News - 2024

ബുർക്കിന ഫാസോയിലെ ക്രിസ്ത്യൻ പള്ളിയില്‍ ഇസ്ലാമിക തീവ്രവാദികള്‍ 26 ക്രൈസ്തവരെ കഴുത്തറത്ത് കൊലപ്പെടുത്തി

പ്രവാചകശബ്ദം 31-08-2024 - Saturday

ഔഗാഡൗഗു: ആഫ്രിക്കന്‍ രാജ്യമായ ബുർക്കിന ഫാസോയിലെ ക്രിസ്ത്യൻ പള്ളിയില്‍ ഇസ്ലാമിക തീവ്രവാദികള്‍ 26 പേരെ കഴുത്ത് അറത്ത് കൊലപ്പെടുത്തി. ഓഗസ്റ്റ് 25-ന് പടിഞ്ഞാറൻ ബുർക്കിന ഫാസോയിലെ സനാബ പട്ടണത്തിൽ എത്തിയ തീവ്രവാദികൾ ക്രൈസ്തവ കൂട്ടക്കൊല നടത്തുകയായിരിന്നു. സംഭവത്തെ പൊന്തിഫിക്കൽ സന്നദ്ധ സംഘടനയായ എയിഡ് ടു ചർച്ച് ഇൻ നീഡ് (എസിഎൻ) അപലപിച്ചു. ഗ്രാമം വളഞ്ഞ ജിഹാദികൾ 12 വയസ്സിന് മുകളിലുള്ള പുരുഷന്മാരായ എല്ലാ ക്രൈസ്തവരെയും ക്രൈസ്തവ വിശ്വാസത്തെ പിന്തുണയ്ക്കുന്നവരെയും കെട്ടിയിട്ടു. വൈകാതെ ഇവരെ എല്ലാവരെയും അടുത്തുള്ള ക്രിസ്ത്യൻ പള്ളിയിലേക്ക് കൊണ്ടുപോകുകയായിരിന്നു.

26 പുരുഷന്മാരെയും തീവ്രവാദികള്‍ കഴുത്തറുത്തു കൊന്നുവെന്നാണ് റിപ്പോര്‍ട്ട്. ബർസലോഗോ ഗ്രാമത്തിൽ തീവ്രവാദികൾ നടത്തിയ ആക്രമണത്തിന് ഒരു ദിവസത്തിന് ശേഷമാണ് ആക്രമണമുണ്ടായത്. ഇവിടെ ഔദ്യോഗിക കണക്ക് പ്രകാരം മരണസംഖ്യ 150 ആണെങ്കിലും 250 കവിഞ്ഞേക്കുമെന്നാണ് വിവരം. 150 പേർക്ക് ഗുരുതരമായി പരിക്കേറ്റു.ACN വൃത്തങ്ങൾ നല്‍കുന്ന റിപ്പോര്‍ട്ട് പ്രകാരം, ഇസ്ലാമിക തീവ്രവാദികളുടെ അക്രമത്തെത്തുടർന്ന്, അയ്യായിരത്തോളം സ്ത്രീകളും കുട്ടികളും രാജ്യത്തിൻ്റെ വടക്ക്-പടിഞ്ഞാറ്, മാലിയുടെ അതിർത്തിക്കടുത്തുള്ള നൗന പട്ടണത്തിൽ അഭയം തേടിയിട്ടുണ്ട്.

2024 മെയ് മുതൽ, വടക്കുപടിഞ്ഞാറൻ ബുർക്കിന ഫാസോയിൽ 100 ക്രൈസ്തവരാണ് കൊല്ലപ്പെട്ടത്. സനാബ, സെകുയി തുടങ്ങിയ പട്ടണങ്ങളിലായി നൂന രൂപത പരിധിയില്‍ നിരവധി ക്രൈസ്തവരാണ് ഇക്കാലയളവില്‍ കൊല്ലപ്പെട്ടത്. കത്തോലിക്കാ, പ്രൊട്ടസ്റ്റൻ്റ്, ആരാധനാലയങ്ങൾ നശിപ്പിക്കപ്പെടുകയോ അഗ്നിയ്ക്കിരയാക്കുകയോ ചെയ്തിട്ടുണ്ട്. എ‌സി‌എന്നിന്‍റെ 2023-ലെ വേൾഡ് റിലീജിയസ് ഫ്രീഡം റിപ്പോർട്ട് പ്രകാരം, ബുർക്കിന ഫാസോയില്‍ ക്രൈസ്തവര്‍ ഇസ്ലാമിക തീവ്രവാദികളില്‍ നിന്നു കനത്ത ഭീഷണിയാണ് നേരിടുന്നത്. ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ ബുർക്കിന ഫാസോയിൽ 23.33% ക്രൈസ്തവരാണുള്ളത്.


Related Articles »