News - 2024

വയോധികരും യുവജനങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തണം: ഫ്രാൻസിസ് പാപ്പ

പ്രവാചകശബ്ദം 25-07-2024 - Thursday

വത്തിക്കാന്‍ സിറ്റി: വയോധികരും യുവജനങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തണമെന്ന ആഹ്വാനവുമായി ഫ്രാൻസിസ് പാപ്പ. ഈ വരുന്ന ജൂലൈ 28 ഞായറാഴ്ച മുത്തശ്ശീമുത്തച്ഛന്മാരുടെയും വയോധികരുടെയും നാലാമത് ആഗോളദിനം ആചരിക്കാനിരിക്കെയാണ് യുവജനങ്ങളും വയോധികരും തമ്മിലുള്ള ബന്ധം ശക്തമായി കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഓർമ്മിപ്പിച്ച്, ഫ്രാൻസിസ് പാപ്പ 'എക്സ്'-ല്‍ സന്ദേശം പങ്കുവെച്ചിരിക്കുന്നത്. വയോധികരുടെ അനുഭവസമ്പത്ത് യുവജനങ്ങളിൽ പ്രതീക്ഷകളുടെ നാമ്പുകൾ മെച്ചപ്പെട്ട രീതിയിൽ വളരാൻ സഹായിക്കുമെന്ന് പാപ്പ ഇന്നലെ കുറിച്ചു.

"യുവജനങ്ങളും വയോധികരും തമ്മിലുള്ള ഒരു നവബന്ധം നമുക്ക് ആവശ്യമാണ്. കൂടുതൽ ആയുസ്സുള്ളവർ ഇനിയും വളരുന്നവരുടെ പ്രതീക്ഷയുടെ മുളകൾ നനയ്ക്കട്ടെ. ജീവിതത്തിൻ്റെ സൗന്ദര്യം അറിയാനും സാഹോദര്യ സമൂഹം കെട്ടിപ്പടുക്കാനും നമുക്ക് വരാം. സുദീർഘമായ അനുഭവസമ്പത്തുള്ള ആളുകളുടെ ജീവദ്രവം, വളർന്നുവരുന്നവരിലെ പ്രതീക്ഷകളുടെ മുകുളങ്ങളെ നനയ്ക്കട്ടെ. ഇതുവഴി നമുക്ക് ജീവിതത്തിന്റെ മനോഹാരിത അറിയുകയും, സാഹോദര്യം പുലരുന്ന സമൂഹത്തെ സൃഷ്ടിക്കുകയും ചെയ്യാം" എന്നായിരുന്നു പാപ്പായുടെ സന്ദേശത്തിന്റെ പൂർണ്ണരൂപം.

#GrandparentsAndTheElderly എന്ന ഹാഷ്‌ടാഗോടുകൂടിയാണ് പാപ്പ സന്ദേശം പ്രസിദ്ധീകരിച്ചത്. മുത്തശ്ശി- മുത്തശ്ശൻമാരുടെയും വയോജനങ്ങളുടെയും നാലാമത് ലോക വാർഷിക ദിനമായ ഈ വരുന്ന ഞായറാഴ്ച ജൂലൈ 28 ദണ്ഡവിമോചനം സ്വീകരിക്കാന്‍ ലോകമെമ്പാടുമുള്ള വിശ്വാസികള്‍ക്ക് അവസരമുണ്ട്. ഇതിനെ കുറിച്ച് വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക: ‍


Related Articles »