News - 2024

മാർ ജോസഫ് സ്രാമ്പിക്കൽ തന്റെ ആപ്ത വാക്യം തിരഞ്ഞെടുത്തു; ഔദ്യോഗിക ലോഗോ പുറത്തിറങ്ങി

സ്വന്തം ലേഖകന്‍ 30-08-2016 - Tuesday

ലണ്ടൻ: ഇംഗ്ലണ്ടിലെ പ്രിസ്റ്റണിൽ സീറോ മലബാർ രൂപതയുടെ സ്ഥാപനവും മെത്രാഭിഷേകവും ഒക്ടോബര്‍ 9നു നടക്കാനിരിക്കെ നിയുക്ത മെത്രാൻ മാർ ജോസഫ് സ്രാമ്പിക്കൽ തന്റെ പുതിയ ശുശ്രൂഷക്കായി ആപ്തവാക്യം തിരഞ്ഞെടുത്തു. വി. പൗലോസ് ശ്ലീഹ തിമോത്തിയോസിന് എഴുതിയ രണ്ടാം ലേഖനം നാലാം അദ്ധ്യായം അഞ്ചാം വാക്യത്തിൽ പറഞ്ഞിരിക്കുന്ന "സുവിശേഷകന്റെ ജോലി ചെയ്യുക" എന്നതാണ് ആപ്ത വാക്യം.

ബ്രിട്ടനിലെ സാമൂഹ്യ രാഷ്ട്രീയ പശ്ചാത്തലവും, വിശുദ്ധ ഗ്രന്ഥത്തിന്റെയും സഭാ പാരമ്പര്യങ്ങളുടെയും, വെളിച്ചത്തിലും രൂപകൽപന ചെയ്ത ഔദ്യോഗിക ലോഗോയും പുറത്തിറങ്ങി. മെത്രാൻ സ്ഥാനത്തേക്ക് ഉയർത്തപ്പെടുന്നവർ തങ്ങൾ സ്വീകരിക്കുന്ന ആദര്‍ശ വാക്യത്തെ മുൻനിർത്തിയാണ് ശുശ്രൂഷകൾക്ക് രൂപം നൽകുന്നത്. ഈ ആദർശ വാക്യങ്ങൾ എപ്പോളും വിശുദ്ധ ഗ്രന്ഥത്തിലെ ഒരു ഭാഗമായിരിക്കും. ഈശോയും ശ്ലീഹന്മാരും ചെയ്ത ശുശ്രൂഷയുടെ തുടർച്ചയാണ് തങ്ങളും ചെയ്യുന്നത് എന്ന് ഇതിലൂടെ അവർ ലോകത്തോട് പറയുന്നു.

പുതുതായി രൂപകൽപ്പന ചെയ്‌ത ലോഗോ നിലവിൽ വരുന്നതോടെ രൂപതയിൽ നിന്നും ഔദ്യോഗികമായി നൽകപ്പെടുന്ന എല്ലാ ഉത്തരവുകളിലും രേഖകളിലും പുതിയ മുദ്ര ഔദ്യോഗികമായി ചാർത്തപ്പെടും. ഒക്ടോബർ ഒൻപതിന് പ്രിസ്റ്റണിൽ വച്ചാണ് രൂപതയുടെ സ്ഥാപനവും മെത്രാഭിഷേക ശുശ്രൂഷകളും നടക്കുക. യു കെയുടെ വിവിധ സ്ഥലങ്ങളിൽ നിന്നുൾപ്പെടെ അനേകായിരം വിശ്വാസികൾ എത്തിച്ചേരുന്ന ഈ ചടങ്ങുകൾ ഏറെ മനോഹരമാക്കുന്നതിനു വേണ്ടി വിവിധ തലങ്ങളിൽ ഉള്ള പ്രവർത്തങ്ങൾ നടന്നു വരികയാണ്.

ഒക്ടോബർ ഒൻപതാം തിയതി ഞായറാഴ്ച ഉച്ചയ്ക്ക് ചടങ്ങുകൾ ആരംഭിക്കും. സീറോ മലബാർ സഭാ മേലധ്യക്ഷനായ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യ കാർമികത്വത്തിലാവും ചടങ്ങുകൾ. കേരളത്തിലെ വിവിധ രൂപതകളിലെ മെത്രാന്മാരും വൈദിക പ്രതിനിധികളും ചടങ്ങിൽ സംബന്ധിക്കാനെത്തുന്നുണ്ട്. പുതിയ പ്രേഷിത ദൗത്യം ഏറ്റെടുക്കുന്നതിനായി നിയുക്ത മെത്രാൻ മാർ ജോസഫ് സ്രാമ്പിക്കൽ സെപ്റ്റംബർ 18ന് യുകെയിലെത്തും. മാഞ്ചസ്റ്റർ വിമാനത്താവളത്തിൽ ബിഷപ്പിന് ഊഷ്മള സ്വീകരണം നൽകും. സ്ഥാനാരോഹണത്തിനു മുമ്പുതന്നെ ഇംഗ്ലണ്ടിലെയും വെയിൽസിലെയും സ്കോട്ട്ലൻഡിലെയും വിവിധ ബിഷപ്പുമാരുമായും വൈദികരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.

SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക