്തോഷം കൊണ്ട് എന്റെ കണ്ണു നിറയും എന്നവൾ പറഞ്ഞിരുന്നു. വിശുദ്ധ കൊച്ചുത്രേസ്യ അവളുടെ ആദർശ രൂപവും വഴികാട്ടിയും ആയിരുന്നു.

വിശുദ്ധ അൽഫോൻസ് ലിഗോരി അവളുടെ പേരിനു കാരണഭൂതനായിരുന്ന വിശുദ്ധനായിരുന്നു. പഴം വേണ്ടവർ വൃക്ഷത്തിന്റെ അടുക്കൽ ചെല്ലുവിൻ എന്ന് പ്രബോധിച്ച ഈ വിശുദ്ധനിലൂടെയാണ് ദൈവ മാതൃഭക്തി അവൾ പരിശീലിച്ചത്. വിശുദ്ധ ചാവറയച്ചൻ അവളുടെ ആത്മീയ ശക്തിയായിരുന്നു. ചാവറയച്ചെന്റെ മധ്യസ്ഥം വഴി അവളുടെ രോഗത്തിൽനിന്ന് അവൾക്ക് സൗഖ്യം കിട്ടി. വീട്ടുകാരുമായുള്ള സൗഹൃദം അവൾക്ക് വളരെ പ്രധാനപ്പെട്ടതായിരുന്നു അവളുടെ ജീവിതത്തെ ഏറ്റവും കൂടുതൽ സ്വാധീനിച്ച് മടിയിൽ ഇരുത്തി പ്രാർത്ഥനയും, സുകൃതജപങ്ങളും ചൊല്ലി പഠിപ്പിച്ച അവളുടെ വല്യമ്മച്ചി ആയിരുന്നു.

വില നൽകാതെ വിലപ്പെട്ടത് ഒന്നും ലഭിക്കില്ലെന്ന് പഠിച്ചത് സ്വന്തം അപ്പനിൽ നിന്നായിരുന്നു. 9 വയസ്സുവരെ പൂമ്പാറ്റയെപ്പോലെ പാറിപ്പറന്ന് ഈ കുട്ടിയുടെ ജീവിതത്തെ നല്ല ചിട്ടിയായും ക്രമമായും പരുവപ്പെടുത്തി എടുക്കുന്നതിന് വേണ്ടി സ്വർഗീയ അപ്പച്ചൻ ഒരുക്കിയ ഒരു കളരിയായിരുന്നു പേരമ്മയുടെ വീട്. സ്നേഹപ്രകൃതിയും മൃദുല സ്വഭാവക്കാരിയുമായ അന്നകുട്ടിയെ മുരിക്കൽ വീട്ടിൽ പിടിച്ചുനിർത്തിയത് പേരപ്പനോടുള്ള സൗഹൃദം ആയിരുന്നു.

പേരമ്മയുടെ ആൺമക്കളോടൊത്തുള്ള ജീവിതം അവൾക്ക് ഒരിക്കലും മറക്കാനാവാത്ത ഓർമ്മകൾ ആയിരുന്നു. മൂന്നാം ക്ലാസ് വരെ അന്നക്കുട്ടിയും സഹപാഠിയും, കൂട്ടുകാരിയുമായിരുന്ന ലക്ഷ്മിക്കുട്ടിയമ്മയോട് അവൾക്ക് നല്ല സൗഹൃദം ആയിരുന്നു. സന്യാസ ജീവിതത്തിൽ പ്രവേശിച്ചനാൾ മുതൽ അവളുടെ ജീവിതത്തെ സ്വാധീനിച്ച സുഹൃദ് ബന്ധങ്ങൾ പുണ്യപൂർണ്ണതയെ ലക്ഷ്യം വെച്ചുള്ള അവളുടെ ജീവിതത്തിലെ നാഴിക കല്ലുകളാണ്. ആത്മീയ ഗുരുഭൂതരായബഹു. ഉർശുലാമ്മ, ബഹു. ലൂയിസ് അച്ഛൻ, ബഹു. റോമുളൂസ് അച്ചൻ, ബഹു. പിണക്കാട്ടച്ചൻ, അഭിവന്ദ്യ കാളാശ്ശേരി ജെയിംസ് മെത്രാൻ എന്നിവരെല്ലാം അവളെ മെനഞ്ഞെടുത്ത മഹാശില്പികൾ ആണ്.

സന്യാസമൂഹാംഗങ്ങൾ അവളുടെ നല്ല സുഹൃത്തുക്കൾ ആയിരുന്നു. സ്വാർത്ഥതയുടെ കെട്ടുകൾ തകർത്തുകൊണ്ട് സുഹൃത്തുക്കളെ അവരായിരിക്കും വിധം അംഗീകരിക്കുന്ന അനേകം അവസരങ്ങൾ വിനിയോഗിച്ചുകൊണ്ട് ഏവർക്കും അവൾ ഒരു നല്ല സുഹൃത്തായി തീർന്നു. മഠത്തിലെ ആശ്രമ ശുശ്രൂഷകളായിരുന്ന ചേച്ചിമാരും അവളുടെ സുഹൃദ് വലയത്തിൽ ഉൾപ്പെട്ടിരുന്നു.

ഏത് ജീവിതമാണെങ്കിലും സൗഹൃദങ്ങൾ വേണം. സൗഹൃദത്തിന് പ്രായമോ, ലിംഗമോ സ്ഥാനമോ ഒന്നും വിഷയമല്ല. അൽഫോൻസാമ്മയുടെ ജീവിതത്തിൽ കുഞ്ഞുങ്ങൾ മുതൽ ക്രിസ്തുനാഥൻ വരെയുള്ളവർ അവളുടെ സൗഹൃദ വലയത്തിൽ ആയിരുന്നു. ഓരോ സഹൃദവും നമുക്ക് സമ്മാനിക്കേണ്ടത് ആത്മീയവും, മാനസികവും, ബൗദ്ധികവും, ഭൗതികവുമായ വളർച്ച ആയിരിക്കണം. വളരേണ്ടത് ഒരു വ്യക്തി മാത്രമല്ല സുഹൃത്തുക്കൾ ഒരുമിച്ച് ആയിരിക്കണം.

മാതൃ പിതൃ ബന്ധത്തിലും, സഹോദര ബന്ധത്തിലും, അധികാര അധീന ബന്ധത്തിലും, ഒരു സൗഹൃദത്തിന്റെ തണൽ രൂപപ്പെടുത്താൻ നമുക്ക് കഴിയട്ടെ. അതിനു വേണ്ടത് പരസ്പര വിശ്വാസവും വിശ്വസ്തതയും തന്നെയാണ്.ഇവ രണ്ടും ഉള്ളിടത്ത് സൗഹൃദം വളരും. ബന്ധങ്ങൾക്കുള്ളിലെ സൗഹൃദമാണ് ബന്ധങ്ങളെ ദൃഢതയുള്ളതാക്കുന്നത്. അതിനാൽ ദൈവത്തിന്റെ കയ്യൊപ്പ് ഉള്ള നല്ല സൗഹൃദങ്ങൾ- അഭിഷേകമുള്ള, കൃപയുള്ള സുഹൃത്തുക്കൾ നമുക്കുണ്ടാവട്ടെ.

സി. റെറ്റി FCC


Related Articles »