News - 2024
മദര്‍ തെരേസയോടുള്ള ആദരസൂചകമായി യുഎന്‍ ആസ്ഥാനത്ത് പ്രത്യേക എക്‌സിബിഷന്‍ നടത്തുന്നു
സ്വന്തം ലേഖകന്‍ 26-08-2016 - Friday
ജനീവ: വാഴ്ത്തപ്പെട്ട മദര്‍തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന അവസരത്തില്‍ യുഎന്‍ പ്രത്യേക എക്‌സിബിഷന്‍ നടത്തുന്നു. മദര്‍ തെരേസയുടെ പ്രവര്‍ത്തനങ്ങളും, ജീവിത സന്ദേശവും, ഉള്‍ക്കാഴ്ച്ചയുമെല്ലാം പ്രതിഫലിപ്പിക്കുന്ന രീതിയിലാണ് എക്‌സിബിഷന്‍ ഒരുക്കുന്നത്. സെപ്റ്റംബര്‍ ആറു മുതല്‍ ഒന്‍പതു വരെ യുഎന്‍ ആസ്ഥാനത്തു നടക്കുന്ന പ്രദര്‍ശനം യുഎന്‍ പെര്‍മനന്റ് ഒബ്‌സേര്‍വര്‍ മിഷനും എഡിഎഫ് ഇന്റര്‍നാഷണലും ചേര്‍ന്നാണ് സംഘടിപ്പിക്കുന്നത്.
ജീവന്റെയും, കുടുംബ ബന്ധങ്ങളുടെയും ഏറ്റവും വലിയ വക്താക്കളിലൊരാളായിരുന്നു മദര്‍തെരേസയെന്ന് എഡിഎഫ് ഇന്റര്‍നാഷണല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡൗഗ് നാപ്പിയര്‍ പറഞ്ഞു. "മദര്‍തെരേസ തന്റെ ഉള്ളിലെ ആശയങ്ങള്‍ അവതരിപ്പിക്കുവാന്‍ വേണ്ടി സംസാരിച്ചിരുന്നു. എന്നാല്‍, തന്റെ ആശയങ്ങള്‍ എന്താണെന്ന് പ്രവര്‍ത്തികളിലൂടെ മാതൃകയായി കാണിച്ചു തന്ന വ്യക്തിത്വമാണ് അവരുടേത്. വിശ്വസ്തതയോടു കൂടിയും വിശ്രമമില്ലാതെയും മദര്‍ തന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തി. യുഎന്നിലും മറ്റ് എല്ലാ സ്ഥലങ്ങളിലും ജോലി ചെയ്യുന്നവര്‍ക്കുള്ള ഏറ്റവും വലിയ മാതൃകയാണ് മദര്‍തെരേസ തന്റെ ജീവിതത്തിലൂടെ കാണിച്ചു തന്നത്". നാപ്പിയര്‍ കൂട്ടിച്ചേര്‍ത്തു.
ജീവിക്കുന്നവര്‍ക്കു വേണ്ടിയും, ജനിക്കുവാനിരിക്കുന്നവര്‍ക്കു വേണ്ടിയും, മരണശയ്യയില്‍ കിടക്കുന്നവര്‍ക്കു വേണ്ടിയുമുള്ള മദര്‍തെരേസയുടെ സ്‌നേഹപുര്‍വ്വമായ പ്രവര്‍ത്തനങ്ങളെ എക്‌സിബിഷന്‍ പ്രത്യേകം ചിത്രീകരിക്കും. 'അന്താരാഷ്ട്ര സമൂഹത്തോട് സഹിഷ്ണതയുടെ ആവശ്യത്തെ കുറിച്ച് മദര്‍തെരേസ നല്‍കുന്ന സന്ദേശം' എന്ന വിഷയത്തിലെ കോണ്‍ഫറന്‍സോടെയാണ് എക്‌സിബിഷന്‍ അവസാനിക്കുക.
യുഎന്നുമായി അടുത്ത് ബന്ധമുള്ള വ്യക്തിത്വത്തിന്റെ ഉടമയാണ് മദര്‍തെരേസ. 1985-ല്‍ മദര്‍തെരേസ യുഎന്‍ സന്ദര്‍ശിച്ചിരുന്നു. "മദര്‍തെരേസ തന്നെയാണ് യൂണൈറ്റഡ് നേഷന്‍സ്" ഈ വാചകങ്ങളോടെയാണ് യുഎന്‍ പൊതുസഭയിലേക്ക് അന്നത്തെ സെക്രട്ടറി ജനറലായ പെരേസ് ഡീ ക്യൂലര്‍ സ്വാഗതം ചെയ്തത്.