News - 2024

വിശുദ്ധ നാടിന് വേണ്ടി സിനഡംഗങ്ങളുടെ ധനസമാഹരണം

പ്രവാചകശബ്ദം 08-10-2024 - Tuesday

വത്തിക്കാന്‍ സിറ്റി: ലോകസമാധാനത്തിനായുള്ള പ്രാർത്ഥനയുടെയും ഉപവാസത്തിന്റെയും പശ്ചാത്തലത്തിൽ വിശുദ്ധ നാടിനായി സിനഡംഗങ്ങള്‍ ധനസമാഹരണം നടത്തി. ഹമാസ് ഇസ്രായേൽ ജനതയ്ക്കെതിരെ കനത്ത ആക്രമണം നടത്തുകയും അനേകരെ വധിക്കുകയും ചെയ്തതിൻറെ വാർഷികദിനത്തിൽ ഫ്രാൻസിസ് പാപ്പായുടെ ആഹ്വാനപ്രകാരം ആചരിക്കപ്പെട്ട ഉപവാസ പ്രാർത്ഥനാദിനത്തോട് അനുബന്ധിച്ചാണ് ധനസമാഹരണം നടത്തിയത്. ദാനധർമ്മമില്ലാതെ പ്രാർത്ഥനയും ഉപവാസവുമില്ലായെന്ന് ധനസമാഹരണത്തെ സംബന്ധിച്ച് പാപ്പായുടെ ഉപവിപ്രവർത്തന വിഭാഗം പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു. കിട്ടുന്ന തുക മുഴുവനും ഗാസ ഇടവകവികാരിക്ക് നേരിട്ട് അയച്ചുകൊടുക്കുമെന്നും വത്തിക്കാന്‍ അറിയിച്ചു.

രൂപത, ഭൂഖണ്ഡം, സാർവ്വത്രികം എന്നീ മൂന്നു തലങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന മെത്രാന്മാരുടെ സിനഡുസമ്മേളനത്തിന് 2021-ലാണ് തുടക്കമായത്. രൂപതാതലത്തിൽ നടന്ന സിനഡു സമ്മേളനം 2021 ഒക്ടോബർ 17- 2022 ഏപ്രിൽ കാലയളവിലാണ് നടന്നത്. സിനഡിന്റെ ആദ്യഘട്ട സമ്മേളനം കഴിഞ്ഞ വര്‍ഷം ഒക്ടോബർ 4ന് ആരംഭിച്ച് 29നു സമാപിച്ചിരിന്നു. മെത്രാന്മാരുടെ സിനഡിൻറെ പതിനാറാം സാധാരണ സമ്മേളനത്തിൻറെ രണ്ടാംഘട്ടത്തിന് ഇക്കഴിഞ്ഞ ഒക്ടോബർ 2 ബുധനാഴ്ച വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരത്തിൽ അർപ്പിക്കപ്പെടുന്ന സമൂഹ ദിവ്യബലിയോടെയാണ് തുടക്കമായത്.


Related Articles »