News

മൂന്നേകാല്‍ പതിറ്റാണ്ടിന് ശേഷം ഇന്തോനേഷ്യയിലെ ലുബാംഗില്‍ കത്തോലിക്ക ദേവാലയം യാഥാര്‍ത്ഥ്യമായി

പ്രവാചകശബ്ദം 14-10-2024 - Monday

ജക്കാര്‍ത്ത: പ്രാദേശിക മുസ്ലീങ്ങളുടെ എതിർപ്പിനെത്തുടർന്ന് 33 വർഷത്തെ കാത്തിരിപ്പിന് ശേഷം ഇന്തോനേഷ്യയിലെ ജക്കാർത്ത അതിരൂപതയില്‍ ഇടവക ദേവാലയം ഒടുവില്‍ യാഥാര്‍ത്ഥ്യമായി. 25 വൈദികരുടെയും ആയിരക്കണക്കിന് വിശ്വാസികളുടെയും സാന്നിധ്യത്തില്‍ കിഴക്കൻ ജക്കാർത്ത സിറ്റിയിലെ ലുബാംഗ് ബുവായയിൽ കാൽവരി കത്തോലിക്കാ ദേവാലയത്തിന്റെ കൂദാശ നടന്നു. തിരുക്കര്‍മ്മങ്ങള്‍ക്കു ജക്കാര്‍ത്ത മെത്രാപ്പോലീത്ത കര്‍ദ്ദിനാള്‍ ഇഗ്നേഷ്യസ് സുഹാര്യോ മുഖ്യകാര്‍മ്മികത്വം വഹിച്ചു.

ഇത് പാഴായ സമയമല്ലായെന്നും ദേവാലയത്തിന് വേണ്ടിയുള്ള നീണ്ട കാത്തിരിപ്പിനെ വിശ്വാസത്തിന്റെ വീക്ഷണകോണിൽ നിന്നാണ് സഭ കാണുന്നതെന്നും കര്‍ദ്ദിനാള്‍ ഇഗ്നേഷ്യസ് പറഞ്ഞു. 1987-ല്‍ അന്നത്തെ ജക്കാര്‍ത്ത മെത്രാപ്പോലീത്തയും ജെസ്യൂട്ട് സമൂഹാംഗവുമായ ലിയോ സുകോട്ടോയാണ് ഗാംബിര്‍ ഉപജില്ലയിലെ ഔര്‍ ലേഡി ഓഫ് സേക്രഡ് ഹാര്‍ട്ട് ഇടവകയുടെ മേല്‍നോട്ടത്തിലുണ്ടായിരുന്ന മിഷന്‍ കേന്ദ്രത്തെ ‘ക്രൈസ്റ്റ്’സ് പീസ്‌’ ഇടവകയാക്കി മാറ്റിയത്. എന്നാല്‍ ദേവാലയ നിര്‍മ്മാണത്തിനുള്ള അനുമതി ലഭിക്കാതിരുന്നതിനാല്‍ കാത്തലിക് സ്കൂള്‍ ഫൗണ്ടേഷന്റെ ഉടമസ്ഥതയിലുള്ള ഒരു ഹാളിലായിരുന്നു ഞായറാഴ്ച കുര്‍ബാനയും മറ്റ് പ്രവര്‍ത്തനങ്ങളും നടത്തിയിരുന്നത്.

1991 മുതൽ കെട്ടിട നിര്‍മ്മാണത്തിന് അനുമതി ലഭിക്കാൻ ഇടവക ഏറെ കഷ്ട്ടപെടുകയായിരുന്നു. മൊത്തം ഭൂവിസ്തൃതിയുടെ 40 ശതമാനം തുറസ്സായ സ്ഥലമായി നൽകണമെന്ന സർക്കാർ മാനദണ്ഡം പാലിക്കാൻ അധിക ഭൂമി വാങ്ങിയെങ്കിലും ഫലം കണ്ടില്ല. ഇതിനിടെ ദേവാലയ നിര്‍മ്മാണത്തിനെതിരെ മുസ്ലീം സംഘടനകൾ രംഗത്തെത്തിയിരുന്നു. നിലവില്‍ നിരോധിക്കപ്പെട്ടിരിക്കുന്ന ഒരു തീവ്ര ഇസ്ലാമിക സംഘടന വിശുദ്ധ കുര്‍ബാന അര്‍പ്പണം ഉള്‍പ്പെടെയുള്ള ഹാളിലെ വിശ്വാസപരമായ പ്രവര്‍ത്തനങ്ങളോട് എതിര്‍പ്പ് പ്രകടിപ്പിച്ചതിനെ തുടര്‍ന്നു 2013-ല്‍ അതിനും അനുമതി നിഷേധിച്ചിരിന്നു. ഒടുവില്‍ 2021-ൽ, ജക്കാർത്ത ഗവർണർ അനീസ് റസിദ് ബസ്വേദനിൽ നിന്നാണ് ദേവാലയ നിര്‍മ്മാണത്തിന് പെർമിറ്റ് ലഭിച്ചത്.

ഇന്തോനേഷ്യയില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് വിലങ്ങുതടിയായി ചിലയിടങ്ങളില്‍ പ്രാദേശിക ഇസ്ലാം മതസ്ഥര്‍ നിലകൊള്ളുന്നത് ഒറ്റപ്പെട്ട സംഭവമല്ല. ഇന്തോനേഷ്യയിലെ ബാൻഡൻ പ്രവിശ്യയിൽ സിലേഡുഗ് ഉപജില്ലയിൽ സ്ഥിതിചെയ്യുന്ന സാൻങ് തിമൂർ കത്തോലിക്ക വിദ്യാലയത്തിൽ 1992 മുതൽ എല്ലാ ആഴ്ചയും വിശുദ്ധ കുർബാന അർപ്പിക്കപ്പെട്ടിരുന്നു. എന്നാല്‍ ഒരു ദേവാലയം എന്നത് ഇവിടെ സ്വപ്നമായി തുടര്‍ന്നിരിന്നു. പിനാങ്ങിൽ ദേവാലയത്തിനു വേണ്ടിയുള്ള അധികൃതരുടെ കെട്ടിടാനുമതി ലഭിക്കുന്നതിന് വേണ്ടി മൂന്നു പതിറ്റാണ്ടോളം നീണ്ട കാത്തിരിപ്പാണ് ഉണ്ടായത്. പ്രദേശത്തെ തീവ്ര മുസ്ലിം വിഭാഗക്കാരുടെ എതിർപ്പിനെ തുടർന്നാണ് അനുമതി ലഭിക്കാൻ താമസം നേരിട്ടത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ ഇവിടെ ദേവാലയം കൂദാശ ചെയ്തിരിന്നു.


Related Articles »