News

"എന്നെ ഉപേക്ഷിക്കല്ലേ" എന്ന് പറയുന്ന വയോധികരുടെ ശബ്ദം കേൾക്കണം: ഫ്രാന്‍സിസ് പാപ്പ

പ്രവാചകശബ്ദം 29-07-2024 - Monday

വത്തിക്കാന്‍ സിറ്റി: "എന്നെ ഉപേക്ഷിക്കല്ലേ" എന്ന് പറയുന്ന വയോധികരുടെ ശബ്ദം കേൾക്കണമെന്നു ആഗോള വിശ്വാസി സമൂഹത്തോട് ഫ്രാന്‍സിസ് പാപ്പ. മുത്തശ്ശീമുത്തച്ഛന്മാരുടെയും വയോധികരുടെയും നാലാം ലോക ദിനമായ ഇന്നലെ ഞായറാഴ്ച ത്രികാലപ്രാർത്ഥനയോട് അനുബന്ധിച്ച് പങ്കുവെച്ച സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം ഓര്‍മ്മിപ്പിച്ചത്. "വാർദ്ധക്യത്തിൽ എന്നെ ഉപേക്ഷിക്കരുത്" എന്ന പ്രമേയം ഈ ദിനാചരണം സ്വീകരിച്ചിരുന്നതിനെക്കുറിച്ചു പരാമർശിച്ച പാപ്പ, പ്രായമായവരെ ഉപേക്ഷിക്കുന്നത് യഥാർത്ഥത്തിൽ ദുഃഖകരമായ യാഥാർത്ഥ്യമാണെന്നും ആ പ്രവണതയോട് നാം അനുരഞ്ജിതരാകരുതെന്നും പറഞ്ഞു.

വൃദ്ധ ജനങ്ങളിൽ പലർക്കും, പ്രത്യേകിച്ച് ഈ നാളുകളില്‍ ഏകാന്തത താങ്ങാനാവാത്ത ഒരു ഭാരമായി മാറുന്ന അപകടമുണ്ടെന്ന് പാപ്പ ചൂണ്ടിക്കാട്ടി. "എന്നെ ഉപേക്ഷിക്കല്ലേ" എന്ന് പറയുന്ന വയോധികരുടെ ശബ്ദം കേൾക്കാനും "ഞാൻ കൈവിടില്ല" എന്ന് മറുപടി നൽകാനും ഈ ലോകദിനാചരണം നമ്മെ ക്ഷണിക്കുന്നുവെന്ന് പാപ്പ ഓർമ്മിപ്പിച്ചു. കൊച്ചുമക്കളും മുത്തശ്ശീമുത്തച്ഛന്മാരും തമ്മിലും യുവജനങ്ങളും മുതിർന്നവരും തമ്മിലുമുള്ള സഖ്യം നാം ശക്തിപ്പെടുത്തണം. പ്രായമായവരുടെ ഏകാന്തതയോട് "ഇല്ല" എന്ന് പറയണമെന്നും പാപ്പ നിര്‍ദ്ദേശിച്ചു. നമ്മുടെ ഭാവി പ്രധാനമായും, മുത്തശ്ശീമുത്തച്ഛന്മാരും കൊച്ചുമക്കളും എങ്ങനെ ഒരുമിച്ച് ജീവിക്കാൻ പഠിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുമെന്നും പ്രായമായവരെ നാം മറക്കരുതെന്നും പാപ്പ പറഞ്ഞു.

കഴിഞ്ഞ ശനിയാഴ്ച വിവിധ ഭാഷകളിലായി അഞ്ചരകോടി അനുയായികളുള്ള “എക്സ്” (ട്വിറ്റര്‍) -ലും ഫ്രാന്‍സിസ് പാപ്പ സന്ദേശം പങ്കുവെച്ചിരിന്നു. “പ്രായമേറിയവരുടെ അടുത്ത് ആയിരിക്കുകയും കുടുംബത്തിലും സമൂഹത്തിലും സഭയിലും അവർക്കുള്ള പകരംവയ്ക്കാനാകാത്ത പങ്ക് തിരിച്ചറിയുകയും ചെയ്യുന്നതിലൂടെ, നമുക്കും ധാരാളം ദാനങ്ങളും നിരവധി കൃപകളും അനേകം അനുഗ്രഹങ്ങളും ലഭിക്കുമെന്നായിരിന്നു പാപ്പയുടെ സന്ദേശം. #GrandparentsAndTheElderly എന്ന ഹാഷ് ടാഗോടെയായിരിന്നു സന്ദേശം.


Related Articles »