News - 2024

വിശുദ്ധ ജോണ്‍ ലാറ്ററന്‍ ബസിലിക്കയ്ക്കു പുതിയ ആര്‍ച്ച് പ്രീസ്റ്റ്

പ്രവാചകശബ്ദം 26-10-2024 - Saturday

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് പാപ്പ അധ്യക്ഷനായ റോം രൂപതയുടെ ഭദ്രാസന ദേവാലയമായ വിശുദ്ധ ജോണ്‍ ലാറ്ററന്‍ ബസിലിക്കയ്ക്കു പുതിയ ആര്‍ച്ച് പ്രീസ്റ്റ്. റോം രൂപതയുടെ വികാരി ജനറല്‍ മോൺസിഞ്ഞോർ റെയ്‌ന ബാൽദാസരെയേയാണ് വിശുദ്ധ ജോൺ ലാറ്ററൻ ബസിലിക്കയുടെ പുതിയ ആര്‍ച്ച് പ്രീസ്റ്റായി ഫ്രാൻസിസ് പാപ്പ നിയമിച്ചിരിക്കുന്നത്.

ഫ്രാന്‍സിസ് പാപ്പ പുതുതായി പ്രഖ്യാപിച്ച 21 അംഗ കര്‍ദ്ദിനാള്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട വ്യക്തിയാണ് ഇറ്റാലിയന്‍ സ്വദേശിയായ മോൺസിഞ്ഞോർ റെയ്‌ന. റോമ നഗരത്തിലും ലോകത്തിലുമുള്ള എല്ലാ ദേവാലയങ്ങളുടെയും “മാതൃദേവാലയം” എന്നു വിശുദ്ധ ജോണ്‍ ലാറ്ററന്‍ ബസിലിക്ക അറിയപ്പെടുന്നുണ്ട്. ബസിലിക്കകളില്‍ പ്രഥമ സ്ഥാനമുള്ള ജോണ്‍ ലാറ്ററന്‍ ബസിലിക്കയുടെ അധിപന്‍, റോമ രൂപതയുടെ മെത്രാന്‍ കൂടിയായ പാപ്പയാണ്.

ആഗോള കത്തോലിക്കസഭയുടെ തലവന്‍ എന്ന നിലയില്‍ ഫ്രാന്‍സിസ് പാപ്പ വത്തിക്കാനിലാണ് വസിക്കുന്നതെങ്കിലും പാപ്പ മെത്രാനായുള്ള റോം രൂപതയുടെ കത്തീഡ്രല്‍ ദേവാലയം വത്തിക്കാന്‍ നഗരത്തിനു പുറത്ത്, 7 കിലോമീറ്ററോളം അകലെയായാണ് സ്ഥിതി ചെയ്യുന്നത്. 460 അടി നീളവും, വീതി 240 അടിയുമുള്ള ദേവാലയം സ്നാപക യോഹന്നാന്‍റെ നാമത്തിലാണ് പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നത്.

കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ?




Related Articles »