India - 2024

വിലങ്ങാട് ഉരുള്‍പ്പെട്ടല്‍: ഇടപെടലിനായി അഭ്യര്‍ത്ഥിച്ച് താമരശ്ശേരി രൂപത

പ്രവാചകശബ്ദം 01-08-2024 - Thursday

താമരശ്ശേരി: വയനാടിന് പിന്നാലെ അതിഭീകരമായ ഉരുൾപ്പെട്ടലിന് ഇരയായി വീടും, കൃഷിയിടവും, വസ്തുവകകളും സകലതും നഷ്ടപ്പെട്ട വിലങ്ങാട്, മഞ്ഞക്കുന്ന്, പാലൂർ വായാട് പ്രദേശങ്ങളിലെ നിരവധി കുടുംബങ്ങൾക്ക് വേണ്ടി സഹായം അഭ്യര്‍ത്ഥിച്ച് താമരശ്ശേരി രൂപത. നിരവധി വീടുകൾ പൂർണമായും ഭാഗികമായും നശിച്ചിട്ടുണ്ട്. വിലങ്ങാടിനുള്ള റോഡ്, പാലം എന്നിവയ്ക്കും തകരാറുകൾ സംഭവിച്ചിട്ടുണ്ട്. അങ്ങാടിയിലും വെള്ളം കയറി കടകൾ പലയും ഭാഗികമായും ചിലത് പൂർണ്ണമായും നശിച്ചിട്ടുണ്ട്. ഏകദേശം നൂറോളം ഇലക്ട്രിക് പോസ്റ്റു‌കളും ഒടിഞ്ഞു വൈദ്യുതി പൂർണ്ണമായും തടസ്സപ്പെട്ടിട്ടുണ്ട്. പാലൂർ ഇടവക പരിധിയിൽ പന്ത്രണ്ടോളം ഇടങ്ങളിൽ തൂടർപ്പൊട്ടലുകൾ ഉണ്ടായി. ആ പ്രദേശത്തെക്ക് എത്തിച്ചേരാൻ പറ്റാത്തവിധം റോഡ് മാർഗങ്ങൾ തടസപ്പെട്ടു കിടക്കുകയാണെന്നും രൂപത വ്യക്തമാക്കി.

പാലൂർ ഇടവക പരിധിയിൽ പന്ത്രണ്ടോളം ഇടങ്ങളിൽ തുടർപ്പൊട്ടലുകൾ ഉണ്ടായി. ആ പ്രദേശത്തെക്ക് എത്തിച്ചേരാൻ പറ്റാത്തവിധം റോഡ് മാർഗങ്ങൾ തടസപ്പെട്ടു കിടക്കുന്നു. പാതിരാത്രിയിൽ ആദ്യം ഉണ്ടായ ഉരുൾപൊട്ടലിൻ്റെ ഉടൻ തന്നെ വികാരിയച്ചന്മാരുടെ നേതൃത്വത്തിൽ ഇടവകക്കാരുടെയും യുവജന കൂട്ടായ്യുടെയും പൊതുജനങ്ങളുടെയും അവസരോചിതമായ ഇടപെടൽ മൂലമാണ് നാശം കുറയ്ക്കാൻ സാധിച്ചത്. എന്നാൽ ഈ ദുരന്തബാധിതരുടെ വീടുകളോടൊപ്പം അവരുടെ കൃഷി ഭൂമിയും വാഹനങ്ങളുമടക്കമെല്ലാം ഇന്ന് നഷ്ടമായിരിക്കുകയാണെന്നു രൂപത ചൂണ്ടിക്കാട്ടി.

മഞ്ഞച്ചിളി ഭാഗത്ത് ഏറ്റവും വലിയ ഉരുൾപൊട്ടൽ നടന്ന ഭാഗത്തുനിന്നും പള്ളിയിലേക്കുള്ള വഴിയിലായി രണ്ട് വലിയ ഉരുൾപൊട്ടലുകൾ സംഭവിച്ചിട്ടുണ്ട്. റോഡ് ഗതാഗതം പൂർണമായും തടസ്സപ്പെട്ടു കിടക്കുന്നതുകൊണ്ട് വാഹനങ്ങൾക്ക് എത്താൻ സാധിക്കുന്ന ഇടങ്ങളിൽ നിന്നും ഏകദേശം അഞ്ഞൂറോളം മീറ്റർ റബ്ബർ തോട്ടത്തിലൂടെ താത്ക്കാലികമായി ഉണ്ടാക്കിയ ദുർഘടമായ വഴിയിലൂടെ സാഹസികമായി ഇറങ്ങി ചെന്ന് ഏകദേശം 10 അടി കുത്തനെയുള്ള മതിലുപോലെ നില്‍ക്കുന്ന തിണ്ട് വഴി ഏണിയും കയറും ഉപയോഗിച്ച് ഉരുൾപൊട്ടൽ വഴി രൂപപ്പെട്ട ചാലിലൂടെ സാഹസികമായി നടന്നു നീങ്ങി മാത്രമേ മറുവശത്തേക്ക് കടക്കാൻ സാധിക്കുകയുള്ളു. മഞ്ഞക്കുന്ന് പള്ളി പാരീഷ് ഹാൾ, വിലങ്ങാട് സ്‌കൂൾ എന്നിവിടങ്ങളിലായി ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചിട്ടുണ്ട്.

വയനാട്ടിലെ ദൂരത്തിൻ്റെ പശ്ചാത്തലത്തിലും ഇവിടെ ദുരന്ത ഭൂമിയിൽ എത്തിച്ചേരാനുള്ള കഠിനപ്രയാസം പരിഗണിച്ചും മാധ്യമപ്രവർത്തകരക്കും പാതിവഴിയിൽ പിന്തിരിയുന്നതുകൊണ്ട് ഇവിടുത്തെ ദുരന്ത സാഹചര്യം സമൂഹത്തിൻ്റെയും സർക്കാരിൻ്റെയും ജനപ്രതിനിധികളുടെയും ശ്രദ്ധയിൽപെട്ടുപോകുന്ന സാഹചര്യം നിലവിളുണ്ടെന്ന് രൂപത പ്രസ്താവനയില്‍ സൂചിപ്പിച്ചു. 250 ഓളം പേർക്ക് അവിടെയുള്ള നമ്മുടെ പുള്ളികളിലെ പാരീഷ് ഹാളുകളിലും, പള്ളിക്കൂടങ്ങളിലുമായി അഭയം നല്കിയിരിക്കുന്നു. തങ്ങളുടെ വീടും കിടപ്പാടവും കൃഷികളും കൃഷിഭൂമിയും പൂർണ്ണമായും നഷ്ടപ്പെട്ട ഉടുതുണിക്ക് മറുതുണിയില്ലാത്ത ഒരുപറ്റം ആളുകൾ ഇവിടെ തീർത്തും നിസഹായരായി ദൂരിതാശ്വാസ ക്യാമ്പുകളിൽ കഴിയുകയാണ്.

നമുക്കൊന്ന് ചേർന്ന് ഇവരെ ജീവിതത്തിന്റെ മുഖ്യധാരയിലേക്ക് തിരിച്ചുകൊണ്ടുവരുവാൻ കൈകോർക്കാം, ഭക്ഷണവും വസ്ത്രവും മരുന്നും ആവശ്യമുള്ള ധനസഹായവും നമുക്കൊന്നു ചേർന്ന് ഈശോയുടെ ഈ എളിയവർക്ക് എത്തിച്ചുകൊടുക്കാൻ മുന്നോട്ട് ഇറങ്ങാം, രൂപത മുഴുവനും ഈ ദുരിതവേളയിൽ ഇവരെ സഹായിക്കാൻ ഒരുമിക്കണം. കത്തോലിക്ക കോൺഗ്രസ്സും കെസി.വൈ.എം അടക്കമുള്ള വിവിധ സംഘടന ഭാരവാഹികൾ ഇതിനായി മുൻകൈ എടുക്കണം. വികാരിയച്ചന്മാരുടെ നേതൃത്വത്തിൽ ആവശ്യമായതെല്ലാം ചെയ്യണമെന്ന് അഭ്യർത്ഥിക്കുകയാണെന്നും താമരശ്ശേരി രൂപത പ്രസ്താവനയിലൂടെ അഭ്യര്‍ത്ഥിച്ചു.


Related Articles »