Thursday Mirror - 2024

"ജപമാലയുടെ പാപ്പ" എന്നറിയപ്പെടുന്ന പത്രോസിന്റെ പിന്‍ഗാമി

ജിൽസ ജോയ് 10-10-2024 - Thursday

ഒക്ടോബർ ജപമാലമാസമായി പ്രഖ്യാപിച്ച, പന്ത്രണ്ടോളം ചാക്രികലേഖനങ്ങൾ ജപമാലയെക്കുറിച്ചു തന്നെ എഴുതിയിട്ടുള്ള, ജപമാലയുടെ പാപ്പ എന്നറിയപ്പെടുന്ന പത്രോസിന്റെ പിന്‍ഗാമിയാണ് ലിയോ പതിമൂന്നാമൻ പാപ്പ.

‘Psalter of Our Lady’ (കന്യാമറിയത്തിന്റെ സങ്കീർത്തനസംഹിത) എന്ന് മാർപാപ്പമാർ വിളിച്ച ജപമാലപ്രാർത്ഥന എത്രത്തോളം നമുക്ക് സഹായകരമാണ് എന്ന് വിശദീകരിച്ചെഴുതിയ പാപ്പയുടെ പന്ത്രണ്ട് ചാക്രികലേഖനങ്ങളിൽ, മിക്കതും സെപ്റ്റംബർ മാസത്തിലെഴുതിയവയാണ്. വരാൻ പോകുന്ന ജപമാലമാസ ആചരണത്തിന്റെ സ്നേഹപൂർവ്വമായ ഓർമ്മപ്പെടുത്തൽ , നിർദ്ദേശങ്ങൾ, ജപമാലകൾ ആത്മവിശ്വാസത്തോടെ ചൊല്ലാനുള്ള ആഹ്വാനങ്ങൾ, പരിശുദ്ധ അമ്മയുടെ മാധ്യസ്ഥത്തിലുള്ള ആത്മവിശ്വാസം…. ഇതൊക്കെയുമായി.

ജപമാല പരിശുദ്ധ അമ്മയുടെ നേർക്ക് മാത്രമുള്ള ഒരു ഭക്ത അഭ്യാസമായിട്ടല്ല പാപ്പ ഈ ചാക്രിക ലേഖനങ്ങളിൽ കാണിച്ചിരിക്കുന്നത്. മറിച്ച്, ക്രിസ്തു ജപമാലയിൽ വ്യക്തമായി സന്നിഹിതനാണെന്ന് പറഞ്ഞിരിക്കുന്നു. നമ്മൾ ധ്യാനത്തിൽ അവിടുത്തെ ജീവിതം കാണുന്നു, അവിടുന്ന് സന്തോഷത്തിൽ കഴിഞ്ഞ രഹസ്യജീവിതമായാലും അത്യധികമായ കഠിനാധ്വാനവും മരണത്തോളമെത്തുന്ന പീഡാസഹനങ്ങളുള്ള പരസ്യജീവിതം ആയാലും പിതാവിന്റെ വലതുവശത്ത് എന്നേക്കും ഉപവിഷ്ടനാകാനുള്ള വിജയകരമായ ഉത്ഥാനം മൂലമുള്ള മഹത്വപൂർണ്ണമായ ജീവിതമായാലും.

‘ദൈവമാതാവിന്റെ നാമത്തിൻ കീഴിൽ നടത്തപ്പെടുന്ന പ്രാർത്ഥനയുദ്ധം’, എന്ന ജപമാല, പ്രധാനമായും ക്രിസ്തുരാജ്യം നമ്മിൽ വരുന്നതിനും വിസ്തൃതമാകുന്നതിനും വേണ്ടിയുള്ളതാണ് എന്ന വസ്തുത ഈ ലേഖനങ്ങളിലൂടെ കടന്നുപോകുമ്പോൾ നമ്മൾ ഓർമ്മിച്ചു കൊണ്ടിരിക്കും. “ക്രിസ്തു വിശ്വാസത്തിന്റെ പ്രധാന രഹസ്യങ്ങൾ അവതരിപ്പിക്കാനും അവയെ മനസ്സിൽ പതിക്കാനുമുള്ള എളുപ്പമാർഗ്ഗമാണ് കൊന്തനമസ്കാരം” (-മഹിതയായ ദൈവമാതാവ് ).

ജീവിതസായാഹ്നത്തിലും, തനിക്കേൽപ്പിക്കപ്പെട്ട മക്കളോട് കൊന്തനമസ്കാരത്തിന്റെ ആവശ്യകതയെക്കുറിച്ച് പറഞ്ഞുകൊണ്ടിരുന്ന പാപ്പ, തന്റെ അവസാന ലേഖനങ്ങളിലൊന്നിൽ ഇങ്ങനെ എഴുതി,

“അതുകൊണ്ട് അയോഗ്യനാണെങ്കിലും ഭൂമിയിൽ ക്രിസ്തുവിന്റെ വികാരിയുടെ സ്ഥാനം വഹിക്കുന്ന ഞാൻ, ജീവിച്ചിരിക്കുന്നിടത്തോളം കാലം ഇത്ര മഹിമയുള്ള ആ അമ്മയുടെ മഹത്വം വളർത്തുന്നതിൽ നിന്ന് ഒരിക്കലും വിരമിക്കുകയില്ല. എനിക്ക് വാർദ്ധക്യം വേഗം സമീപിച്ചു കൊണ്ടിരിക്കുകയാൽ ഏറെക്കാലം ജീവിക്കാനാകുമെന്ന് തോന്നുന്നില്ല. അതുകൊണ്ട്, ക്രിസ്തുവിൽ വാത്സല്യഭാജനങ്ങളായ എല്ലാ മക്കളോടും ഒരു ഉടമ്പടിയെന്ന നിലയിൽ ക്രിസ്തു കുരിശിൽ കിടന്നു പറഞ്ഞ അവസാനവാക്കുകൾ ആവർത്തിക്കാൻ ഞാൻ സ്വയം നിർബന്ധിതമാകുന്നു. ‘ ഇതാ നിന്റെ അമ്മ ‘ എന്നാണ് ആ വാക്കുകൾ”.

പാപ്പ ഇടയ്ക്കിടെ ലേഖനങ്ങളിൽ ആവർത്തിച്ചിട്ടുള്ള ഒരു യാചനയുണ്ട്, “മറിയമേ, നീ ഞങ്ങളുടെ അമ്മയാണെന്ന് സ്വയം വ്യക്‌തമാക്കണമേ. ഞങ്ങൾക്ക് വേണ്ടി ജനിക്കുകയും നിന്റെ പുത്രനായിരിക്കാൻ സമ്മതിക്കുകയും ചെയ്തവൻ ഞങ്ങളുടെ പ്രാർത്ഥന സ്വീകരിക്കാൻ ഇടയാക്കണമേ”... എത്ര സുന്ദരമായ പ്രാർത്ഥനയാണ്.

പരിശുദ്ധ അമ്മയോടുള്ള പാപ്പയുടെ ഒരു പ്രാർത്ഥന എഴുതി അവസാനിപ്പിക്കാം.

“അജപാലകരും അജഗണങ്ങളുമെല്ലാം ഒന്നുപോലെ തികഞ്ഞ ആത്മവിശ്വാസത്തോടെ, പ്രത്യേകിച്ച് ഒക്ടോബർ മാസത്തിൽ, മഹാകന്യകയുടെ സംരക്ഷണത്തിലേക്ക് പറന്നെത്തട്ടെ. അവളുടെ പേര് വിളിച്ചു പ്രാർത്ഥിക്കുന്നതിൽ ആരും പരാജയപ്പെടാതിരിക്കട്ടെ. ദൈവമാതാവെന്ന നിലയിൽ, അവളോട് ഒരേ സ്വരത്തിൽ, സമൂഹമായും വ്യക്തിപരമായും പ്രാർത്ഥിക്കട്ടെ. സ്തുതി കൊണ്ടും യാചന കൊണ്ടും ആഗ്രഹത്തിന്റെ തീക്ഷ്‌ണത കൊണ്ടും ഇങ്ങനെ വിളിച്ചു പ്രാർത്ഥിക്കട്ടെ, ‘ നീ ഞങ്ങളുടെ അമ്മയാണെന്ന് സ്വയം വ്യക്തമാക്കണമേ. അവളുടെ മാതൃസഹജമായ സഹതാപം ഓരോ അപകടത്തിലും നിന്ന് നമ്മുടെ കുടുംബങ്ങളെ സുരക്ഷിതമായി കാത്തുകൊള്ളട്ടെ. അവരെ യഥാർത്ഥ അഭിവൃദ്ധിയുടെ പാതയിൽ നയിക്കട്ടെ. സർവ്വോപരി അവരിൽ വിശുദ്ധമായ ഐക്യം സ്ഥാപിക്കട്ടെ…. ’’ (സഹായദായിക ).

ഒക്ടോബർ മാസത്തെ ജപമാലമാസമെന്ന് പേരിട്ട് സ്വർഗ്ഗറാണിക്ക് പ്രതിഷ്ഠിച്ച, പരിശുദ്ധ ജപമാലയുടെ രാജ്ഞി എന്ന് ലുത്തിനിയയിൽ കൂട്ടിച്ചേർത്ത ലിയോ പതിമൂന്നാമൻ പാപ്പ പറയും പോലെ…നമുക്ക് ആത്മവിശ്വാസത്തോടെ തന്നെ ആ റാണിയെ വിളിച്ചപേക്ഷിക്കാം. അവൾ നമ്മുടെ ‘അമ്മയും മധ്യസ്ഥയുമല്ലേ?’ ‘ലോകം മുഴുവനും വേണ്ടി പരിഹാരം ചെയ്യുന്നവളല്ലേ?’’ ‘സർവ്വസ്വർഗീയ ദാനങ്ങളുടെയും വിതരണക്കാരി’ അല്ലേ?

ജിൽസ ജോയ്


Related Articles »