News

അന്നത്തെ ഭീകരതയ്ക്കു ഇരയാകാതെ രക്ഷപ്പെട്ടത് ‘ദൈവീക ഇടപെടലില്‍': മനസ് തുറന്ന് ഹമാസ് ആക്രമണത്തിലെ അതിജീവിത

പ്രവാചകശബ്ദം 08-10-2024 - Tuesday

ജെറുസലേം: കഴിഞ്ഞ വര്‍ഷം ഒക്‌ടോബർ 7ന് ഇസ്രായേലിൽ ഹമാസ് നടത്തിയ അധിനിവേശ ആക്രമണങ്ങളില്‍ നിന്നു രക്ഷപ്പെട്ട കത്തോലിക്ക വിശ്വസിയായ ഫിലിപ്പീനി യുവതിയുടെ സാക്ഷ്യം ശ്രദ്ധ നേടുന്നു. 10 വർഷത്തിലേറെയായി ഇസ്രായേലിൽ പരിചാരകയായി ജോലി നോക്കുന്ന മുപ്പത്തിയാറുകാരിയായ ഫിലിപ്പിനോ വനിത മോണിക്ക ബിബോസോ ഗാസ അതിർത്തിയോട് ചേർന്നുള്ള കിബ്ബട്ട്സ് ബീറിയിലാണ് ജോലി ചെയ്തു വന്നിരിന്നത്. ഹമാസ് അന്ന് നടത്തിയ നരനായാട്ടില്‍ രക്ഷപ്പെട്ടത് ദൈവീക ഇടപെടലിലായിരിന്നുവെന്നും താന്‍ എപ്പോഴും പ്രാര്‍ത്ഥിക്കുമായിരിന്നുവെന്നും ആ സംരക്ഷണം തനിക്ക് ലഭിച്ചുവെന്നാണ് കരുതുന്നതെന്നും മോണിക്ക പറയുന്നു.

കാത്തലിക് ന്യൂസ് ഏജന്‍സിക്ക് അനുവദിച്ച അഭിമുഖത്തിലാണ് മോണിക്ക നിറകണ്ണുകളോടെ മനസ്സ് തുറന്നത്. അന്നു ഹമാസ് തീവ്രവാദികള്‍ വീട് വളയുകയും ജനൽച്ചില്ലുകൾ തകർക്കുകയും വീടിന് തീയിടുകയുമായിരിന്നുവെന്ന് അവര്‍ പറയുന്നു. "ആക്രമണങ്ങളുടെയും സ്ഫോടനങ്ങളുടെയും ഇടയില്‍ പൂട്ടിയിട്ടിരിക്കുന്ന ഷെല്‍ട്ടറില്‍ മുഴുവൻ സമയവും ഞാൻ ദൈവത്തോട് പ്രാർത്ഥിച്ചു, ഞങ്ങളെ സഹായിക്കൂ, ഞങ്ങളെ രക്ഷിക്കുന്നത് അസാധ്യമാണെന്ന് എനിക്കറിയാം, പക്ഷേ അവിടുത്തേക്ക് ഞങ്ങളെ രക്ഷിക്കാൻ കഴിയുമെന്ന് എനിക്കറിയാം".

"രാവിലെ 11 മണിയോടെ ഹമാസ് തീവ്രവാദികള്‍ സ്‌ഫോടകവസ്തുക്കൾ ഉപയോഗിച്ച് ദ്വാരമുണ്ടാക്കി വീടിനുള്ളിൽ അതിക്രമിച്ചു കയറി. എന്നാല്‍ അവർക്ക് ഷെല്‍ട്ടറിന്റെ വാതിൽ തുറക്കാൻ കഴിഞ്ഞില്ല. ദൈവം എന്റെ പ്രാര്‍ത്ഥന കേട്ടിരിക്കാം. ഞാൻ ഹാൻഡിൽ ഉള്ളിൽ നിന്ന് പിടിച്ചിരുന്നു. അവിടുന്നു എനിക്ക് അവിശ്വസനീയമായ ശക്തി നൽകി. തുടർന്ന് ഇവർ വീടിന് തീയിട്ടു. ഞങ്ങൾക്ക് ശ്വസിക്കാൻ കഴിയുമായിരിന്നില്ല, വളരെ ചൂടായിരുന്നു. ഞങ്ങൾക്ക് വെള്ളമോ ഭക്ഷണമോ ഒന്നുമില്ലായിരുന്നു".

"ഞങ്ങളെ സഹായിക്കാൻ ആർക്കും കഴിഞ്ഞില്ല. പക്ഷേ ഞാൻ പ്രാർത്ഥിച്ചുകൊണ്ടിരുന്നു. ഞാൻ തീര്‍ത്തൂം ദുർബലയായിരുന്നു, ശ്വസിക്കാൻ പോലും കഴിഞ്ഞിരിന്നില്ല, എന്റെ ശരീരം തറയിൽ കിടന്നു വിറയ്ക്കുകയായിരിന്നു, പക്ഷേ ഞാൻ പ്രാർത്ഥിച്ചുകൊണ്ടിരുന്നു. അവിടുന്നു കാരണമാണ് ഞാൻ രക്ഷപ്പെട്ടത്. ഞാൻ അത് ശരിക്കും വിശ്വസിക്കുന്നു. ഞാൻ ഷെല്‍ട്ടറില്‍ ഉണ്ടായിരുന്ന സമയമത്രയും അവിടുന്നു എന്നോടൊപ്പമുണ്ടായിരുന്നു. എനിക്ക് അത് അനുഭവിക്കാൻ കഴിഞ്ഞു. ദൈവമില്ലായിരുന്നെങ്കിൽ ഞാൻ ഇവിടെ ഉണ്ടാകുമായിരുന്നില്ല”.

“ഞാൻ പ്രാർത്ഥിക്കുന്നത് ഒരിക്കലും നിർത്തിയില്ല, ദൈവം അവിടെയുണ്ടെന്ന് ഞാൻ എപ്പോഴും വിശ്വസിച്ചിരുന്നു. എല്ലാ സമയത്തും, ഞാൻ ദൈവത്തോട് പ്രാർത്ഥിച്ചു, എൻ്റെ സമയം വന്നിട്ടുണ്ടെങ്കിൽ, അവിടുന്നു എൻ്റെ കുട്ടികളെയെങ്കിലും സംരക്ഷിക്കണമെന്ന് ഞാന്‍ യാചിച്ചു. പക്ഷേ ദൈവം ഇതുവരെ എന്നെ വിളിക്കാൻ ആഗ്രഹിച്ചില്ല, ഞാൻ അതിജീവിച്ചു’’ - മോണിക്ക പറയുന്നു. ദുരന്തത്തെ അതിജീവിക്കുക മാത്രമല്ല, താന്‍ പരിചരിക്കുന്ന ഡിമെൻഷ്യ ബാധിച്ച എസ്റ്റർ റോട്ട് 81 വയസ്സുള്ള വൃദ്ധ മാതാവിനെ രക്ഷപ്പെടുത്തുവാനും മോണിക്കയ്ക്കു കഴിഞ്ഞിരിന്നു.

കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ?


Related Articles »