News - 2024

ഭാരത ജനതയ്ക്കു ആശംസകളും പ്രാർത്ഥനയുമായി ഫ്രാന്‍സിസ് പാപ്പ

പ്രവാചകശബ്ദം 03-09-2024 - Tuesday

വത്തിക്കാന്‍ സിറ്റി: ഇന്ത്യയും പാക്കിസ്ഥാനുമുൾപ്പടെ പതിനൊന്നു രാജ്യങ്ങളുടെ തലവന്മാർക്ക് ആശംസകളുമായി ഫ്രാന്‍സിസ് പാപ്പ. റോമിൽ നിന്ന് ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാർത്തയിലേക്കുള്ള യാത്രാവേളയിലാണ് പാപ്പ ടെലഗ്രാമിലൂടെ സന്ദേശമയച്ചത്. അപ്പസ്തോലിക സന്ദര്‍ശനത്തിന്റെ ഭാഗമായി ഓരോ രാജ്യങ്ങളുടെയും വ്യോമയാന മേഖലകളിലൂടെ കടന്നുപോകുമ്പോള്‍ പാപ്പ സന്ദേശം അയയ്ക്കുന്നത് പതിവാണ്. സർവ്വശക്തനായ ദൈവം ഇന്ത്യയ്ക്ക് സമാധാനത്തിൻറെയും ക്ഷേമത്തിൻറെയും അനുഗ്രഹങ്ങൾ സമൃദ്ധമായി നൽകട്ടെയെന്ന് പാപ്പ ആശംസിച്ചു.

സെപ്റ്റംബർ 2-ന് തിങ്കളാഴ്ച തൻറെ നാല്പത്തിയഞ്ചാം വിദേശ അപ്പസ്തോലിക പര്യടനത്തിന് തുടക്കം കുറിച്ച ഫ്രാൻസിസ് പാപ്പ, റോമിൽ നിന്ന് ഇടയ സന്ദർശനത്തിന്റെ പ്രഥമ വേദിയായ ഇന്തോനേഷ്യയിലേക്കുള്ള വിമാനയാത്രാവേളയിൽ ഇന്ത്യയ്ക്കു മുകളിലൂടെ വിമാനം സഞ്ചരിക്കവേയാണ് ഭാരതത്തിൻറെ രാഷ്ട്രപതി ദ്രൌപതി മുർമുന് ടെലെഗ്രാം സന്ദേശമയച്ചത്. ഇന്ത്യയ്ക്കു പുറമെ, ഇറ്റലി, ക്രൊയേഷ്യ, ബോസ്നിയ ഹെർസഗോവീന, സെർബിയ, ബൾഗേറിയ, തുർക്കി, ഇറാൻ, പാക്കിസ്ഥാൻ, മലേഷ്യ എന്നീ രാജ്യങ്ങള്‍ക്കും പാപ്പ ആശംസ സന്ദേശം അയച്ചു.


Related Articles »