India - 2025
കർഷകരെ ബലിയാടാക്കരുത്: ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി
പ്രവാചകശബ്ദം 25-09-2024 - Wednesday
പരിയാരം (കണ്ണൂർ): ഉദ്യോഗസ്ഥരുടെ ഇഷ്ടാനിഷ്ടങ്ങൾക്ക് കർഷകരെ ബലിയാടാക്കരുതെന്നും നിക്ഷിപ്‌തതാത്പര്യക്കാരുടെ നിർദേശങ്ങൾക്ക് സർക്കാർ വഴങ്ങിയോ എന്നു ശക്തമായി ഉയരുന്ന സംശയം ദുരീകരിക്കാൻ ഇടപെടലുകൾ ഉണ്ടാകണമെന്നും തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. ഇഎസ്എ വിഷയം സംബന്ധിച്ച് കണ്ണൂർ പരിയാരത്ത് പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ആർച്ച് ബിഷപ്പ്. കേരള സർക്കാർ കേന്ദ്രത്തിനു സമർപ്പിച്ച ഇഎസ്എ (പരിസ്ഥിതി സംവേദക മേഖല) റിപ്പോർട്ടും ഈ അടുത്തകാലത്ത് തയാറാക്കി എന്നു പറയുന്ന പുതിയ ഇഎസ്എ ജിയോ കോ-ഓർഡിനേറ്റ്‌സ് മാപ്പുകളും ബയോഡൈവേഴ്സിറ്റി ബോർഡിന്റെ വെബ്സൈറ്റിൽ ലഭ്യമാക്കണം.
കരടിൽ പറയുന്ന പ്രകാരം പൊതുജനങ്ങൾക്കു പരാതികൾ സമർപ്പിക്കാൻ തക്കവിധത്തിൽ സമയമനുവദിക്കണം. ഉമ്മൻ കമ്മിറ്റി റിപ്പോർട്ടിലെ വനവിസ്‌തീർണം സംബന്ധിച്ച അപാകത തിരുത്തി സംസ്ഥാന സർക്കാർ കേന്ദ്രത്തിനു റിപ്പോർട്ട് നൽകണം. ഇല്ലെങ്കിൽ 123 വില്ലേജുകളിലെ 1968 ജനുവരി ഒന്നിനും 1977 ജനുവരി ഒന്നിനും മുമ്പ് നൽകിയ സർക്കാർ അംഗീകൃത പട്ടയഭൂമികൾവരെ വനഭൂമിയിൽ ഉൾപ്പെട്ടുപോകു മെന്നു മാർ ജോസഫ് പാംപ്ലാനി ചൂണ്ടിക്കാട്ടി.
ആറാമത്തെ കരട് വിജ്ഞാപനത്തിൽ മാത്രം പ്രതിപാദിക്കുന്ന ഇഎസ്എയുടെ കഡസ്ട്രൽ മാപ്പുകൾ ബയോഡൈവേഴ്‌സിറ്റി ബോർഡിന്റെ വെബ്സൈറ്റിൽ ലഭ്യമല്ല. കരട് വിജ്ഞാപനത്തിനെതിരേ പരാതികൾ നൽകാൻ കഡസ്ട്രൽ മാപ്പും ജിയോ കോഓർഡിനേറ്റ്സ് മാപ്പും ജനങ്ങൾക്കു പരിശോധിക്കാൻ സൈറ്റിൽ ലഭ്യമാക്കിയ ശേഷം 60 ദിവസം പൊതുജനങ്ങൾക്ക് ആക്ഷേപം സമർപ്പിക്കാൻ അവസരം നൽകണം. ഇക്കാര്യം സംസ്ഥാനസർക്കാർ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടണം.
123 വില്ലേജുകളിലെ 13, 108 ച.കി.മീ നാച്ചുറൽ ലാൻഡ് സ്കേപ്പ് എന്നത് കേരളത്തിലെ ആകെ നാച്ചുറൽ ലാൻഡ് സ്കേപ്പിനെക്കാൾ 631 ച.കി.മീ കൂടുതലാണെന്നു കേന്ദ്രത്തെ സംസ്ഥാനം ബോധ്യപ്പെടുത്തണമെന്നും ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി ആവശ്യപ്പെട്ടു. മലയോര കർഷകർ തങ്ങളുടെ കൃഷിഭൂമി നഷ്ടമാകുമോയെന്ന ആശങ്കയിലാണ് കഴിയുന്നത്. ജിയോ കോ-ഓർഡിനേറ്റ്സ് ഉൾപ്പെട്ട യഥാർഥ മാപ്പ് ജനങ്ങൾക്കു ലഭ്യമാകുംവിധം പ്രസിദ്ധീകരിക്കുകയാണു വേണ്ടത്. ഒരായുസ് മുഴുവൻ അധ്വാനിച്ചുണ്ടാക്കിയ ഭൂമി ആർക്കും വേണ്ടാത്ത അവസ്ഥയാണിപ്പോഴുള്ളത്.
ഈ ഗതികേട് അവസാനിപ്പിക്കാൻ സർക്കാർ മുൻകൈ എടുക്കണം. നേരത്തെ ഉൾപ്പെടുത്തിയ വില്ലേജുകളിൽനിന്നു മുപ്പതോളം വില്ലേജുകൾ ഒഴിവാക്കിയിരുന്നു. സമാന മാനദണ്ഡങ്ങൾ പ്രകാരം മലബാറിലെ വില്ലേജുകളെ ഒഴിവാക്കാമായിരുന്നിട്ടും എന്തുകൊണ്ട് സർക്കാർ അതിനു തയാറായില്ലെന്നതും ആശങ്കയ്ക്കിടയാക്കുന്നുണ്ട്. നിരവധി തവണ ഈ വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. കർ ഷക പക്ഷത്തിനനുകൂലമായ നടപടി ഇടതുപക്ഷ സർക്കാരിൽനിന്നു പ്രതീക്ഷിക്കുകയാണ്. അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭത്തിലേക്കു നീങ്ങേണ്ടി വരും - ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.