News - 2025

വെടിവെയ്‌പ് പരിശീലിക്കാൻ മാതാവിന്റെയും ഉണ്ണിയേശുവിന്റെയും ചിത്രം; സ്വിസ് രാഷ്ട്രീയ നേതാവിനെതിരെ പ്രതിഷേധം

പ്രവാചകശബ്ദം 12-09-2024 - Thursday

സൂറിച്ച്: സ്വിറ്റ്സർലൻഡില്‍ വെടിവെയ്‌പ് പരിശീലിക്കാൻ യേശു ക്രിസ്തുവിന്റെ ചിത്രം ഉപയോഗിച്ച സ്വിസ് രാഷ്ട്രീയ നേതാവിനെതിരെ പ്രതിഷേധം. സ്വിറ്റ്‌സർലൻഡിലെ ഗ്രീൻ ലിബറൽ പാർട്ടി അംഗവും സൂറിച്ച് നഗരസഭ കൗൺസിലറുമായ സാനിയ അമേതിയ്ക്കെതിരെ കനത്ത പ്രതിഷേധമാണ് ഉയരുന്നത്. 14-ാം നൂറ്റാണ്ടിലെ ഇറ്റാലിയൻ ചിത്രകാരനായ തൊമ്മാസോ ദെൽ മാസാ രചിച്ച "മറിയം ഉണ്ണിയേശുവിനുമൊപ്പം" എന്ന ചിത്രത്തിലാണ് വെടിവയ്പ്‌പ് പരിശീലിച്ചിരുന്നത്. ഉണ്ണിയേശുവിന്റെയും മറിയത്തിന്റെയും ചിത്രത്തിൽ വെടിയുണ്ട തറച്ച നിരവധി പാടുകൾ ദൃശ്യമാണ്.

1995ൽ അഭയാർത്ഥിയായി ബോസ്‌നിയ-ഹെർസ‌ഗോവിനയിൽനിന്നു സ്വിറ്റ്സർലൻഡിലെത്തിയ മുസ്‌ലിം കുടുംബത്തിലെ അംഗമാണു സാനിയ അമേതി. ഇവരുടെ വിദ്വേഷപരമായ പ്രവര്‍ത്തിയെ സ്വിസ് മെത്രാൻ സമിതി അപലപിച്ചു. സമൂഹ മാധ്യമത്തിൽ ചിത്രം പ്രത്യക്ഷപ്പെട്ട ഉടൻതന്നെ നിരവധി പേർ വിമർശനങ്ങളുമായി എത്തി. ഇതോടെ ചിത്രം പിൻവലിച്ച് അമേതി മാപ്പു പറഞ്ഞു. ഇവരെ പാർട്ടിയിൽ നിന്നു പുറത്താക്കാനുള്ള നടപടികൾ ആരംഭിച്ചതായി ഗ്രീൻ ലിബറൽ പാർട്ടി നേതാക്കൾ പറഞ്ഞു. മതവികാരത്തെ വ്രണപ്പെടുത്തിയതിന് അമേതിക്കെതിരേ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.


Related Articles »