India

ആർച്ച് ബിഷപ്പ് മാർ തോമസ് തറയിലിന് ഹൃദ്യമായ സ്വീകരണം

പ്രവാചകശബ്ദം 01-09-2024 - Sunday

ചങ്ങനാശേരി: ചങ്ങനാശേരി അതിരുപതയെ നയിക്കാൻ നിയുക്തനായ ആർച്ച് ബിഷപ്പ് മാർ തോമസ് തറയലിന് അതിരൂപതയുടെ ആഭിമുഖ്യത്തിൽ സ്വീകരണം. നിയുക്ത ആർച്ച്ബിഷപ്പിൻ്റെ മാതൃ ഇടവകയായ സെൻ്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിൽ ഇന്നലെ വൈകുന്നേരമാണ് സഭയുടെ കാനോനിക ക്രമമനുസരിച്ച് പ്രാർത്ഥനാനിർഭരവുമായ സ്വീകരണം ഒരുക്കിയത്. സിനഡ് സമ്മേളനം കഴിഞ്ഞ് പള്ളിയങ്കണത്തിൽ എത്തിച്ചേർന്ന നിയുക്ത ആർച്ച്ബിഷപ്പിനെയും മറ്റ് മെത്രാന്മാരെയും വാദ്യമേളങ്ങളുടെ അകമ്പടിയോടെ പ്രദക്ഷിണമായാണ് ദേവാലയത്തിൻ്റെ പ്രധാന കവാടത്തിലേക്കാനയിച്ചത്.

പ്രധാന വാതിലിൽ വികാരി റവ.ഡോ. ജോസ് കൊച്ചുപറമ്പിൽ കാനോനിക ക്രമപ്രകാരം കത്തിച്ച തിരി മാർ തോമസ് തറയിലിനു കൈമാറി ദേവാലയത്തിലേക്കു സ്വീകരിച്ചു. ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം പ്രാർത്ഥന നടത്തിയശേഷം അതിരൂപതയുടെ ഒമ്പതാമത്തെ അധ്യക്ഷനായി നിയുക്തനായ മാർ തോമസ് തറയിലിനെ ഔദ്യോഗികമായി സ്വാഗതം ചെയ്തു. ചങ്ങനാശേരി അതിരൂപതയുടെ ചരിത്രത്തിനും പാരമ്പര്യത്തിനും ചേർന്നവിധം അതിരൂപതയെ നയിക്കാനുള്ള കരുത്തും ധീരതയുമുള്ള ഇടയനാണ് മാർ തോമസ് തറയിലെന്ന് മാർ പെരുന്തോട്ടം പറഞ്ഞു.

ആർച്ച് ബിഷപ്പ് മാർ ജോർജ് കോച്ചേരി, സാഗർ ബിഷപ്പ് മാർ ജയിംസ് അത്തിക്കളം, ഗോരഖ്പുർ മുൻ ബിഷപ്പ് മാർ തോമസ് തുരുത്തിമറ്റം, ഷംഷാബാദ് സഹായ മെത്രാൻ മാർ തോമസ് പാടിയത്ത് എന്നിവർ ആശംസകൾ നേർന്നു. മാർ തോമസ് തറയിൽ മറുപടിപ്രസംഗം നടത്തി. അതിരുപതാ വികാരി ജനറാ ൾമാരായ മോൺ. ജോസഫ് വാണിയപ്പുരയ്ക്കൽ, മോൺ. ജയിംസ് പാലയ്ക്കൽ എന്നിവർ പ്രസംഗിച്ചു.


Related Articles »