News - 2024
അംഗോളയിലെ ഒണ്ട്ജീവ രൂപതയില്‍ പുതുചരിത്രം; 14 വൈദിക വിദ്യാര്‍ത്ഥികള്‍ ഡീക്കന്‍ പട്ടം സ്വീകരിച്ചു
പ്രവാചകശബ്ദം 14-08-2024 - Wednesday
ലുവാൻഡ: ആഫ്രിക്കന്‍ രാജ്യമായ അംഗോളയിലെ ഒണ്ട്ജീവ കത്തോലിക്കാ രൂപതയില്‍ ഒരേദിവസം ഡീക്കന്‍ പട്ടം സ്വീകരിച്ചത് 14 വൈദിക വിദ്യാര്‍ത്ഥികള്‍. ഒണ്ട്ജീവ രൂപതയിലെ ഔവർ ലേഡി ഓഫ് വിക്ടറി കത്തീഡ്രൽ ദേവാലയത്തില്‍ നടന്ന ചടങ്ങിൽ ബിഷപ്പ് പിയോ ഹിപുന്യാതി മുഖ്യകാര്‍മ്മികനായി. ദൈവത്തോടുള്ള പ്രതിബദ്ധതയിലും സഭയോടുള്ള സേവനത്തിലും ഉറച്ചു നില്‍ക്കുവാന്‍ നിയുക്ത ഡീക്കന്മാരോട് ബിഷപ്പ് ആഹ്വാനം ചെയ്തു. അഞ്ചു പതിറ്റാണ്ട് പഴക്കമുള്ള രൂപതയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഇത്രയും അധികം വൈദിക വിദ്യാര്‍ത്ഥികള്‍ ഒരുമിച്ച് ഡീക്കന്‍ പട്ടം സ്വീകരിക്കുന്നത്.
ശുശ്രൂഷ വേളയില്‍ ഡീക്കന്‍ പട്ടത്തിന്റെ പ്രാധാന്യം ബിഷപ്പ് ഓര്‍മ്മിപ്പിച്ചു. ഡയക്കാണേറ്റ് സ്ഥാനപ്പേരോ മഹത്വമോ മായയോ അല്ല; അത് നിസ്വാർത്ഥ സേവനമാണ്. ശുശ്രൂഷിക്കപ്പെടാനല്ല, സേവിക്കാനും മറ്റുള്ളവർക്ക് വേണ്ടി തൻ്റെ ജീവൻ നൽകാനും വന്ന ക്രിസ്തുവിൻ്റെ അനുകരണത്തെക്കുറിച്ചാണ് അത് സൂചിപ്പിക്കുന്നത്. ഡീക്കൻ പദവിയിലുള്ള ഒരാള്‍ ക്രിസ്തു ദാസൻ്റെ അടയാളവും പ്രതീകവുമാണ്. നീതിയുടെ പാതയിൽ നിന്ന് വ്യതിചലിക്കരുതെന്നും ദൈവത്തിനും സമൂഹങ്ങൾക്കും സന്തോഷത്തോടെ ജീവിതം സമർപ്പിക്കാനും ബിഷപ്പ് ഓര്‍മ്മിപ്പിച്ചു. എട്ട് ലക്ഷത്തോളം കത്തോലിക്ക വിശ്വാസികളാണ് രൂപതയിലുള്ളത്.