News

സോഷ്യല്‍ മീഡിയയിലൂടെ ദശലക്ഷകണക്കിന് ആളുകള്‍ക്ക് ക്രിസ്തുവിനെ പകരുന്ന സന്യസ്തര്‍

പ്രവാചകശബ്ദം 28-09-2024 - Saturday

ലിമ: പുതിയ തലമുറകൾ തമ്മിലുള്ള ആശയ വിനിമയത്തിന് സോഷ്യൽ മീഡിയ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഈ കാലഘട്ടത്തിൽ, കന്യാസ്ത്രീകൾ ക്രിസ്തുവിന് സാക്ഷ്യം വഹിച്ചു നവമാധ്യമങ്ങളിലൂടെ നടത്തുന്ന ഇടപെടല്‍ ശ്രദ്ധേയമാകുന്നു. കമ്യൂണിക്കേറ്റിംഗ് സിസ്റ്റേഴ്‌സ് ഓഫ് ദി ഹെവൻലി ഫാദർ സന്യാസ സമൂഹത്തിലെ അംഗങ്ങള്‍ യേശുവിൻ്റെ സുവിശേഷത്തിൻ്റെ സന്ദേശം ദശലക്ഷക്കണക്കിന് ആളുകൾക്ക് എത്തിക്കാൻ നടത്തുന്ന ഇടപെടലുകളാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്.

ഫേസ്ബുക്കിൽ എണ്‍പത്തിയാറായിരവും ഇൻസ്റ്റാഗ്രാമിൽ അന്‍പത്തിയൊന്നായിരവും യൂട്യൂബിൽ 1,16,000 വരിക്കാരും കൊളംബിയയിൽ നിന്നുള്ള കമ്മ്യൂണിക്കേറ്റിംഗ് സിസ്റ്റേഴ്‌സിനുണ്ട്. സംഗീത വീഡിയോകൾ, കരുണയുടെ ജപമാല, സുവിശേഷത്തെക്കുറിച്ചുള്ള വിചിന്തന ചിന്തകള്‍ എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഇവരുടെ സോഷ്യല്‍ മീഡിയ ആക്റ്റിവിസം അനേകരെ സ്വാധീനിക്കുകയാണ്. EWTN സ്പാനിഷ് ചാനലില്‍ “Conecta2 en Familia” എന്ന പേരില്‍ സിസ്റ്റേഴ്സ് നടത്തുന്ന പരിപാടികള്‍ക്ക് ആയിരക്കണക്കിന് പ്രേക്ഷകരാണുള്ളത്.

ഇതോടൊപ്പം സോഷ്യല്‍ മീഡിയയിലൂടെ ഏറെ ശ്രദ്ധേയയായ വ്യക്തിയാണ് സിസ്റ്റർ ഗ്ലെൻഡ. ചിലിയിൽ നിന്നുള്ള ഈ കന്യാസ്ത്രീ സോഷ്യൽ മീഡിയയിലൂടെ ലോകത്തിൻ്റെ അപ്രതീക്ഷിത കോണുകളിലേക്ക് അവളുടെ ശബ്ദവും ഗിറ്റാറിന്റെ സ്വരമാധുര്യവും എത്തിച്ച വ്യക്തിയാണ്. തന്റെ അഗാധമായ ശൈലിയിൽ സ്തുതി ആരാധന, വ്യക്തിപരമായ പ്രാർത്ഥന എന്നിവയുടെ ഗാനങ്ങൾ ദശലക്ഷക്കണക്കിന് ആളുകളിലേക്ക് അവള്‍ എത്തിച്ചിരിന്നു.

ചിലി, അർജൻ്റീന, സ്പെയിൻ എന്നിവിടങ്ങളിൽ സേവനമനുഷ്ഠിക്കുന്ന കൺസലേഷൻ സന്യാസ സമൂഹാംഗമായിരിന്ന അവര്‍ 2008-ൽ, ബാഴ്‌സലോണയിലെ (സ്‌പെയിൻ) ടെറസ്സ രൂപതയുടെ അധികാരപരിധിയിലുള്ള 'ഓർഡോ വിർജിനത്തിൽ' ചേര്‍ന്നിരിന്നു. ഫേസ്ബുക്കിൽ 1.3 മില്യൺ, യൂട്യൂബിൽ 1.5 മില്യൺ, ഇൻസ്റ്റാഗ്രാമിൽ 121,000, ടിക് ടോക്കിൽ 67,000 എന്നീ നിലകളിലാണ് സിസ്റ്റർ ഗ്ലെൻഡയ്ക്കു സോഷ്യല്‍ മീഡിയയില്‍ ഫോളോവേഴ്സുള്ളത്. സംഗീതം മാത്രമല്ല, ധ്യാന ചിന്തകളും ദൈവവുമായുള്ള വ്യക്തിപരമായ ബന്ധം ഊഷ്മളമാക്കാന്‍ ക്ഷണിക്കുന്ന ആത്മീയ പ്രതിഫലനങ്ങളും സിസ്റ്റർ ഗ്ലെൻഡ നവമാധ്യമങ്ങളിലൂടെ പങ്കിടുന്നുണ്ട്.

കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ?


Related Articles »