News - 2024
പാക്കിസ്ഥാനില്‍ അടിച്ചമര്‍ത്തലിന് ഇരയായ ക്രൈസ്തവര്‍ക്ക് അടിയന്തര സഹായവുമായി എസിഎന്‍
പ്രവാചകശബ്ദം 29-09-2023 - Friday
ലാഹോര്‍: പാക്കിസ്ഥാനില്‍ മതപീഡനത്തിന് ഇരയായ ക്രിസ്ത്യൻ സമൂഹത്തിന് അടിയന്തര മാനുഷിക സഹായം വാഗ്ദാനം ചെയ്ത് പൊന്തിഫിക്കൽ സന്നദ്ധ സംഘടനയായ എയിഡ് ടു ചർച്ച് ഇൻ നീഡ് (എസിഎൻ). ആഗസ്റ്റ് 16 ന്, രണ്ട് ക്രൈസ്തവര്‍ ഖുറാനെ നിന്ദിച്ചുവെന്നാരോപിച്ച് ജരൻവാല നഗരത്തിൽ ക്രൈസ്തവ വിരുദ്ധ കലാപം അരങ്ങേറിയിരിന്നു. നൂറുകണക്കിന് വീടുകളും നിരവധി ക്രൈസ്തവ ദേവാലയങ്ങളുമാണ് അക്രമികള്‍ അന്നു അഗ്നിയ്ക്കിരയാക്കിയത്. 464 ക്രൈസ്തവ കുടുംബങ്ങൾക്കു തകർന്ന വീടുകൾ ഉപേക്ഷിക്കാൻ നിർബന്ധിതരായിരിന്നു. ഈ കുടുംബങ്ങൾക്ക് ഉള്‍പ്പെടെയാണ് എസിഎന്‍ അടിയന്തര സഹായം ലഭ്യമാക്കിയിരിക്കുന്നത്.
വസ്ത്രങ്ങൾ, വീട്ടുപകരണങ്ങൾ, കട്ടിലുകള്‍, മെത്തകൾ, സ്‌കൂൾ കുട്ടികൾക്കു പഠനാനാവശ്യത്തിനുള്ള സ്റ്റേഷനറികൾ, കൂടാതെ ആക്രമണത്തിൽ വാഹനങ്ങൾ നശിച്ച ടാക്സി ഡ്രൈവര്‍മാര്‍ക്ക് മുചക്ര വാഹനങ്ങൾ, മോട്ടോർ സൈക്കിളുകൾ എന്നിവയും എയിഡ് ടു ചർച്ച് ഇൻ നീഡ് ലഭ്യമാക്കും. ജരൻവാല പ്രദേശം ഉൾപ്പെടുന്ന ഫൈസലാബാദ് രൂപത വഴിയാണ് സഹായം ലഭ്യമാക്കുക. അതീവ ദുരിതബാധിതരായ കുടുംബങ്ങൾക്ക് ഉടൻ സഹായം നൽകാനും ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ വിവിധ പദ്ധതികളും ആവിഷ്കരിച്ചിട്ടുണ്ട്.
വളരെയധികം ബുദ്ധിമുട്ടുകൾക്കിടയിൽ പ്രതിസന്ധി അതിജീവിക്കാൻ പോരാടുന്ന പാക്ക് ക്രൈസ്തവരുടെ ജീവിതം ഗുരുതരമായ അപകടത്തിലാണെന്ന് ഫൈസലാബാദ് ബിഷപ്പ് ബിഷപ്പ് ഇന്ദ്രിയാസ് റഹ്മത്ത് എസിഎന്നിനോട് പറഞ്ഞു. പ്രതിസന്ധി ലഘൂകരിക്കുന്നതിന് സഹായ ഇടപെടലുകള്‍ നടത്തുന്ന പൊന്തിഫിക്കൽ ഫൗണ്ടേഷനും മറ്റ് സന്നദ്ധ സംഘടനകള്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു. ഇതിനിടെ ജരൻവാലയിലെ പൂർണ്ണമായും കത്തിനശിച്ച വീടുകളും ദേവാലയങ്ങളും നവീകരിക്കുന്നതിനുള്ള സഹായം ലഭ്യമാക്കാന്‍ തയാറാണെന്ന് എസിഎൻ പ്രോജക്ട് ഡയറക്ടർ ആർക്കോ മെൻകാഗ്ലിയ പറഞ്ഞു. നേരത്തെ ഇസ്ലാമിക തീവ്രവാദികള്‍ തകര്‍ത്ത ക്രൈസ്തവ ദേവാലയങ്ങളും ഭവനങ്ങളും പുനരുദ്ധരിക്കുമെന്ന് സര്‍ക്കാരും വ്യക്തമാക്കിയിരിന്നു.