News - 2024

ഒളിമ്പിക്‌സിനോട് അനുബന്ധിച്ച് രണ്ടു ലക്ഷത്തോളം ബൈബിള്‍; തയാറെടുപ്പുമായി ഫ്രഞ്ച് ബൈബിൾ സൊസൈറ്റി

പ്രവാചകശബ്ദം 26-07-2024 - Friday

പാരീസ്: ഒളിമ്പിക്‌സിനോട് അനുബന്ധിച്ച് രണ്ടു ലക്ഷത്തോളം ബൈബിളിന്റെ വിതരണത്തിനായി തയാറെടുപ്പുമായി ഫ്രഞ്ച് ബൈബിൾ സൊസൈറ്റി. 140,000 ഫ്രഞ്ച് കോപ്പികളും 60,000 ഇംഗ്ലീഷിലുള്ള ബൈബിളും വിതരണം ചെയ്യാനാണ് സൊസൈറ്റി പദ്ധതിയിടുന്നത്. ബൈബിളിലെ പുതിയ നിയമമാണ് വിതരണം ചെയ്യുക. വിതരണം സുഗമമാക്കുന്നതിന് വിവിധ ക്രിസ്ത്യന്‍ മിനിസ്ട്രികളുമായി സൊസൈറ്റി രൂപരേഖ തയാറാക്കിയിട്ടുണ്ട്. ഫ്രഞ്ച് ഹാൻഡ്‌ബോൾ ചാമ്പ്യൻ ജോയൽ അബാറ്റി, ഓസ്‌ട്രേലിയൻ ഹൈജമ്പർ നിക്കോള ഒലിസ്‌ലാഗേഴ്‌സ് എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ പദ്ധതിയുടെ ഭാഗമാകുന്നുണ്ട്.

ഓരോ രാജ്യത്തെയും ബൈബിൾ സൊസൈറ്റി വഹിക്കുന്നതു സ്തുത്യര്‍ഹമായ പങ്കാണെന്നും സമകാലിക ലോകത്ത് ബൈബിളിന് ശക്തമായ സ്വാധീനമാണുള്ളതെന്നും ഫ്രഞ്ച് ബൈബിൾ സൊസൈറ്റിയുടെ ജനറൽ സെക്രട്ടറി ജോനാഥൻ ബൗലറ്റ് പറഞ്ഞു. പാരീസ് ഒളിംപിസ്കിനു സാക്ഷ്യം വഹിക്കുവാന്‍ ലോകമെമ്പാടുമുള്ള 11 ദശലക്ഷത്തിലധികം സന്ദർശകർ എത്തുമെന്നാണ് അധികൃതരുടെ കണക്ക്. സെപ്തംബർ എട്ടിന് സമാപിക്കുന്ന ഒളിമ്പിക്സിലും പാരാലിമ്പിക്സിലും ഫ്രഞ്ച് ബൈബിൾ സൊസൈറ്റി പുതിയ നിയമത്തിൻ്റെ പകർപ്പുകൾ വിതരണം ചെയ്യുമെന്നും ഫ്രഞ്ച് ബൈബിള്‍ സൊസൈറ്റി വ്യക്തമാക്കിയിട്ടുണ്ട്.


Related Articles »