News

ലോകമെമ്പാടും ക്രൈസ്തവര്‍ക്ക് നേരെയുള്ള പീഡനത്തില്‍ വര്‍ദ്ധനവ്; പുതിയ റിപ്പോര്‍ട്ടുമായി എ‌സി‌എന്‍

പ്രവാചകശബ്ദം 23-10-2024 - Wednesday

ലണ്ടന്‍: കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ക്ക് നേരെയുള്ള പീഡനം കൂടുതൽ വഷളായതായി റിപ്പോര്‍ട്ട്. പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എയിഡ് ടു ദ ചർച്ച് ഇൻ നീഡ് (ACN) ഇന്നലെ ഒക്‌ടോബർ 22നു പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ക്രൈസ്തവ വിരുദ്ധ പീഡനം രൂക്ഷമായതിന്റെ വിവരങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇസ്ലാമിക തീവ്രവാദികള്‍, ഭരണകൂട അടിച്ചമർത്തൽ, ക്രിമിനൽ സംഘങ്ങളും തീവ്രവാദികളും നടത്തിയ ആക്രമണങ്ങള്‍ തുടങ്ങിയ നിരവധി അതിക്രമങ്ങളാണ് ക്രൈസ്തവ വിരുദ്ധ പീഡനത്തിന് കാരണമായി സംഘടന ചൂണ്ടിക്കാട്ടുന്നത്.

ബുർക്കിനഫാസോ, നൈജീരിയ, മൊസാംബിക്ക് ഉള്‍പ്പെടെ ആറ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഇസ്ലാമിക തീവ്രവാദികളുടെ അക്രമം വർദ്ധിച്ചതായി എയിഡ് ടു ദ ചർച്ച് ഇൻ നീഡ് പറയുന്നു. 2022 ആഗസ്ത് മുതൽ 2024 ജൂൺ വരെയുള്ള വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള റിപ്പോർട്ടില്‍ സർവേയിൽ പങ്കെടുത്ത 60% രാജ്യങ്ങളിലും ക്രൈസ്തവര്‍ക്ക് നേരെയുള്ള മനുഷ്യാവകാശ ലംഘനങ്ങൾ വർദ്ധിച്ചതായി വ്യക്തമാണ്. സഹേൽ മേഖലയിലാകെ വലിയ രീതിയിലുള്ള തീവ്രവാദ അക്രമമാണ് നടക്കുന്നത്.

ലോകത്തിൻ്റെ പല ഭാഗങ്ങളിലും സ്ഥിതി സമാനമാണ്. സ്വേച്ഛാധിപത്യ ഭരണകൂടങ്ങൾ ഭരണകൂടത്തിന്റെയോ പ്രാദേശിക സമൂഹത്തിന്റെയോ ശത്രുക്കളായാണ് ക്രൈസ്തവരെ കാണുന്നത്. ഇന്ത്യ, ചൈന, എറിത്രിയ, ഇറാൻ തുടങ്ങിയ രാജ്യങ്ങളിലെ ഭരണകൂടങ്ങള്‍ അടിച്ചമർത്തൽ നടപടികളിലൂടെ ക്രൈസ്തവരെ ലക്ഷ്യമിടുന്നുണ്ടെന്നും ഭാരതത്തില്‍ ക്രൈസ്തവര്‍ക്ക് നേരെ 720 ആക്രമണങ്ങള്‍ കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും 2023-ൽ ഇത് 599 ആയിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങളിൽ നിലനിൽക്കുന്ന "മതനിന്ദ നിയമങ്ങൾ" ക്രൈസ്തവര്‍ക്ക് വലിയ ഭീഷണിയാകുന്നുണ്ട്. പ്രത്യേകിച്ച് പാകിസ്ഥാനിൽ. അതേസമയം സൗദി അറേബ്യയിൽ ഇസ്ലാമില്‍ നിന്ന് ക്രൈസ്തവ വിശ്വാസത്തിലേക്ക് പരിവർത്തനം ചെയ്യുന്നത് കർശനമായി നിരോധിച്ചിരിക്കുകയാണ്. പരിവർത്തനം നടന്നാല്‍ ജീവനെടുക്കുന്ന സാഹചര്യവും നിലനില്‍ക്കുന്നുണ്ട്. തട്ടിക്കൊണ്ടുപോകൽ, ലൈംഗികാതിക്രമം, നിർബന്ധിത വിവാഹം, നിർബന്ധിത മതപരിവർത്തനം എന്നിവയ്ക്ക് വിധേയരായ നിരവധി ക്രിസ്ത്യൻ പെൺകുട്ടികളുണ്ട്. ആഭ്യന്തരയുദ്ധത്താൽ തകർന്ന സിറിയയിലെ ക്രൈസ്തവ ജനസംഖ്യ 1.5 ദശലക്ഷത്തിൽ നിന്ന് 250,000 ആയി കുറഞ്ഞുവെന്നും ഇസ്ലാമിക് സ്റ്റേറ്റ് നടത്തിയ ക്രൂരതയ്ക്കിടയിൽ ഇറാഖിലും സമാനമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ?


Related Articles »